ശ്രീനഗർ :ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ പോളിങ് ഏജന്‍റുമാരെയും പ്രവർത്തകരെയും പൊലീസ്, സ്‌റ്റേഷനുകളിലേക്ക് വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്‍റ് മെഹബൂബ മുഫ്‌തി. ഇന്ന് (മെയ് 25) വോട്ടെടുപ്പ് നടക്കുന്ന അനന്ത് നാഗ് - രജൗരി ലോക്‌സഭ സീറ്റിലാണ് മെഹബൂബ മത്സരിക്കുന്നത്.
'പിഡിപിയുടെ പോളിങ് ഏജന്‍റുമാരോടും പാർട്ടി പ്രവർത്തകരോടും പ്രാദേശിക പൊലീസ് സ്‌റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യത്തിൽ വിശ്വാസം പ്രകടിപ്പിച്ചതിന് ദക്ഷിണ കശ്‌മീരിലെ ജനങ്ങൾ എന്തിനാണ് ശിക്ഷിക്കപ്പെടുന്നത്?" - മുൻ ജമ്മു കശ്‌മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി എക്‌സിൽ കുറിച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അടിയന്തര ഇടപെടൽ വേണമെന്ന് പിഡിപി ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച കത്തിൽ, തെരഞ്ഞെടുപ്പിന്‍റെ സമഗ്രതയെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ഗുരുതര നടപടികള്‍ ഉണ്ടാകുന്നുവെന്ന് പാർട്ടി ആശങ്ക പ്രകടിപ്പിച്ചു.
'ജമ്മു കശ്‌മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പിഡിപി) പോളിങ് ഏജന്‍റുമാർക്കെതിരെ അനന്ത്നാഗ്, ഷോപ്പിയാൻ, കുൽഗാം എന്നിവിടങ്ങളിൽ നടക്കുന്ന പൊലീസ് അതിക്രമം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്നലെ (മെയ് 24) വൈകുന്നേരം മുതൽ, നിരവധി പോളിങ് ഏജന്‍റുമാരെ അവരുടെ വസതികളിൽ നിന്ന് നിർബന്ധിതമായി കൊണ്ടുപോവുകയും ചിലരെ പൊലീസ് സ്‌റ്റേഷനുകളിലേക്ക് വിളിപ്പിക്കുകയും ചെയ്‌തു, അവിടെ അവരെ അനധികൃത തടവിൽ പാർപ്പിച്ചിരിക്കുകയാണ്' - തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച കത്തിൽ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
'പാർട്ടി പ്രവർത്തകരെ, അനന്ത്‌നാഗ് ജില്ലയിലെ വോട്ടെടുപ്പിൽ നിന്ന് പിന്തിരിപ്പിക്കാൻ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ബിജെപി സ്ഥാനാർഥികളുടെ നിർദേശപ്രകാരം, ജനാധിപത്യ പ്രക്രിയയെ തകർക്കാനും ഞങ്ങളുടെ പരാജയം ഉറപ്പാക്കാനുമുള്ള സംസ്ഥാന ഭരണകൂടത്തിന്‍റെ ബോധപൂർവമായ ശ്രമമാണ് പിഡിപിയുടെ പോളിങ് ഏജൻ്റുമാരെ ലക്ഷ്യമിട്ടുള്ള ഈ ആസൂത്രിത ശ്രമം' - പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്‌തി ആരോപിച്ചു.
കസ്‌റ്റഡിയിലെടുത്ത എല്ലാ പോളിങ് ഏജൻ്റുമാരെയും വിട്ടയയ്ക്കാൻ സംസ്ഥാന പൊലീസിന് നിർദേശം നൽകണം. തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാവുന്ന നടപടികള്‍ സംസ്ഥാന ഭരണകൂടത്തിൽ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും പിഡിപി കമ്മിഷനോട് ആവശ്യപ്പെട്ടു.
ALSO READ : ലോക്‌സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ട വോട്ടെടുപ്പ്: പോളിങ് ബൂത്തിലേക്ക് 58 മണ്ഡലങ്ങള്‍, ജനവിധിയെഴുതാൻ ഡല്‍ഹിയും