പാറ്റ്ന:പരീക്ഷയുടെ തലേദിവസം തന്നെ തനിക്ക് നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി അറസ്റ്റിലായ വിദ്യാര്‍ഥി. തന്‍റെ അമ്മാവനാണ് ചോദ്യപേപ്പര്‍ നല്‍കിയതെന്നും ബിഹാറിലെ സമഷ്‌ടിപൂരില്‍ നിന്ന് അറസ്റ്റിലായ വിദ്യാര്‍ഥി വെളിപ്പെടുത്തി.
രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് തന്നെ ബിഹാറിലെ സമഷ്‌ടിപൂരിലേക്ക് വിളിച്ച് വരുത്തിയാണ് തനിക്ക് അമ്മാവന്‍ ചോദ്യപേപ്പര്‍ നല്‍കിയതെന്നും അറസ്റ്റിലായ അനുരാഗ് യാദവ് (22) പാറ്റ്ന പൊലീസിന് എഴുതി നല്‍കിയ കുറ്റസമ്മത മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബിഹാറിലെ ഡാണപൂര്‍ ടൗണ്‍ കൗണ്‍സിലില്‍ (ഡാണാപൂര്‍ നഗര്‍ പരിഷത്ത്) എന്‍ജിനീയറായ സിക്കന്ദര്‍ പ്രസാദ് യാദവേന്ദു എന്നയാളാണ് തന്‍റെ അമ്മാവനെന്നും വിദ്യാര്‍ഥി വ്യക്തമാക്കിയിട്ടുണ്ട്.
കോട്ടയില്‍ നിന്ന് തിരിച്ചെത്തിയ തന്നെ ഇപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന അമിത് ആനന്ദും നിതീഷ് കുമാറും ചേര്‍ന്ന് അമ്മാവനടുത്ത് എത്തിച്ചു. തലേദിവസം രാത്രി മുഴുവന്‍ ഈ ചോദ്യപേപ്പറും ഉത്തരസൂചികയും നല്‍കി പഠിപ്പിച്ചു. ഡിവൈ പാട്ടീല്‍ സ്‌കൂളില്‍ വച്ചായിരുന്നു പരീക്ഷ. തനിക്ക് ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന കാര്യം സമ്മതിക്കുന്നുവെന്നും അനുരാഗ് പറഞ്ഞു.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധി പേരെ പാറ്റ്ന പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പരീക്ഷാര്‍ഥികള്‍ അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. പരീക്ഷാര്‍ഥി അനുരാഗ് യാദവ്, അമ്മാവന്‍ സിക്കന്തര്‍ പ്രസാദ് യാദവേന്ദു, നിതീഷ്‌കുമാര്‍, ആനന്ദ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നാല് പേരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സിആര്‍പിസി 161ാം വകുപ്പ് അനുസരിച്ചാണ് കുറ്റസമ്മതമൊഴി നല്‍കിയിരിക്കുന്നത്.
കീം 2024 :ഫലം ഇന്ന് വന്നേക്കും, റിസള്‍ട്ട് അറിയാം ഇങ്ങനെ - KEAM RESULTS 2024