'അമ്മ'ക്കൈകള്‍ മുഖത്തമര്‍ന്നപ്പോള്‍ ജനനത്തിനും മരണത്തിനും ഇടയില്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയായ ചോരക്കുഞ്ഞ്, അച്ഛന്‍റെ കത്തിമുനയില്‍ പിടഞ്ഞുതീര്‍ന്ന മകന്‍, ഭര്‍ത്താവിന്‍റെ ക്രൂരതയില്‍ അമര്‍ന്ന പെണ്‍പിടപ്പ്, സുഹൃത്തുക്കളുടെ ആക്രമണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ഥി, പ്രണയം പകയ്‌ക്ക് വഴിമാറിയപ്പോള്‍ മിടിപ്പുനിന്ന പെണ്‍ഹൃദയം... 2024 ഇന്ത്യയ്‌ക്കും, അതിനെക്കാള്‍ കേരളത്തിനും സംവത്സരമായിരുന്നില്ല.
പണത്തിന് വേണ്ടി, പ്രണയത്തിനും കാമത്തിനും വേണ്ടി, മദ്യലഹരിയിലും ദുരഭിമാനത്തിലും... ഇങ്ങനെ എത്രയെത്ര കൊലപാതകങ്ങള്‍ക്കാണ് നമ്മുടെ രാജ്യവും കൊച്ചുകേരളവും പോയവര്‍ഷം സാക്ഷിയായത്. God's own country, But devil's own people, അഥവാ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ചെകുത്താന്‍റെ ജനത, എന്ന സിനിമ ഡയലോഗ് സാധൂകരിക്കുന്ന, പൈശാചികത നിറഞ്ഞ എത്രയെത്ര സംഭവങ്ങള്‍. ചോരചിന്തിയ കൊലപാതകങ്ങള്‍, കാത്തിരുന്ന്, തന്ത്രങ്ങള്‍ മെനഞ്ഞ് നടപ്പിലാക്കിയ മോഷണ പരമ്പരകള്‍, ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അതിലേറെ... ഒന്നുതിരിഞ്ഞുനോക്കിയാല്‍ നാം കണ്ടതും കേട്ടതുമായ കൊടും ക്രൂരതകള്‍ക്ക് കയ്യും കണക്കുമില്ല. കേരള പൊലീസ് നല്‍കുന്ന വിവര പ്രകാരം 2024ല്‍ മാത്രം 40,2148 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പിഞ്ചുകുഞ്ഞിനെ സ്വന്തം അമ്മയോ, അമ്മയുടെ അറിവും സമ്മതവും ഉണ്ടായിട്ട് മറ്റാരെങ്കിലുമോ നിഷ്‌ഠൂരമായി കൊലചെയ്യുന്ന സംഭവം കൊച്ചുകേരളത്തില്‍ ആദ്യമല്ല. ഇത്തരം സംഭവങ്ങള്‍ക്ക് അറുതിയില്ല എന്നതും വേദനാജനകം. ആലത്തൂരലും കണ്ണൂരും കല്ലുവാതുക്കലും പെരുമ്പാവൂരുമൊക്കെ കണ്ണുനനയിച്ച് കടന്നുപോയ സംഭവങ്ങളാണ്. ശ്വാസം മുട്ടിച്ചും കടല്‍ഭിത്തിയില്‍ എറിഞ്ഞും ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയുമൊക്കെ കൊന്നുതള്ളിയത് പാല്‍മണം മാറാത്ത പിഞ്ചോമനകളെ. ഇവിടെയെല്ലാം മുന്‍നിരയിലോ മൂകസാക്ഷിയായോ അമ്മ ഉണ്ടായിരുന്നു എന്നത്, പ്രയാസമെങ്കിലും വിശ്വസിച്ചേ മതിയാകൂ.
കൊന്നത് ശ്വാസം മുട്ടിച്ച്, കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ വായ പൊത്തി : ഇക്കഴിഞ്ഞ മെയ് മൂന്ന്, സമയം പകല്‍ ഏകദേശം പത്തരയോടടുക്കുന്നു. കൊച്ചിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ചില തൊഴിലാളികള്‍ റോഡില്‍ നിന്ന് ഒരു കുഞ്ഞുശരീരം കണ്ടെത്തി. ജനിച്ചിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രം. തൊഴിലാളികള്‍ പൊലീസില്‍ വിവരം അറിയിച്ചു.
