പാറ്റ്ന (ബിഹാര്‍): മതപരമായ ഒത്തുകൂടലിനിടെ പഴയ മതില്‍ തകര്‍ന്ന് വീണ് നാല്‍പ്പത് പേര്‍ക്ക് പരിക്ക്. ബിഹാറിലെ പാറ്റ്നയില്‍ പന്‍പൂണിന് സമീപമുള്ള ശ്രിപാല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റവരെ ഉടന്‍ തന്നെ പന്‍പൂണിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുള്ളവരെ പാറ്റ്ന മെഡിക്കല്‍ കോളജിലുമെത്തിച്ചതായി പൊലീസ് അറിയിച്ചു.
പരിക്കേറ്റവര്‍ എല്ലാവരും നിലവില്‍ ചികിത്സയിലാണെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് പല്ലവി കുമാരി പറഞ്ഞു. ഗ്രാമത്തില്‍ എല്ലാ ബുധനും ഞായറും നടക്കാറുള്ള മതപരമായ ഒത്തുകൂടലാണിത്. ഇന്ന് രാംദയാല്‍ പ്രസാദ് എന്നയാളുടെ വീട്ടില്‍ നടന്ന ഒത്തുകൂടലിനിടെ പഴയ മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു.