കേരളം

kerala

ETV Bharat / bharat

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: സൂത്രധാരന്‍മാരില്‍ ഒരാള്‍ അറസ്റ്റില്‍ - NEET CBI arrests co conspirator - NEET CBI ARRESTS CO CONSPIRATOR

നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

NEET UG  NEET CASE  നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച  നീറ്റ് വിവാദം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 4, 2024, 8:56 AM IST

ന്യൂഡല്‍ഹി:നീറ്റ് യുജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്‌തു. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നാണ് അമന്‍ സിങെന്ന ആള്‍ അറസ്റ്റിലായിരിക്കുന്നത്. ജാര്‍ഖണ്ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണമാണ് സിങിന്‍റെ അറസ്റ്റില്‍ കലാശിച്ചിരിക്കുന്നത്.

ഇതോടെ കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്‌തവരുടെ എണ്ണം ആറായി. നേരത്തെ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ്പ്രിന്‍സിപ്പലിനെയും സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു. നീറ്റ് പരീക്ഷാര്‍ഥികള്‍ക്ക് ഇവര്‍ സുരക്ഷിത ഇടങ്ങള്‍ ഒരുക്കിയതായി കണ്ടെത്തി. ഇവരില്‍ നിന്ന് കത്തിച്ച നിലയിലുള്ള ചോദ്യ പേപ്പറുകളും ബിഹാര്‍ പൊലീസ് കണ്ടെടുത്തിരുന്നു.

ആറ് കേസുകള്‍ സിബിഐ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ബിഹാറില്‍ നിന്ന് ചോദ്യ പേപ്പര്‍ ചോര്‍ത്തിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. അതേസമയം ഗുജറാത്തിലും രാജസ്ഥാനിലും ആള്‍മാറാട്ടവും വഞ്ചനയും നടത്തിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

ഇതിനിടെ നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് രാജ്യ വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുകയാണ്. എസ്‌എഫ്ഐ, എഐഎസ്‌എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. നീറ്റ്-നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഏറ്റെടുത്ത് രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്. പഠിപ്പ് മുടക്കിന് പിന്നാലെ എസ്‌എഫ്ഐ രാജ് ഭവനിലേക്ക് മാർച്ചും നടത്തും.

മെയ് അഞ്ചിന് രാജ്യമെമ്പാടുമുള്ള 571 നഗരങ്ങളിലായി 4,750 കേന്ദ്രങ്ങളിലും വിദേശത്തെ പതിനാല് കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. വിദ്യാഭ്യാസ മന്ത്രാലയം കേസന്വേഷണം കൈമാറിയതിന്‍റെ തൊട്ടടുത്ത ദിവസമായ ജൂണ്‍ 23നാണ് സിബിഐ ആദ്യ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനിടെ പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് യുജിസി നെറ്റ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.

ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റ് പ്രക്ഷുബ്‌ധമായിരുന്നു. ഇതിനിടെ നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് പ്രമേയം പാസാക്കി. ജൂൺ 4 ന് പ്രഖ്യാപിച്ച നീറ്റ് ഫലത്തില്‍, 720 മാര്‍ക്കിൽ 720 ഉം നേടി 67 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. ഇത് മാർക്കിങ് സമ്പ്രദായത്തെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തിയിരുന്നു.

Also Read:രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ്; നീറ്റ്-നെറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് ഇടത് വിദ്യാര്‍ഥി സംഘടനകള്‍

ABOUT THE AUTHOR

...view details