ന്യൂഡൽഹി:പുതുതായി ഭേദഗതി ചെയ്‌ത ക്രിമിനൽ നിയമ ബില്ലുകൾക്കെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചു. ഭാരതീയ ന്യായ സൻഹിത, 2023, ഭാരതീയ സാക്ഷ്യ അധീനിയം, 2023, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സൻഹിത, 2023 എന്നിവയുടെ പ്രവർത്തനവും നടപ്പാക്കലും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. അഭിഭാഷകരായ സഞ്ജീവ് മൽഹോത്ര, കുൻവർ സിദ്ധാർത്ഥ എന്നിവർ മുഖേന അഞ്ജലി പട്ടേല്‍, ഛായ എന്നിവര്‍ ചേർന്നാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഭേദഗതി വരുത്തിയ മൂന്ന് ക്രിമിനൽ നിയമങ്ങളുടെയും സാധുത വിലയിരുത്തുന്നതിനായി ഒരു വിദഗ്‌ധ സമിതിയെ ഉടൻ രൂപീകരിക്കാൻ പ്രത്യേക നിർദേശങ്ങൾ ആവശ്യപ്പെട്ട് ഒരു നോട്ടിസ് പുറപ്പെടുവിക്കണമെന്നും ഹർജിക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിർദിഷ്‌ട ബില്ലുകൾക്ക് നിരവധി അപാകതകളും പൊരുത്തക്കേടുകളും ഉണ്ടെന്ന് ഹർജിയിൽ പറയുന്നു.
നിയമങ്ങളില്‍ ഭേദഗതി വരുത്തിയതോടെ, കൊളോണിയൽ ഭരണ കാലത്തെ നിയമങ്ങള്‍ തിരുത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, കൊളോണിയൽ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതീകമായ പൊലീസ് സംവിധാനം, ബ്രട്ടീഷുകാരുടെ കാലം മുതല്‍ ഇന്നോളം തുടര്‍ന്നു കൊണ്ടിരിക്കുന്നു. അതാണ് തിരുത്തിയെഴുതേണ്ടതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.