ജമ്മു : ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്ക് (ഐബി) സമീപമുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന പാകിസ്ഥാൻ ഭീകരനെ വധിച്ച് സുരക്ഷ സേന. അതിര്‍ക്ക് സമീപത്തെ ഗ്രാമത്തിൽ ചൊവ്വാഴ്‌ച വൈകുന്നേരമാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. ഗ്രാമവാസിയായ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.
'അതിർത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറിയ രണ്ട് തീവ്രവാദികൾ രാത്രി എട്ട് മണിയോടെ സൈദ സുഖാൽ ഗ്രാമത്തിൽ എത്തുകയും ഒരു വീട്ടിൽ നിന്ന് വെള്ളം ചോദിക്കുകയും ചെയ്‌തു. തീവ്രവാദികളെ കണ്ടതോടെ ആളുകൾ ഭയന്നിരുന്നു. വിവരം ലഭിച്ചയുടന്‍തന്നെ പൊലീസ് സ്ഥലത്തെത്തി' -ജമ്മു സോൺ അഡിഷണൽ പൊലീസ് ഡയറക്‌ടർ ജനറൽ ആനന്ദ് ജെയിൻ പറഞ്ഞു.
ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന ബസിനു നേരെ ഭീകരാക്രമണം നടത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് കത്വയിൽ ഭീകരാക്രമണം നടന്നത്. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ഹിരാനഗർ സെക്‌ടറിലെ സൈദ ഗ്രാമത്തിൽ വീടിന് നേരെയുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഡിസി (ഡെപ്യൂട്ടി കമ്മിഷണർ) രാകേഷ് മിൻഹാസുമായി തുടർച്ചയായി ഓൺലൈനിൽ ബന്ധപ്പെട്ടിരുന്നുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
സംഭവസ്ഥലത്തുള്ള കത്വവ എസ്എസ്‌പി എസ് അനായത്ത് അലി ചൗധരിയുമായും ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിനിരയായ വീടിൻ്റെ ഉടമയുമായും മൊബൈൽ ഫോണിൽ സംസാരിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസും അർധസൈനിക വിഭാഗവും സംയുക്ത ഓപ്പറേഷൻ തുടരുകയാണെന്ന് മന്ത്രി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. ഇതുവരെ ഒരു ഭീകരനെ വധിച്ചുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഭീകരൻ്റെ കയ്യിൽ നിന്ന് തോക്കുകളും ഒരു റക്‌സാക്കും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read:റിയാസി ഭീകരാക്രമണം; തീവ്രവാദിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്, വിവരം നൽകിയാൽ 20 ലക്ഷം രൂപ പാരിതോഷികം