ശ്രീനഗര്‍:കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിന്‍റെ ആദ്യ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഒമര്‍ അബ്‌ദുള്ള സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഷേർ-ഇ-കശ്‌മീര്‍ ഇന്‍റര്‍നാഷണൽ കൺവെൻഷൻ സെന്‍ററില്‍ വച്ചാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. കശ്‌മീര്‍ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഒമറിനും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ആറ് വർഷത്തിന് ശേഷമാണ് കേന്ദ്രഭരണ പ്രദേശമായ കശ്‌മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.
സ്വതന്ത്ര എംഎൽഎ സുരീന്ദർ സിങ് ചൗധരിയെ പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്‌മീര്‍ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌നയെ നൗഷേര എന്ന മണ്ഡലത്തില്‍ നിന്നും സുരീന്ദര്‍ പരാജയപ്പെടുത്തിയിരുന്നു. ജമ്മുവില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തിയാണ് സുരീന്ദറിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചത്.
നാഷണൽ കോൺഫറൻസ് എംഎൽഎയായ മേന്ദർ ജാവേദ് അഹമ്മദ് റാണ, റാഫിയാബാദിൽ നിന്നുള്ള ജാവിദ് അഹമ്മദ് ദാർ, ഡിഎച്ച് പോരയിൽ നിന്നുള്ള സക്കീന ഇറ്റൂ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതിന് ശേഷം ജമ്മു കശ്‌മീരിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരാണിതെന്ന പ്രത്യേകതയുമുണ്ട്. 'ഇന്ത്യ' സഖ്യത്തിലെ നിരവധി നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയുടെ (ശരദ് പവാർ) വർക്കിംഗ് പ്രസിഡന്‍റ് സുപ്രിയ സുലെ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പ്രകാശ് കാരാട്ട്, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്.