മുംബൈ : പേടിഎം ഉപയോക്താക്കള്‍ക്ക് പേയ്‌മെന്‍റ് പ്രവർത്തനങ്ങള്‍ തുടരാന്‍ അനുവദിച്ച് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക് എന്നീ നാല് ബാങ്കുകളിലൂടെ യുപിഐ ഇടപാടുകൾ തുടരാനാണ് കമ്പനിക്ക് എൻപിസിഐ അനുമതി നൽകിയത്. മാർച്ച് 15 മുതല്‍ പേടിഎം പേയ്‌മെന്‍റ് ബാങ്ക് ലിമിറ്റഡ്(പിപിബിഎല്‍) നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കരുതെന്ന് റിസർവ് ബാങ്ക് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കമുണ്ടാകുന്നത്.
പേടിഎം ബ്രാൻഡിന്‍റെ ഉടമയായ വണ്‍97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്‍റെ (ഒസിഎല്‍)കയ്യിലാണ് പേടിഎം പേയ്‌മെന്‍റ് ബാങ്ക് ലിമിറ്റഡിൽ 49 ശതമാനം ഓഹരിയും. എല്ലാ പിപിബിഎല്‍ ഉപഭോക്താക്കളോടും മാർച്ച് 15-നകം മറ്റ് ബാങ്കുകളിലേക്ക് മാറാൻ ആർബിഐ നിർദ്ദേശിച്ചിരുന്നു. പിപിബിഎല്ലിന് ഏകദേശം 30 കോടി വാലറ്റുകളും 3 കോടി ഉപഭോക്താക്കളുമാണുള്ളത്.
പേടിഎം ബാങ്കിനെതിരെ നടപടിയെടുത്തെങ്കിലും 80-85 ശതമാനം പേടിഎം വാലറ്റ് ഉപയോക്താക്കൾക്ക് ഒരു തടസ്സവും നേരിടേണ്ടി വരില്ലെന്നും ബാക്കിയുള്ള ഉപയോക്താക്കള്‍ അവരുടെ ആപ്പുകൾ മറ്റ് ബാങ്കുകളുമായി ലിങ്ക് ചെയ്യണമെന്നുമാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ ആഴ്‌ച പറഞ്ഞത്.