മുംബൈ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഇന്ത്യൻ ഓഹരി വിപണിയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിയും സെൻസെക്‌സും ഇടിഞ്ഞ് കനത്ത നഷ്‌ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 800 പോയിന്‍റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 24100 എന്ന നിലയിലേക്ക് താഴ്‌ന്നു. ബാങ്കിങ്, ഫിനാൻഷ്യൽ, ഐടി ഓഹരികളിലാണ് വലിയ ഇടിവ് നേരിട്ടത്.
വരാനിരിക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പും ഫെഡറൽ റിസർവ് അധിക പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുമാണ് ഓഹരി വിപണിയില്‍ തിരിച്ചടിയായതെന്നാണ് കണക്കുകൂട്ടല്‍. റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ ഓഹരികള്‍ ഇന്ന് കനത്ത നഷ്‌ടം നേരിട്ടപ്പോള്‍ ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, സിപ്ല ഓഹരികള്‍ നേട്ടം ഉണ്ടാക്കി. നിഫ്റ്റി 50 സ്റ്റോക്ക് ലിസ്റ്റിൽ 9 ഓഹരികൾ മാത്രം നേട്ടത്തോടെ തുറന്നപ്പോൾ മറ്റ് 41 ഓഹരികൾ നഷ്‌ടത്തിലാണ്.
ഓഹരി വിപണി തകര്‍ന്നടിയാനുള്ള കാരണങ്ങള്‍ അറിയാം
നാളെ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ് ഓഹരി വിപണി ഇടിയാൻ കാരണമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കമല ഹാരിസും ഡൊണാള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നതിനാല്‍, ഈ അനിശ്ചിതത്വം വിപണിയെ ബാധിച്ചു. ഇന്ത്യ ഇൻ കോർപ്പറേഷന്‍റെ FY25 വരുമാന എസ്റ്റിമേറ്റുകളിലെ ഇടിവ്, വിദേശ കറൻസികളുടെ ശക്തമായ ഒഴുക്ക്, ഇന്ത്യൻ രൂപ റെക്കോഡ് നിരക്കില്‍ താഴ്‌ന്നത്, ആഗോള തലത്തില്‍ എണ്ണ വിലയിലുണ്ടായ വർധനവ് എന്നിവ ആഭ്യന്തര ഓഹരികളിൽ വിൽപ്പന സമ്മർദത്തിന് കാരണമായി.