മാറിയ ലോകക്രമവും സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടവും മാധ്യമ രംഗത്ത് വളരെയധികം പ്രതിഫലിച്ച വര്‍ഷമാണ് 2024. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കടന്നുവരവ് മാധ്യമങ്ങളുടെ പ്രവര്‍ത്തന രീതിയിലും അവതരണ രീതിയിലുമെല്ലാം മാറ്റം വരുത്തിയിരുന്നു. സാങ്കേതിക വിദ്യയുടെ ഈ കുതിപ്പ് ലോക വാര്‍ത്തകള്‍ പ്രേക്ഷകരിലേക്ക് അവതരിപ്പിക്കപ്പെടുന്നതിലും മാറ്റങ്ങളുണ്ടാക്കി. കൂടുതല്‍ വ്യക്തതയിലും എളുപ്പത്തിലും കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.
അതേസമയം അവതരിപ്പിക്കപ്പെട്ട വാര്‍ത്തകളിലെ ശരികേടുകളും പക്ഷപാതങ്ങളും സംവാദത്തിന് വിധേയമാണ്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം, അയോധ്യ പ്രാണ പ്രതിഷ്‌ഠ, ലോക്‌സഭാ തെരഞ്ഞെടുപ്പ്, ഇസ്രയേല്‍ പലസ്‌തീന്‍ യുദ്ധം തുടങ്ങി ഒട്ടനവധി വാര്‍ത്താ പ്രാധാന്യമുള്ള സംഭവങ്ങളുടെ ഒരു വര്‍ഷം കൂടിയായിരുന്നു 2024.
2024ല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ഇന്ത്യയിലെ പ്രമുഖർ
ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്:രാഷ്‌ട്രീയക്കാരും സിനിമ താരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കിവാഴുന്ന മാധ്യമ സ്‌ക്രീനുകളില്‍ ന്യായാധിപന്‍മാര്‍ അതേ തലത്തിലേക്ക് ഉയരുന്നത് അപൂര്‍വമായാണ്. അത്തരത്തിലൊരു ന്യായാധിപനായിരുന്നു അടുത്തിടെ വിരമിച്ച ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്.
യുവ അഭിഭാഷകർ റോക്ക്സ്റ്റാർ സിജെഐ എന്നാണ് ഡിവൈ ചന്ദ്രചൂഡിനെ വിശേഷിപ്പിട്ടിരുന്നത്. ചന്ദ്രചൂഡ് കാലത്തെ കോടതി നടപടിക്രമങ്ങളും ഉത്തരവുകളും വിധിന്യായങ്ങളും നിരന്തരം വാര്‍ത്തയായി. ഇലക്‌ടറല്‍ ബോണ്ട് പോലെ വലിയ സ്വീകാര്യത നേടിയ വിധികളും ഗ്യാന്‍വാപി പോലെ വിവാദങ്ങളുണ്ടാക്കിയ വിധികളും ഡിവൈ ചന്ദ്രചൂഡിന്‍റെ ഔദ്യോഗിക പദവിയുടെ അവസാന കാലഘട്ടങ്ങളിലുണ്ടായി. ഇന്ത്യയിലും വിദേശത്തും നടത്തിയ പ്രസംഗങ്ങളുടെ പേരിലും ഡിവൈ ചന്ദ്രചൂഡ് മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്.
അഖിലേഷ് യാദവ്: ബഹുജൻ സമാജിന്‍റെ (കമ്മ്യൂണിറ്റി) നേതാവായാണ് അഖിലേഷ് യാദവിന്‍റെ ഉദയം. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിലെ ഏറ്റവും വലിയ കക്ഷിയായി ഉയർന്നുവരുന്ന സമാജ്‌വാദി പാർട്ടിയെ നയിക്കുന്നത് അഖിലേഷ് യാദവാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷിന്‍റെ എസ്‌പി വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.
2024 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തുറുപ്പ് ചീട്ടായിരുന്നു അയോധ്യ രാമക്ഷേത്രം. അയോധ്യയിലെ പ്രാണപ്രതിഷ്‌ഠ രാജ്യത്തുടനീളം ബിജെപി പ്രചാരണ ആയുധമാക്കിയിരുന്നു. എന്നാല്‍ അയോധ്യ ക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് സമാജ്‌വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദ് ആണ് വിജയിച്ചത്.
ചന്ദ്രബാബു നായിഡു: ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ തെലുങ്ക് ദേശം പാർട്ടിയെ (ടിഡിപി) വൻ വിജയത്തിലേക്ക് എത്തിച്ച എൻ. ചന്ദ്രബാബു നായിഡു, ഏകദേശം മൂന്ന് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ശ്രദ്ധയില്‍ തിരിച്ചെത്തുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ കിങ് മേക്കറുടെ റോളിലേക്ക് വരെ ചന്ദ്രബാബു നായിഡു ഉയരുന്നത് രാജ്യം കണ്ടു.
നിതീഷ് കുമാര്‍:2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഭരണഗതി നിയന്ത്രിക്കുന്നതില്‍ പ്രധാനികളില്‍ ഒരാളായിരുന്നു നിതീഷ് കുമാർ. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മയായ ഇന്ത്യ സഖ്യത്തിന്‍റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച നിതീഷ് കുമാർ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇന്ത്യ സഖ്യം വിട്ട് എന്‍ഡിഎക്ക് ഒപ്പം കൂടുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ നിതീഷിന്‍റെ ജെഡിയു പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായി.
