ന്യൂഡല്‍ഹി:കോയമ്പത്തൂരിലെ കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട മൂന്നുപേരെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്‌റ്റ് ചെയ്‌തു. പിടിയിലായവർ ഐഎസ് അനുകൂലികളാണെന്നും ഐഎസില്‍ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇവർ സ്‌ഫോടനം ആസൂത്രണം ചെയ്‌തതെന്നും എന്‍ഐഎ വൃത്തങ്ങൾ പറഞ്ഞു. അബു ഹനീഫ, ശരണ്‍ മാരിയപ്പന്‍, പവസ് റഹ്‌മാന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായവരുടെ എണ്ണം പതിനെട്ടായി. ചെന്നൈയിലെ പൂനംമല്ലി ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ പതിനാല് പേര്‍ക്കെതിരെ നാല് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ അറസ്‌റ്റുകളോടെ ഭീകരാക്രമണത്തിന്‍റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായെന്നാണ് സൂചന.
2022 ഒക്‌ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒക്‌ടോബര്‍ 23ന് കോയമ്പത്തൂരിന് സമീപമുള്ള ഉക്കടത്ത് ഈശ്വരന്‍ കോവില്‍ തെരുവിലുള്ള പുരാതന അരുള്‍മിഗു കോട്ടൈ സംഘമേശ്വര്‍ തിരുക്കോവില്‍ ക്ഷേത്ര പരിസരത്താണ് കാര്‍ബോംബ് സ്‌ഫോടനം ഉണ്ടായത്.