ഹൈദരാബാദ്: ജമ്മു കശ്‌മീരിലെ റിയാസിയിൽ തീർഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പാക് ക്രിക്കറ്റ് താരം ഹസൻ അലി. തന്‍റെ ഇൻസ്‌റ്റാഗ്രാം സ്‌റ്റോറിയിലൂടെയയും എക്‌സിലൂടെയുമാണ് പാക് താരം ഒമ്പത് തീർഥാടകരുടെ മരണത്തിനിടയാക്കിയ റിയാസിയിലെ ഭീകരാക്രമണത്തെ കുറിച്ച് പറഞ്ഞത്. 'ആൾ ഐസ് ഓൺ വൈഷ്‌ണോ ദേവി അറ്റാക്ക്' എന്നെഴുതിയ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം എക്‌സിൽ കുറിച്ചത്. ഏത് മതത്തിന് എതിരെ ആയാലും തീവ്രവാദം എന്നത് വളരെ ഗുരുതരമായ ഒരു വിഷയമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്.
'ആൾ ഐസ് ഓൺ റിയാസി' എന്ന ഹാഷ് ടാഗിൽ സെലിബ്രിറ്റികളടക്കം പലരും ഭീകരാക്രമണത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണത്തിൽ ഹസൻ അലിയുടെ പ്രതികരണം. "ഏത് മതത്തിന് എതിരായാലും തീവ്രവാദം എന്നത് വളരെ ഗുരുതരമായ ഒരു വിഷയമാണ്. അതിനാലാണ് ഞാൻ ഈ സ്റ്റോറി പങ്കുവെയ്‌ക്കുന്നതും. സമാധാനത്തെ പിന്തുണയ്‌ക്കാൻ എനിക്ക് കഴിയും വിധം ഞാൻ ശ്രമിക്കും. ഗാസയിലെ ആക്രമണത്തെ ഞാൻ അപലപിച്ചിരുന്നു. അതുപോലെ നിരപരാധികളായവർ അക്രമിക്കപ്പെടുന്ന എല്ലായിടത്തും ഞാൻ അത് തുടരുക തന്നെ ചെയ്യും. കാരണം ഓരോ മനുഷ്യ ജീവനും പ്രധാനമാണ്. ജീവൻ നഷ്‌ടപ്പെട്ടവർക്ക് സ്വർഗത്തിൽ നല്ല പദവി ലഭിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ" ഹസൻ എക്‌സിൽ പങ്കുവെച്ചത് ഇങ്ങനെ.