ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിഹാര്‍ ജയിലില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ മതിയായ സൗകര്യങ്ങളൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി. നിലവില്‍ കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ ഇഡിയുടെ കസ്റ്റഡിയിലാണ്.
കഴിഞ്ഞമാസം 21നാണ് ഇഡി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്‌ച പ്രത്യേക കോടതി കെജ്‌രിവാളിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 23 വരെ നീട്ടിയിരുന്നു.
ശ്രീകാന്ത് പ്രസാദ് എന്നയാളാണ് പൊതുതാത്‌പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി നിയമസഭാംഗങ്ങളും മന്ത്രിസഭാംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിങിനുള്ള സൗകര്യം ഒരുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരിന്‍റെ കാര്യക്ഷമമായ നടത്തിപ്പിന് ഇതാവശ്യമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹിയിലെ സര്‍ക്കാരിന്‍റെ പദ്ധതികളുടെ ഗുണങ്ങളെക്കുറിച്ച് അദ്ദേഹം ഹര്‍ജിയില്‍ എടുത്ത് കാട്ടുന്നു. കെജ്‌രിവാളിന്‍റെ രാജിയും ഡല്‍ഹിയില്‍ രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്നും മറ്റും മാധ്യമങ്ങള്‍ സെന്‍സേഷണല്‍ തലക്കെട്ടുകള്‍ നല്‍കുന്നതിനെയും അദ്ദേഹം ഹര്‍ജിയില്‍ വിമര്‍ശിക്കുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ മുന്‍വിധിയോടെയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാന്‍ ശ്രമിക്കുന്നതായും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
Also Read:ഡൽഹി മദ്യനയക്കേസ് അറസ്റ്റ്: കെജ്‌രിവാളിൻ്റെ ഹര്‍ജിയില്‍ ഇഡിയ്‌ക്ക് സുപ്രീംകോടതി നോട്ടിസ്
2020 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 62 സീറ്റിന്‍റെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ വ്യക്തിയാണ് കെജ്‌രിവാള്‍. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമ്മര്‍ദ്ദ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച് ദേവയോടും ഹര്‍ജിയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.