ന്യൂഡല്‍ഹി : ശുദ്ധവായു, ജലം, രോഗ മുക്തമായ ജീവിതം എന്നിവ ജനങ്ങളുടെ അവകാശമാണെന്ന് സുപ്രീം കോടതി. തമിഴ്‌നാട് തൂത്തുക്കുടിയിലെ വേദാന്ത പ്ലാന്‍റ് അടച്ചുപൂട്ടിയ ഉത്തരവിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. വേദാന്ത ഗ്രൂപ്പ് സ്ഥാപനമായ സ്റ്റെർലൈറ്റ് കോപ്പറാണ് 2018 ല്‍ അടച്ചുപൂട്ടിയത്. വ്യവസായ യൂണിറ്റിന്‍റെ ആവർത്തിച്ചുള്ള നിയമ ലംഘനങ്ങളാണ് അടച്ചുപൂട്ടാനുള്ള വിധിയിലേക്ക് മദ്രാസ് ഹൈക്കോടതിയെ എത്തിച്ചതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പ്ലാന്‍റ് അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വേദാന്ത ലിമിറ്റഡ് സമര്‍പ്പിച്ച അപ്പീല്‍,ഫെബ്രുവരി 29ന് ജസ്റ്റിസുമാരായ ജെബി പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് തള്ളിയിരുന്നു.
ഈ മനുഷ്യാവകാശങ്ങള്‍ യൂണിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്സ്, കൺവെൻഷൻ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി, പാരീസ് ഉടമ്പടി തുടങ്ങിയ വിവിധ അന്താരാഷ്ട്ര ഉടമ്പടികളിലും കരാറുകളിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം എല്ലാവര്‍ക്കും 'സുഗമമായ ജീവിതം' പ്രധാനം െചയ്യുക എന്നതാണെന്നും കോടതി പറഞ്ഞു . ഈ അടിസ്ഥാന അവകാശങ്ങളില്ലാതെ വരുമാനത്തിലും തൊഴിലവസരങ്ങളിലും വര്‍ധനവ് ലഭിക്കുന്നതില്‍ അർത്ഥമില്ലെന്നും കോടതി പറഞ്ഞു. ഇത് കേവലം സാമ്പത്തിക വളർച്ചയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും മറിച്ച് ഓരോ വ്യക്തിയുടെയും ക്ഷേമവും അന്തസും ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്നും ബെഞ്ച് പറഞ്ഞു.