കോട്ട:നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ്-പിജി (നീറ്റ്) 2025 അടുത്ത വർഷം ജൂൺ 15 ന് നടക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) അറിയിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം എല്ലാ മെഡിക്കൽ കോളജുകളിലെയും പ്രിൻസിപ്പൽമാർക്കും ഡീൻമാർക്കും അയച്ചതായും എൻഎംസി അറിയിച്ചു. 2025 ജൂലൈ 31ന് മുൻപ് ഇൻ്റേൺഷിപ്പ് പൂർത്തിയാക്കാനാകുമെന്നും നീറ്റ്-പിജി പരീക്ഷ 2025 ജൂൺ 15ന് നിശ്ചയിച്ചിട്ടുണ്ടെന്നുമാണ് വിജ്ഞാപനത്തിലുള്ളത്.
നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) രണ്ട് ഷിഫ്റ്റുകളിലായി നീറ്റ്-പിജി പരീക്ഷ നടത്തിയതിൽ 2.16 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 2025 ൽ ഈ വിദ്യാർഥികളുടെ എണ്ണം 2.2 ലക്ഷം കടക്കുമെന്നാണ് കരുതുന്നതെന്ന് വിദ്യാഭ്യാസ വിദഗ്ധൻ ദേവ് ശർമ്മ പറഞ്ഞു. നീറ്റ്-പിജിക്ക് 2024ൽ ഏകദേശം 73,000 സീറ്റുകളുണ്ടായിരുന്നു, 2023ലെ കണക്കുകളിൽ നിന്ന് ഏകദേശം 4,000 സീറ്റുകളാണ് വർധിച്ചത്. 2025-ലും ഏകദേശം 2,000 പിജി സീറ്റുകളുടെ വർധനവ് ഉണ്ടാകും. നീറ്റ്-പിജി പരീക്ഷക്ക് 75,000 സീറ്റുകളിലേക്ക് ഉദ്യോഗാർഥികൾക്ക് പ്രവേശനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക