ന്യൂഡൽഹി : ഇന്ത്യയിലുടനീളമുള്ള വിദ്ധ്യാര്‍ത്ഥി സംഘടനകളെ അണിനിരത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ നോർത്ത് ഈസ്റ്റ് സ്റ്റുഡന്‍റ് ഓർഗനൈസേഷൻ (എൻഇഎസ്ഒ). തങ്ങളുടെ പ്രസ്ഥാനത്തനത്തോടൊപ്പം ചേരാൻ ആവശ്യപ്പെടാനായി മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി സംഘടനകളെ സമീപിക്കാന്‍ ആലോചിക്കുന്നതായി എന്‍ഇഎസ്ഒ ഫിനാൻസ് സെക്രട്ടറി ജോൺ ദെബ്ബർമ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി.
'ഞങ്ങൾ ഉടൻ തന്നെ എന്‍ഇഎസ്ഒ യുടെ ഒരു യോഗം ചേരും. ഭാവി നടപടികള്‍ അവിടെ തീരുമാനിക്കും. ഈ നിയമം തന്നെ ഭരണഘടനാ വിരുദ്ധമാണ്. കാരണം മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് നമ്മുടെ രാജ്യത്തിന്‍റെ മതേതര സ്വഭാവത്തിന് എതിരാണ്.'-ത്രിപുര സ്റ്റുഡന്‍റ് ഫെഡറേഷൻ (ടിഎസ്എഫ്) വൈസ് പ്രസിഡന്‍റ് കൂടിയായ ദേബ്ബർമ പറഞ്ഞു.
പ്രതിഷേധ സൂചകമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാർത്ഥി സംഘടനകളും സിഎഎ കോപ്പികൾ കത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രിപുരയിലും സിഎഎയുടെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിത്ച്ചിട്ടുണ്ടെന്ന് ദേബ്ബർമ പറഞ്ഞു. ഈ നിയമം ജന സംഖ്യാപരമായ മാറ്റം കൊണ്ടുവരുന്നതിനൊപ്പം രാജ്യത്തെ യഥാർത്ഥ പൗരന്മാരെ ബാധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന് സിഎഎ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് എന്‍ഇഎസ്ഒ ചെയർമാൻ സാമുവൽ ജൈർവയും പ്രതികരിച്ചു. 'ഞങ്ങൾ സിഎഎ അംഗീകരിക്കില്ല. നിയമം നടപ്പാക്കുന്നതിനെതിരെ ഞങ്ങൾ പ്രതിഷേധം തുടരും'- ജൈർവ പറഞ്ഞു. സിഎഎയ്ക്ക് പകരം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഗോത്രങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇന്നർ ലൈൻ പെർമിറ്റ് നൽകണമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിഎഎ നിയമങ്ങളെയും അത് നടപ്പിലാക്കുന്നതിനെയും ചോദ്യം ചെയ്ത് ഉടൻ മറ്റൊരു പുതിയ ഹർജി ഫയൽ ചെയ്യുമെന്നും ജൈർവ പറഞ്ഞു.