ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി ദേശീയ അന്വേഷണ ഏജൻസിയുടെ (എന്‍ഐഎ) മിന്നല്‍ പരിശോധന. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിന് വേണ്ടി ജമ്മു കശ്‌മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഈ സംസ്ഥാനങ്ങളിലെ 22ഓളം പ്രദേശങ്ങളില്‍ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) എൻഐഎയും സംയുക്തമായാണ് പരിശോധന നടത്തിയത്. ഓപ്പറേഷനിൽ മഹാരാഷ്ട്രയില്‍ നിന്ന് 4 പേര്‍ അറസ്റ്റ് ചെയ്‌തു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ, മാലേഗാവ്, ജൽന എന്നീ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്.
ജൽനയിൽ ഗാന്ധി നഗർ മേഖലയിൽ നിന്നാണ് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്. ഛത്രപതി സംഭാജിനഗറിലെ ആസാദ് ചൗക്ക് പ്രദേശത്ത് നിന്ന് ഒരാളെയും എൻ -6 മേഖലയിൽ നിന്ന് ഒരാളെയും, മലേഗാവിൽ നിന്ന് ഒരാളെയും എൻഐഎ കസ്റ്റഡിയിലെടുത്തു.