യവാത്‌മാള്‍(മഹാരാഷ്‌ട്ര): മഹാരാഷ്‌ട്രയിലെ യവാത്‌മാളില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി കുഴഞ്ഞു വീണു. കനത്ത ചൂട് മൂലമാണ് മന്ത്രി കുഴഞ്ഞ് വീണത്.
യവാത്‌മാള്‍ -വാഷിം ലോക്‌സഭ മണ്ഡലത്തിലെ പുസാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്‌ക്കരിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ വേദിയില്‍ നിന്ന് പുറത്തെത്തിച്ചു. നിമിഷങ്ങള്‍ക്ക് ശേഷം പൂര്‍വ സ്ഥിതിയിലെത്തിയ അദ്ദേഹം വീണ്ടും വേദിയിലെത്തി പ്രസംഗം പൂര്‍ത്തിയാക്കി.
അമിതമായ ചൂട് കാരണം പുസാദിലെ റാലിയില്‍ വച്ച് അസ്വസ്ഥതയുണ്ടായെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും വരുദില്‍ അടുത്ത റാലിയില്‍ പങ്കെടുക്കാന്‍ പോകുകയാണെന്നും പിന്നീട് അദ്ദേഹം എക്‌സില്‍ കുറിച്ചു.
2018ലും ഇദ്ദേഹം മഹാരാഷ്‌ട്രയിലെ ഒരു പൊതുവേദിയില്‍ കുഴഞ്ഞ് വീണിരുന്നു. ശ്വാസം മുട്ടലിനെ തുടര്‍ന്നായിരുന്നു അഹമ്മദ് നഗറിലെ കാര്‍ഷിക സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ആയിരുന്നു സംഭവം. ബിരുദദാന ചടങ്ങിന് ധരിച്ച അങ്കവസ്‌ത്രമാണ് തനിക്ക് ശ്വാസംമുട്ടലുണ്ടാക്കിയത് എന്നായിരുന്നു ഗഡ്ക്കരിയുടെ പ്രതികരണം.
Also Read:കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ ഇടത് വലത് മുന്നണികള്‍ ഏറ്റുമുട്ടി; സി ആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരിക്ക്