ന്യൂഡല്‍ഹി: സുസ്ഥിര ഊര്‍ജ്ജ ഉപഭോഗത്തിനും ഇന്ധനങ്ങള്‍ക്ക് ന്യായവില ഉറപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി ലോക്‌സഭയില്‍ ഇന്ന് എഴുതി നല്‍കിയ ഒരു മറുപടിയില്‍ വ്യക്തമാക്കി.
ഇത്തരം നടപടികളിലൂടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഗണ്യമായി കുറയ്ക്കാനും സര്‍ക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതിലൂടെ കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും നേട്ടമുണ്ടാക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കള്‍ക്ക് ഇന്ധനവിളയില്‍ ഇളവ്
കഴിഞ്ഞ മൂന്ന് വര്‍ഷമായി പെട്രോള്‍, ഡീസല്‍ വില വിജയകരമായി കുറയ്ക്കാന്‍ സര്‍ക്കാരിനായി. ഡല്‍ഹിയില്‍ ഇന്ധനവില പെട്രോള്‍, ഡീസല്‍ ലിറ്ററിന് 2021 നവംബറില്‍ യഥാക്രമം 110.04, 98.42 രൂപ വീതം ആയിരുന്നത് 2024 നവംബര്‍ 18ന് 94.77, 87.67 എന്ന തോതിലേക്ക് എത്തിക്കാനായി. കേന്ദ്ര എക്‌സൈസ് തീരുവ പെട്രോള്‍ ലിറ്ററിന് പതിമൂന്ന് രൂപയും ഡീസലിന് പതിനാറ് രൂപയും കുറവ് വരുത്തിയാണ് ഇത് സാധ്യമായത്. 2021നവംബറിലും 2022 മെയിലുമായി രണ്ട് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കിയത്.
പിന്നീട് മിക്ക സംസ്ഥാനങ്ങളും വാറ്റ് നിരക്കും കുറച്ച് ഉപഭോക്താക്കളുടെ ഭാരം കുറച്ചു. എണ്ണ വിപണന കമ്പനികളും 2024 മാര്‍ച്ചില്‍ ലിറ്ററിന് രണ്ട് രൂപയുടെ കുറവ് വരുത്തി. ഇതിന് പുറമെ പൊതുമേഖലയിലുള്ള എണ്ണ വിതരണ കമ്പനികള്‍ അന്തര്‍ സംസ്ഥാന എണ്ണ കടത്ത് നിരക്കില്‍ ഏകീകരണം വരുത്തി സംസ്ഥാനങ്ങള്‍ക്കുള്ളില്‍ എണ്ണ വില ഏകീകരിച്ചു. ഇത് ഉള്‍പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമായി.
എഥനോള്‍ ചേര്‍ക്കല്‍ പദ്ധതി വിജയകരം
അസംസ്‌കൃത എണ്ണവിലയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ആണിക്കല്ലാണ് എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ എന്ന ആശയം. 2025-26ഓടെ ഇരുപത് ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ എന്ന ലക്ഷ്യം കൈവരിക്കുകയാണ് ദേശീയ ജൈവ ഇന്ധന നയം 2018ന്‍റെ ലക്ഷ്യം. ഇതിനകം തന്നെ പദ്ധതിയില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. 2022 ജൂണില്‍ പത്ത് ശതമാനമായിരുന്ന എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപഭോഗം 2023-24ല്‍ 14.6ശതമാനമായി വര്‍ദ്ധിച്ചു.
കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ എഥനോള്‍ കലര്‍ത്തിയതിലൂടെ വിദേശ ഇടപാടില്‍ 1,08655 കോടിയുടെ ലാഭമുണ്ടാക്കാനായി. അസംസ്കൃത എണ്ണ കൈമാറ്റത്തില്‍ 185 ലക്ഷം മെട്രിക് ടണ്ണിന്‍റെയും കുറവുണ്ടായി. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനത്തില്‍ 557 ലക്ഷം മെട്രിക് ടണ്ണിന്‍റെയും കുറവുണ്ടായി. പഞ്ചസാര മില്ലുകള്‍ക്ക് അധിക വരുമാനം നല്‍കി പിന്തുണയ്ക്കാനും സാധിച്ചു. കരിമ്പുകര്‍ഷകര്‍ക്ക് 92,409 കോടി രൂപ നല്‍കാനും ഇത് വഴി കഴിഞ്ഞു.
സാമ്പത്തിക-പരിസ്ഥിതിക നേട്ടങ്ങള്‍
പദ്ധതി സമ്പദ്ഘടനയ്ക്കും പരിസ്ഥിതിയ്ക്കും ഇരട്ടനേട്ടമാണ് ഉണ്ടാക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇരുപത് ശതമാനം എഥനോള്‍ കലര്‍ത്തിയ ഇന്ധനം എന്ന ലക്ഷ്യം കൈവരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 35000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൃത്യമായ ഒരു വരുമാനമായിരിക്കും. കാര്‍ബണ്‍ പുറന്തള്ളില്‍ ഗണ്യമായ കുറവുണ്ടാകുന്നു എന്നതാണ് പദ്ധതിയുടെ പാരിസ്ഥിതിക നേട്ടം. ഇത് രാജ്യത്തിന്‍റെ സുസ്ഥിര ഊര്‍ജ്ജമെന്ന ലക്ഷ്യത്തിലേക്ക് എത്താനും സഹായകമാകും.
പദ്ധതിയുടെ പുരോഗതിക്കായി സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. എഥനോള്‍ കരുതല്‍ വര്‍ദ്ധിപ്പിക്കുക, വിലനിയന്ത്രണങ്ങള്‍, എഥനോള്‍ ജിഎസ്‌ടി അഞ്ച് ശതമാനമാക്കി കുറയ്ക്കല്‍, എഥനോള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി എഥനോള്‍ ഇന്‍ററസ്റ്റ് സബ്‌വെന്‍ഷന്‍ പദ്ധതി തുടങ്ങിയവ നടപ്പാക്കുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് താങ്ങാകുക, സുസ്ഥിരത എന്ന രണ്ട് വെല്ലുവിളികള്‍ നേരിടുന്നതിനാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സരക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഭാവിയില്‍ കൂടുതല്‍ ഉള്‍ക്കൊള്ളലും ശുദ്ധവുമായ ഇന്ധനം എന്ന ഇന്ത്യയുടെ പ്രതിബദ്ധത ഉറപ്പാക്കല്‍ കൂടിയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read; ഹൈഡ്രജൻ - ഭാവിയുടെ ഇന്ധനം ; സാധ്യതകളും വെല്ലുവിളികളും