ചെന്നൈ:പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കാൻ 531 കോടിയോളം ചെലവഴിച്ച് നിര്‍മ്മിച്ച റെയില്‍പ്പാലത്തിന്‍റെ നിര്‍മാണത്തില്‍ പിഴവെന്ന് റിപ്പോര്‍ട്ട്. പാലത്തിന്‍റെ ആസൂത്രണം മുതല്‍ പാളിച്ചകളുണ്ടായെന്നാണ് റെയിൽവേ സുരക്ഷാ കമ്മിഷണര്‍ വ്യക്തമാക്കുന്നത്. സിആര്‍എസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പാമ്പൻ പാലത്തിലെ കൂടുതല്‍ പരിശോധനകള്‍ക്കായി റെയില്‍വേ മന്ത്രാലയം അഞ്ചംഗ സമിതി രൂപീകരിച്ചു.
റെയില്‍വേ ബോര്‍ഡിന്‍റെ പ്രിൻസിപ്പല്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ (ബ്രിഡ്‌ജ്) ആര്‍കെ ഗോയല്‍ സമിതിയുടെ അധ്യക്ഷനാകും. ആർഡിഎസ്ഒയുടെ പിഇഡി, ദക്ഷിണ റെയിൽവേയിലെ ചീഫ് ബ്രിഡ്‌ജ് എഞ്ചിനീയർ, ആർവിഎൻഎൽ ഡയറക്‌ടർ, ഒരു സ്വതന്ത്ര സുരക്ഷാ വിദഗ്‌ധൻ എന്നിവരുമടങ്ങുന്നതാണ് അഞ്ചംഗ സമിതി.
പാമ്പൻ പാലം ഒരു എഞ്ചിനീയറിങ് വിസ്‌മയമാണെങ്കിലും പാലത്തിന്‍റെ നിര്‍മാണം ആസൂത്രണം ചെയ്യുന്നതില്‍ നിരവധി വീഴ്‌ചകള്‍ ഉണ്ടായെന്ന് നവംബർ 26ന് ദക്ഷിണ റെയിൽവേക്ക് അയച്ച കത്തിൽ റെയിൽവേ സുരക്ഷാ കമ്മീഷണർ എ എം ചൗധരി ചൂണ്ടിക്കാട്ടി. നവംബര്‍ 13, 14 തീയതികളിലായിരുന്നു സിആർഎസ് സുരക്ഷാ പരിശോധന. റെയിൽവേ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) നിലവാരമില്ലാത്ത കോഡുകൾ ഉപയോഗിച്ചാണ് ലിഫ്റ്റ് സ്‌പാൻ ഗർഡർ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് വിമര്‍ശനം.