ദര്‍ഭംഗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദവന്ദനത്തിന് തുനിഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. എന്നാല്‍ വിലക്കിക്കൊണ്ട് ആലിംഗനം ചെയ്‌ത് ചേര്‍ത്തിരുത്തി പ്രധാനമന്ത്രി മോദി. അടുത്തിടെയായി പൊതുവേദികളില്‍ ഉന്നത നേതാക്കളുടെ പാദവന്ദനം നടത്തുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചര്‍ച്ചയായിരിക്കുകയാണ്.
ദര്‍ഭംഗയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ ശിലാസ്ഥാപന ചടങ്ങിലാണ് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദനമസ്‌കാരത്തിന് തുനിഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി അദ്ദേഹത്തെ വിലക്കുകയും ആശ്ലേഷിച്ച ശേഷം തനിക്ക് അരികിലായി പിടിച്ച് ഇരുത്തുകയും ചെയ്‌തു. ഈ സംഭവം അവിടെ കൂടിയിരുന്നവരുടെ മാത്രമല്ല ശ്രദ്ധയാകര്‍ഷിച്ചത് മറിച്ച് സംഭവം വ്യാപകമായ ചര്‍ച്ചയ്ക്കും വഴി തുറന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ മാസം മൂന്നിന് പാറ്റ്നയില്‍ നടന്ന ചിത്രഗുപ്‌ത പൂജയല്‍ ബിജെപി മുന്‍ രാജ്യസഭാംഗം ആര്‍ കെ സിന്‍ഹ നിതീഷ് കുമാറിനെ ഏറെ പ്രശംസിക്കുകയും ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണത്തിനും ക്ഷേത്രത്തിലെ വിഗ്രഹത്തെ വീണ്ടെടുക്കുന്നതിനും നിതീഷ് കുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തു. തുടര്‍ന്ന് മുഖ്യമന്ത്രി എഴുന്നേറ്റ് അദ്ദേഹത്തിന്‍റെ പാദം വന്ദിച്ചു.