രാഹുൽ ഗാന്ധി: ദേശീയ രാഷ്‌ട്രീയത്തില്‍ രാഹുല്‍ ഗാന്ധി തിളങ്ങിയ വര്‍ഷം കൂടിയായിരുന്നു 2024. 2022ന്‍റെ അവസാനത്തില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയും 2023ലെ രണ്ടാം ജോഡോ യാത്രയുമെല്ലാം രാഹുല്‍ ഗാന്ധിയുടെ രഷ്‌ട്രീയ പ്രതിച്ഛായ വര്‍ധിപ്പിച്ചിരുന്നു. 'മോദി' പരാമര്‍ശത്തിലെ കോടതി വിധിയെ തുടര്‍ന്ന് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതും സുപ്രീംകോടതി ഇടപെടലില്‍ നടപടി സ്റ്റേ ചെയ്‌തതുമെല്ലാം രാജ്യ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് ശേഷം 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായ്‌ബറേലിയില്‍ വന്‍ വിജയമാണ് രാഹുല്‍ ഗാന്ധി നേടിയത്.
മമത ബാനർജി: കൊൽക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയിലെ ട്രെയിനി ഡോക്‌ടര്‍ ബലാത്സംഗക്കൊലയ്ക്ക് ഇരയായ കേസ് രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സംഭവത്തിലെ പൊലീസ് നടപടികളില്‍ മമതയ്ക്ക് നേരെ വന്‍ വിമര്‍ശനങ്ങളുയര്‍ന്നു.
യോഗി ആദിത്യനാഥ്: മഹാരാഷ്‌ട്ര, യുപി ബൈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥിന്‍റെ മുദ്രാവാക്യം "ബാടേംഗേ തോ കാടേംഗേ' എന്ന മുദ്രാവാക്യം ചർച്ചയായിരുന്നു. മുദ്രാവാക്യത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. വര്‍ഗീയ വിവേചനം ഉണ്ടാക്കുന്നതാണ് യോഗിയുടെ മുദ്രാവാക്യമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
ചംപെയ് സോറൻ: 'കോണ്‍ഗ്രസ് ടു ബിജെപി' പലായനത്തില്‍ 2024ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും ജാര്‍ഖണ്ഡിലെ മുഖ്യമന്ത്രിയുമായിരുന്ന ചംപെയ് സോറന്‍റേത്. 2023ല്‍ നാടകീയ സംഭവങ്ങള്‍ക്ക് ജാര്‍ഖണ്ഡ് സാക്ഷ്യം വഹിച്ചിരുന്നു. ഈ വര്‍ഷം ജനുവരി 31ന് ആണ് ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്‌റ്റ് ചെയ്യുന്നത്.
അറസ്‌റ്റിലാകുന്നതിന് മുമ്പ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പകരം ജെഎംഎമ്മിന്‍റെ മുതിര്‍ന്ന നേതാവും ഹേമന്ത് സോറന്‍റെ വിശ്വസ്‌തനുമായ ചംപെയ് സോറനാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. 149 ദിവസത്തെ കസ്‌റ്റഡിക്ക് ശേഷം ജൂൺ 29 ന് ഹേമന്ത് സോറന്‍ ജാമ്യത്തിൽ പുറത്തിറങ്ങി. ഹേമന്ത് സോറന്‍ ജയില്‍ മോചിതനായതോടെ ചംപെയ് സോറന് സ്ഥാനം ഒഴിയേണ്ടി വന്നു. ഇതിന് പിന്നാലെയാണ് ചംപെയ് സോറന്‍ ബിജെപിയിലേക്ക് ചേക്കേറിയത്. ഇതിന് പിന്നാലെ നടന്ന ജാര്‍ഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തില്‍ ജെഎംഎം വന്‍ നേട്ടമുണ്ടാക്കി അധികാരം നിലനിര്‍ത്തിയിരുന്നു.
ഹേമന്ത് സോറൻ: ഭൂമി കുംഭകോണ കേസിൽ ഇഡി അറസ്റ്റ് ചെയ്‌തതിനെ തുടർന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ തുടര്‍ച്ചയായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഹേമന്ത് സോറന്‍റെ ജയില്‍ മോചനവും തുടര്‍ന്നുള്ള സത്യ പ്രതിജ്ഞയുമെല്ലാം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.
ഏറ്റവുമൊടുവില്‍ 81 നിയമസഭാ സീറ്റുകളുള്ള ജാർഖണ്ഡിൽ 56 സീറ്റുകള്‍ നേടിയാണ് ഇന്ത്യ മുന്നണി വിജയിച്ചത്. ഹേമന്ത് സോറന്‍റെ ജെഎംഎം പാര്‍ട്ടി 34 സീറ്റുകളിൽ വിജയിച്ചുകയറി.
അരവിന്ദ് കെജ്‌രിവാൾ: 2024 മാർച്ചിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലാകുന്നത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ക്കാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. രാജിവക്കാന്‍ തയാറാവാതിരുന്ന അരവിന്ദ് കെജ്‌രിവാള്‍ ജയിലിലിരുന്ന് ഭരണ നിര്‍വഹണം നടത്തി.
അരവിന്ദ് കെജ്‌രിവാളിന് ജയിലിനകത്ത് ഇരുന്ന് ഭരിക്കാനാകുമോ എന്ന കാര്യത്തില്‍ പുറത്ത് ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. 6 മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയിതിന് ശേഷമാണ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.