ന്യൂഡല്‍ഹി:പതിനെട്ടാം ലോക്‌സഭയെ ഓം ബിര്‍ള നയിക്കും. പതിനേഴാം ലോക്‌സഭയുടെയും സ്‌പീക്കര്‍ ഓം ബിര്‍ള ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്‌സഭ സ്‌പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ളയെ നാമനിര്‍ദ്ദേശം ചെയ്‌തത്. സഭ ശബ്‌ദവോട്ടോടെ പ്രമേയം അംഗീകരിക്കുകയായിരുന്നു.
പ്രതിപക്ഷത്ത് നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭ സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്‌തിരുന്നു. പ്രധാനമന്ത്രിയുടെ പ്രമേയത്തെ ഇവര്‍ പിന്തുണച്ചില്ല. തുടര്‍ന്ന് പ്രോട്ടേം സ്‌പീക്കര്‍ ബി മെഹ്ത്താബ് ഓംബിര്‍ളയെ സ്‌പീക്കറായി തെരഞ്ഞെടുത്തതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനമുണ്ടായ ഉടന്‍ തന്നെ കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജ്ജു അദ്ദേഹത്തെ സ്‌പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.
കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും അവരെ അനുഗമിച്ചു. സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ബിര്‍ളയെ രാഹുല്‍ അഭിനന്ദിച്ചു. പ്രധാനമന്ത്രിക്കും അദ്ദേഹം ഹസ്‌തദാനം നല്‍കി. മെഹ്താബ് ബിര്‍ളയെ സ്വാഗതം ചെയ്‌ത് കൊണ്ട് ഇരിപ്പിടം ഒഴിഞ്ഞ് നല്‍കി.
രണ്ടാം വട്ടവും സഭാ നാഥനായി തെരഞ്ഞെടുക്കപ്പെട്ടത് അങ്ങയോടുള്ള ആദരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വേണ്ടി താന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മോദി അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് താങ്കളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു. ലോക്‌സഭയിലെ പുതിയ അംഗങ്ങള്‍ക്ക് ബിര്‍ളയുടെ പാര്‍ലമെന്‍റംഗമെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. താങ്കളുടെ മധുരസ്‌മേരം സഭയെ സന്തോഷകരമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read;സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്: കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ മത്സരിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്ന് കൊടിക്കുന്നില്‍ സുരേഷ്