ഹൈദരാബാദ് : ഹൈദരാബാദ് പൊലീസിന്‍റെ ഒരു വിഭാഗമായ കമ്മിഷണേഴ്‌സ് ടാസ്‌ക് ഫോഴ്‌സിന്‍റെ മുൻ ഡിസിപി രാധാകിഷൻ റാവു അറസ്‌റ്റിൽ. കോൾ ഹാക്ക് ചെയ്യുകയും ചില കമ്പ്യൂട്ടർ സംവിധാനങ്ങളും ഔദ്യോഗിക വിവരങ്ങളും നശിപ്പിക്കുകയും ചെയ്‌ത കേസിൽ വെള്ളിയാഴ്‌ചയാണ് (മാർച്ച് 29) അദ്ദേഹത്തെ സിറ്റി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. രാധാകിഷൻ റാവുവിനെ പ്രാദേശിക ജയിലിൽ റിമാൻഡ് ചെയ്‌തതായി അധികൃതർ അറിയിച്ചു.
അന്വേഷണത്തിന്‍റെ ഭാഗമായി, ഇന്നലെ ബഞ്ചാര ഹിൽസ് പൊലീസ് സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി രാധാകിഷൻ റാവവിനെ വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിൽ, സ്വകാര്യ വ്യക്തികളുടെ പ്രൊഫൈലുകൾ വികസിപ്പിക്കുന്നതിനുള്ള ഗൂഢാലോചന, നിയമാനുസൃതമായ ചുമതലകൾക്കായി ഉദ്ദേശിച്ചിട്ടുള്ള ഔദ്യോഗിക കാര്യങ്ങൾ ചൂഷണം ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ തനിക്കുള്ള പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയെന്ന് വെള്ളിയാഴ്‌ച രാത്രി ഒരു പൊലീസ് പ്രസ്‌താവനയിൽ പറഞ്ഞു.
രാഷ്ട്രീയ പക്ഷപാതപരമായി ചില പ്രവർത്തനങ്ങൾ നടത്തുക, തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വരുമ്പോൾ അനധികൃതമായി പണം കടത്താൻ ഔദ്യോഗിക വിവരങ്ങൾ ചോർത്തി നല്‍കുക, പൊതുമുതൽ നശിപ്പിക്കുക, മറ്റുള്ളവരുമായി ഒത്തുചേർന്ന് അവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവ് നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലുള്ള അദ്ദേഹത്തിന്‍റെ പങ്കിനെ കുറിച്ച് പറഞ്ഞുവെന്നും അധികൃതർ അറിയിച്ചു.
രാധാകിഷൻ റാവുവിന്‍റെ കുറ്റസമ്മത പ്രകാരം ഇന്ന് (മാർച്ച് 30) രാവിലെ എട്ട് മണിയോടെ അന്വേഷണ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യുകയും പ്രാദേശിക കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. പൊലീസ് ജുഡീഷ്യൽ കസ്‌റ്റഡി ആവശ്യപ്പെട്ടിരുന്നുവെന്നും കോടതി അത് അംഗീകരിച്ചതായും പ്രസ്‌താവനയിൽ പറഞ്ഞു. രാധാകിഷൻ റാവുവിനെ ഏപ്രിൽ 12 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു.
മാർച്ച് 23ന് വിവിധ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളിൽ നിന്നുള്ള ഇൻ്റലിജൻസ് വിവരങ്ങൾ മായ്‌ച്ചതിനും മുൻ ബിആർഎസ് സർക്കാരിൻ്റെ കാലത്ത് ഫോൺ ചോർത്തൽ നടത്തിയതിനും ഹൈദരാബാദ് പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌ത ഡി പ്രണീത് റാവുവിനെ കൂട്ടുപിടിച്ചുവെന്നാരോപിച്ച രണ്ട് അഡിഷണൽ പൊലീസ് സൂപ്രണ്ടുമാർ അറസ്‌റ്റിലായിരുന്നു.
മാർച്ച് 13 ന്, നിരവധി ആളുകളുടെ പ്രൊഫൈലുകൾ വികസിപ്പിക്കുകയും അവരെ രഹസ്യമായി നിരീക്ഷിക്കുകയും, അംഗീകാരമില്ലാതെയും നിയമവിരുദ്ധമായും, ചില കമ്പ്യൂട്ടർ സംവിധാനങ്ങളും ഔദ്യോഗിക ഡാറ്റയും നശിപ്പിച്ചതിനും പ്രതിയായ പ്രണീത് റാവുവിനെ അറസ്‌റ്റ് ചെയ്‌തിരുന്നതായി പൊലീസ് പറഞ്ഞു.