ഷിംല: മുഖ്യമന്ത്രിക്കുള്ള സമൂസ കാണാതായ സംഭവത്തില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ച് വിവാദത്തിലായ ഹിമാചല്‍ സര്‍ക്കാരിന് അടുത്ത തലവേദന. ഇക്കുറി വിവാദം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ രൂപത്തിലാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ശബ്‌ദസന്ദേശങ്ങള്‍ സര്‍ക്കാര്‍ ബസില്‍ പരസ്യ രൂപത്തില്‍ നല്‍കിയതിന് ഡ്രൈവറോടും കണ്ടക്‌ടറോടും വിശദീകരണം തേടിയിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.
രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു. ഹിമാചല്‍ റോഡ് ഗതാഗത കോര്‍പ്പറേഷന്‍റെ ഷിംലയില്‍ നിന്ന് സജ്ഞൗലിയിലേക്ക് സര്‍വീസ് നടത്തുന്ന ബസിലാണ് ശബ്‌ദ സന്ദേശം നല്‍കിയത്. ഇതില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ ശബ്‌ദവും കേള്‍ക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏതായാലും ഡ്രൈവറോടും കണ്ടക്‌ടറോടും വിശദീകരണം തേടിയ നോട്ടീസ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബസ് യാത്രക്കാരനില്‍ നിന്ന് കിട്ടിയ ഒരു സാധാരണ പരാതിയാണിതെന്നും സ്വഭാവിക നടപടി ക്രമങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്‌തതെന്നും എച്ച്ആര്‍ടിസി മാനേജിങ് ഡയറക്‌ടര്‍ റോഹന്‍ ചന്ദ് ഠാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം അവസാനിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.