അഹമ്മദാബാദ് : ബില്‍ക്കിസ് ബാനു കേസിലെ പ്രതി രമേശ് ചന്ദനയ്‌ക്ക് പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി. 10 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. മാര്‍ച്ച് 5ന് നടക്കുന്ന ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി പരോള്‍ അനുവദിച്ചത്.
ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്‌തതിനും മൂന്ന് വയസുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെ ക്രൂരമായി കൊലപ്പെടുത്തിയതിനുമാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത് (Bilkis Bano Case). കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ക്ക് നേരത്തെയും കോടതി പരോള്‍ നല്‍കിയിരുന്നു. 2008 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പരോളും അവധിയുമായി നാല് വര്‍ഷത്തോളം രമേശ് ചന്ദന ജയിലിന് പുറത്തായിരുന്നു. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ മാപ്പ് നല്‍കി വിട്ടയച്ചിരുന്നു (Gujarat HC Allowed Parole To Ramesh Chandana).
2022 ഓഗസ്റ്റ് 15നാണ് പ്രതികളെ സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയത്. കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളുടെയും തടവ് സമയത്തെ നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് 1992 ലെ നിയമ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ മോചനം നല്‍കിയത് (Ramesh Chandana Second Convict In Bilkis Bano case). എന്നാല്‍ ഈ നടപടി സുപ്രീംകോടതി റദ്ദാക്കുകയും തുടര്‍ന്ന് ജനുവരി 21ന് പ്രതികള്‍ ഗോധ്രയിലെ ജയിലില്‍ കീഴടങ്ങുകയുമായിരുന്നു (Godhra Town Jail).