ന്യൂഡൽഹി:പതഞ്ജലി ഉല്‍പന്നങ്ങളുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നപരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ് പതഞ്ജലി മാനേജിങ് ഡയറക്‌ടർ ആചാര്യ ബാലകൃഷ്‌ണയും സഹസ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവും. കോടതിയില്‍ നേരിട്ട് ഹാജരായാണ് ബാബ രാംദേവ് പരസ്യമായി മാപ്പ് പറഞ്ഞത്. ജസ്‌റ്റിസുമാരായ ഹിമ കോലി, എ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് രാംദേവും ബാലകൃഷ്‌ണയും ഹാജരായത്
യോഗയെ പ്രോത്സാഹിപ്പിക്കുന്നതിന് താൻ ചെയ്‌ത പ്രവർത്തനങ്ങളെ കോടതി മാനിക്കുന്നുവെന്നും എന്നാൽ മരുന്ന് കച്ചവടം വാണിജ്യമാണെന്നും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ അവർ ആധുനിക വൈദ്യശാസ്‌ത്ര സമ്പ്രദായത്തിന്‍റെ ഫലപ്രാപ്‌തിയെ ഇകഴ്ത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുകയാണെന്നും ജസ്‌റ്റിസ് കോലി രാംദേവിനോട് പറഞ്ഞു. 2023 നവംബറിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം പത്രസമ്മേളനം നടത്തിയപ്പോൾ താൻ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ബെഞ്ച് രാംദേവിനോട് ചൂണ്ടിക്കാട്ടി. പരസ്യമായി മാപ്പ് പറയുമെന്ന് രാംദേവിനും ബാലകൃഷ്‌ണയ്ക്കും വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു.