ബെംഗളൂരു : കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ്ങില്‍ ബെംഗളൂരുവിലെ പകുതിയോളം പേര്‍ പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ പതിനാല് മണ്ഡലങ്ങളിലേക്കാണ് വെള്ളിയാഴ്‌ച വോട്ടെടുപ്പ് നടന്നത്. 69.23 ശതമാനമാണ് സംസ്ഥാനത്തെ ആകെ പോളിങ്ങെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നഗരത്തിലെ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടവകാശം വിനിയോഗിച്ചവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ബെംഗളൂരു സെന്‍ട്രല്‍, ബെംഗളൂരു നോര്‍ത്ത്, ബെംഗളൂരു സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടര്‍മാരുടെ പങ്കാളിത്തം കുറഞ്ഞത്.
ബെംഗളൂരു സെന്‍ട്രലില്‍ കേവലം 52.81 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്‌തത്. ബെംഗളൂരു നോര്‍ത്തില്‍ 54.42 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ബെംഗളൂരു സൗത്തില്‍ 53.15 ശതമാനമാണ് വോട്ട് ചെയ്‌തവരുടെ കണക്ക്. 2019 ലോക്‌സഭ തെരഞ്ഞടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ 54.32 ശതമാനം പേര്‍ വോട്ട് ചെയ്‌തു. ബെംഗളൂരു നോര്‍ത്തില്‍ 54.76 ശതമാനം പേരും ബെംഗളൂരു സൗത്തില്‍ 53.70 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു.
വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ തങ്ങള്‍ കഠിന പരിശ്രമം നടത്തിയിട്ടും അത് ഫലവത്താകാത്തതില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരാശയിലാണ്. ഇതിന് യാതൊരു വിശദീകരണവുമില്ല. അതാണ് പരമാര്‍ഥം എന്നും കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉന്നത വൃത്തങ്ങള്‍ പ്രതികരിച്ചു. കൊടുംചൂട് വോട്ടര്‍മാരുടെ പങ്കാളിത്തം കുറയാന്‍ ഒരു കാരണമായിട്ടുണ്ടാകാം എന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.