പാലക്കാട് : നീല ട്രോളി വിവാദവും രണ്ട് പത്രങ്ങളിൽ നൽകിയ വിവാദ പരസ്യവും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്ന് സിപിഐ വിലയിരുത്തൽ. കഴിഞ്ഞ ദിവസം നടന്ന സിപിഐ ജില്ലാ കൗൺസിൽ യോഗത്തിലാണ് സിപിഎം നേതാക്കളെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള അവലോകന റിപ്പോർട്ട് സിപിഐ ജില്ല സെക്രട്ടറി കെപി സുരേഷ് രാജ് അവതരിപ്പിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ വാക്കുകൾ നിയന്ത്രിക്കാതിരുന്നതും തിരിച്ചടി ഉണ്ടാക്കിയതായി അവലോകന റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കൗൺസിലും എക്‌സിക്യൂട്ടിവും അംഗീകരിച്ച റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയം തൊട്ട് എൽഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ട്രോളി ബാഗ് വിവാദവും വനിത നേതാക്കളുടെ മുറികളിൽ നടന്ന പാതിരാ റെയ്‌ഡും യുഡിഎഫ് നേതാക്കളെ ഒരുമിപ്പിക്കുകയാണ് ഉണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വോട്ടെടുപ്പിന് തലേന്ന് സുപ്രഭാതം, സിറാജ് പത്രങ്ങളിൽ വന്ന വിവാദപരസ്യം ഒഴിവാക്കേണ്ടതായിരുന്നു. പാണക്കാട് തങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം ഗുണത്തേക്കാളധികം ദോഷമാണ് ചെയ്‌തത്. ഇപി ജയരാജൻ്റെ ആത്മകഥാ വിവാദവും തിരിച്ചടിയായി. തെരഞ്ഞെടുപ്പ് സമയത്തെങ്കിലും നേതാക്കൾ വാക്കുകൾ നിയന്ത്രിക്കണമായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
അതേസമയം മുന്നണിയിലെ ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിൽ പരാജയം ഉണ്ടായി. മുകൾത്തട്ടിലെ യോജിപ്പ് താഴേത്തട്ടിലേക്ക് എത്തിക്കാനായില്ല. തെരഞ്ഞെടുപ്പ് കൺവെൻഷന് ശേഷം ഒരു തവണ മാത്രമാണ് എൽഡിഎഫ് യോഗം ചേരാനായത്. പല കാര്യങ്ങളും സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ അറിഞ്ഞില്ല. വിവാദങ്ങൾ കാരണം പ്രചരണ രംഗത്ത് വികസനം ചർച്ചയാക്കുന്നതിൽ വീഴ്‌ച വന്നുവെന്ന് സിപിഐ റിപ്പോർട്ടിൽ പറയുന്നു.
Also Read: തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി; ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് സിപിഎം