ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ലിന്‍റെ സംയുക്ത പാര്‍ലമെന്‍ററി സമിതിയിലെ എല്ലാ പ്രതിപക്ഷ അംഗങ്ങളെയും ഇന്നത്തെ യോഗത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. മുഹമ്മദ് ജവൈദ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജി, ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് എ രാജ, ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തഹദുല്‍ മുസ്‌ലിമിന്‍ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി, നസീര്‍ ഹുസൈന്‍, സമാജ് വാദി പാര്‍ട്ടി നേതാക്കളായ മൊഹിബുള്ള നദ്‌വി, എം അബ്‌ദുള്ള, ശിവസേനാ നേതാക്കളായ അരവിന്ദ് സാവന്ത്, നദിമുല്‍ ഹഖ്, കോണ്‍ഗ്രസിന്‍റെ ഇമ്രാന്‍ മസൂദ് എന്നീ പത്ത് പാര്‍ലമെന്‍റംഗങ്ങളെയാണ് യോഗത്തില്‍ നിന്ന് പുറത്താക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇതെന്ന് കല്യാണ്‍ ബാനര്‍ജി ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ തങ്ങള്‍ യോഗത്തിനെത്തിയപ്പോള്‍ യോഗത്തിന്‍റെ തീയതിയും സമയവും മാറ്റിയിരിക്കുന്നു. ദേശീയ തലസ്ഥാനത്ത് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്ത മാസം അഞ്ചിനാണ് ഡല്‍ഹിയിലെ നിയമസഭ തെരഞ്ഞെടുപ്പ്.
തങ്ങള്‍ ഈ മാസം 21 വരെ ഒരു യാത്രയിലായിരുന്നു. യാത്ര കഴിഞ്ഞെത്തിയ രാത്രിയിലാണ് ഈമാസം 24നും 25നും യോഗമുണ്ടെന്ന അറിയിപ്പ് കിട്ടിയത്. എ രാജയും മറ്റ് ചിലരും യോഗം ഈ മാസം 30,31 തീയതികളിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഈ അഭ്യര്‍ത്ഥന ചെവിക്കൊണ്ടില്ല.
ഓരോ വകുപ്പുകളെയും കുറിച്ച് ചര്‍ച്ചയുണ്ടാകുമെന്ന് തങ്ങള്‍ കരുതി. എന്നാല്‍ ഇന്നലെ രാത്രി തങ്ങള്‍ ഇവിടെയെത്തിയപ്പോഴേക്കും കാര്യങ്ങള്‍ എല്ലാം മാറി മറിഞ്ഞു. യോഗം 27ലേക്ക് മാറ്റി. 27ന് യോഗം നടത്താനാകില്ലെന്ന് നിരവധി തവണ തങ്ങള്‍ പറഞ്ഞതാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ ഇതെല്ലാം സംഭവിക്കും. ഇതെല്ലാം രാഷ്‌ട്രീയപ്രേരിതമാണ്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അവരെല്ലാം വലിയ തിരക്കിലാണ്. അവര്‍ പ്രതിപക്ഷത്തെ ആദരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ യോഗത്തിനിടെ പ്രതിപക്ഷാംഗങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയായിരുന്നുവെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. ഇവരുടെ സ്വഭാവം പാര്‍ലമെന്‍ററി ജനാധിപത്യത്തിന് വിരുദ്ധമാണ്. അടുത്തയോഗം ഈ മാസം 27ന് നടക്കുമന്നും അദ്ദേഹം പറഞ്ഞു. ജനുവരി 29ന് സ്‌പീക്കറുടെ ഉപക്ഷേപവും ഉണ്ടാകും.
ജമ്മു കശ്‌മീരില്‍ നിന്നുള്ള പ്രതിനിധികള്‍ ഭേദഗതികളെക്കുറിച്ച് അറിഞ്ഞില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ തങ്ങള്‍ മിര്‍വായിസ് ഒമര്‍ ഫറൂഖിനെ ക്ഷണിക്കുകയും ചെയ്‌തു. അത് കൊണ്ടാണ് ഓരോ ക്ലോസുകളെയും കുറിച്ചുള്ള ചര്‍ച്ച ചെയര്‍മാന്‍ മാറ്റി വച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. മിര്‍വായിസിന് മുന്നില്‍ വച്ചാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ഇത് പാര്‍ലമെന്‍റ് ജനാധിപത്യത്തിന് വിരുദ്ധമാണ്. യോഗം ഈ മാസം 27ന് നടക്കും. ജനുവരി 28ന് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തും. ഇത് ജനുവരി 29ന് സ്‌പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്നും ദുബെ എഎന്‍ഐയോട് പറഞ്ഞു.