രാമനാഥപുരം (തമിഴ്‌നാട്): ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിസ്‌മയമാകാനൊരുങ്ങുകയാണ് രാമേശ്വരം ദ്വീപിനെ ഇന്ത്യൻ ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന പുതിയ പാമ്പ പാലം. പാലത്തിന്‍റെ പണികളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. പാലത്തിനടിയിലൂടെ കപ്പലുകൾക്ക് കടന്നുപോകാൻ കഴിയും വിധത്തിൽ പതിനേഴ് മീറ്റർ ഉയരത്തിൽ സ്ഥാപിച്ച വെർട്ടിക്കൽ സസ്പെൻഷനാണ് ഈ പാലത്തിന്‍റെ പ്രധാന സവിശേഷത. കപ്പലുകൾ കടന്നുപോകുമ്പോൾ ഇവ ലംബമായി ഉയർത്താനാകും.
രാമനാഥപുരം ജില്ലാ മണ്ഡപം മുതൽ രാമേശ്വരം വരെ നീളുന്ന പുതിയ പാലം 550 കോടി രൂപ ചെലവിലാണ് നിർമിച്ചത്. പാലത്തിന്‍റെ ഏതാണ്ട് എല്ലാ പണികളും പൂർത്തീകരിച്ചുകഴിഞ്ഞു. പാലത്തിൻ്റെ മധ്യഭാഗത്ത് കപ്പലുകൾ കടന്നുപോകാന്‍ സ്ഥാപിച്ചിരിക്കുന്ന ഉയർത്താനും താഴ്‌ത്താനും സാധിക്കുന്ന വെർട്ടിക്കൽ ലിഫ്റ്റ് ബ്രിഡ്‌ജിലൂടെ ട്രെയിൻ ഓടിച്ചുകൊണ്ടുള്ള പരിശോധനകളടക്കം ഇപ്പോൾ പുരോഗമിക്കുകയാണ്.
പരീക്ഷണ ഓട്ടം വിജയം: ഈ മാസം ഏഴിന് രാവിലെ 10.30 മുതല്‍ 2.30 വരെ ഉദ്യോഗസ്ഥര്‍ ഈ പാലം വഴി ട്രെയിന്‍റെ എഞ്ചിനും കോച്ചുകളുമായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. ദക്ഷിണ റെയില്‍വേ സുരക്ഷ കമ്മീഷണര്‍ എ എം ചൗധരിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ പരിശോധനകൾ പാലത്തിൽ പുരോഗമിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതിയ പാമ്പൻ റെയിൽവേ പാലത്തിൻ്റെ അടിത്തറയുടെ നിർമ്മാണമടക്കം പരിശോധിച്ചിട്ടുണ്ടെന്ന് മധുര റെയിൽവേ ഡിവിഷണൽ മാനേജർ ശരത് ശ്രീവാസ്‌തവ മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിൽ ലിഫ്റ്റിങ് സംവിധാനത്തിൻ്റെ പ്രവർത്തന ക്ഷമതയുടെ പരിശോധന നടത്തിയിട്ടുണ്ടെന്നും, നിലവിലുള്ള എല്ലാ സംവിധാനങ്ങളും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ശരത് ശ്രീവാസ്‌തവ വ്യക്‌തമാക്കി.
മണ്ഡപം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് രാമേശ്വരം വരെ 90 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. 15 മിനിറ്റുകൊണ്ട് ട്രെയിൻ ദൂരം പിന്നിടും. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള പഴയ പാമ്പൻ റെയിൽവേ പാലം വളരെ ശോച്യാവസ്ഥയിലായി. ഇതിനെ ദേശീയ സ്‌മാരകമാക്കാനുള്ള തീരുമാനമുണ്ടാകുമെന്നും ശരത് ശ്രീവാസ്‌തവ കൂട്ടിച്ചേർത്തു.
പാമ്പൻ പാലത്തിൻ്റെ ചരിത്രം:ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ്, സേതുപതി രാജാക്കന്മാരുടെ കാലം വരെ മണ്ഡപത്തിൽ നിന്ന് കടലിലൂടെ രാമേശ്വരം ദ്വീപിലെത്താൻ ബോട്ടുകൾ ഉപയോഗിച്ചിരുന്നു. 110 വർഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത്, 1911-ൽ മണ്ഡപം - രാമേശ്വരം എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പാലം നിർമ്മിക്കപ്പെട്ടു.