പിന്നാലെ അന്വേഷണം. തുമ്പ് തേടി പൊലീസ് തലങ്ങും വിലങ്ങും പാഞ്ഞു. ഇടയ്‌ക്കെപ്പോഴോ, കുഞ്ഞ് തൊട്ടടുത്ത ഫ്ലാറ്റില്‍ നിന്ന് വീഴുന്നത് വ്യക്തമാക്കുന്ന ഒരു സിസിടിവി ദൃശ്യം പൊലീസ് കണ്ടെത്തി. അതില്‍ പിടിച്ച് പൊലീസ് പ്രതിയിലേക്കെത്തി. സിസിടിവിയില്‍ കാണുന്ന ഭാഗത്തെ ഫ്ലാറ്റിലെത്തിയ പൊലീസ് മാത്രമല്ല, കേരളക്കരയാകെ ആ ക്രൂരതയില്‍ കണ്ണീര്‍ വാര്‍ക്കുകയായിരുന്നു.
അവിവാഹിതയായ യുവതിയുടേതായിരുന്നു കുഞ്ഞ്. ജനിച്ചിട്ട് മണിക്കൂറുകള്‍ മാത്രം. പ്രസവിച്ചയുടന്‍ വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ തന്നെ. ജീവനറ്റ് വിറങ്ങലിച്ച ആ കൊച്ചു ശരീരം ഏറെനേരെ അമ്മയ്‌ക്കരികില്‍ തന്നെ കിടന്നു. വീട്ടുകാര്‍ മുറിയുടെ വാതിലില്‍ മുട്ടിയതോടെ പരിഭ്രാന്തിയില്‍ ആയ അമ്മ മൃതദേഹം കവറിലാക്കി നേരെ റോഡിലേക്ക് എറിഞ്ഞു. താന്‍ സുഹൃത്തിനാല്‍ പീഡിപ്പിക്കപ്പെട്ടു എന്നും അതിലുണ്ടായ കുഞ്ഞാണിതെന്നും അമ്മ മൊഴി നല്‍കുകയായിരുന്നു.
അതിരുകടന്ന റാഗിങ്, ആ ആത്‌മഹത്യ 'കൊലപാതകം'? : പഠിക്കണം, ആഗ്രഹിച്ചതുപോലെ നല്ലൊരു ജോലി വേണം... ഈ സ്വപ്‌നവുമായാണ് തിരുവനന്തപുരത്തു നിന്നും ജെഎസ് സിദ്ധാര്‍ഥ് വയനാട്ടിലേക്ക് വണ്ടിപിടിച്ചത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാല അവന്‍റെ സ്വപ്‌നഭൂമി ആയിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കേമന്‍, കൂട്ടുകാരില്‍ അസൂയ ഉളവാക്കുന്ന മികവുകള്‍ സിദ്ധാര്‍ഥിനുണ്ടായിരുന്നു. ആദ്യ വര്‍ഷം തന്നെ ക്ലാസ് റെപ്രസന്‍റേറ്റീവ്, ഫോട്ടോഗ്രഫി സ്‌കില്‍ കൊണ്ട് നേടിയ ക്യാമ്പസിന്‍റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ പദവി, മികച്ച ചിത്രകാരന്‍ എന്നിങ്ങനെ സിദ്ധാര്‍ഥ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് സുപരിചിതനായി.
സിദ്ധാര്‍ഥിന്‍റെ കഴിവുകളില്‍, അവനുണ്ടായിരുന്ന വിദ്യാര്‍ഥി പിന്തുണയില്‍ അസൂയപൂണ്ടവര്‍ അവനെ ലക്ഷ്യം വയ്‌ക്കുകയായിരുന്നോ? രണ്ടാം വര്‍ഷത്തിലേക്ക് കടന്നതോടെയാണ് പ്രശ്‌നങ്ങള്‍ കൈവിട്ട് തുടങ്ങിയത്. 2024 ഫെബ്രുവരി 18. ഉച്ചയ്‌ക്ക് 12.15ഓടെ സിദ്ധാര്‍ഥിന്‍റെ ഫോണിലേക്ക് അമ്മയുടെ കോള്‍ എത്തി. പതിവുപോലെ അപ്പോഴും അവന്‍ വളരെ സന്തോഷത്തോടെ സംസാരിച്ചു, വിശേഷങ്ങള്‍ പറഞ്ഞു, ചിരിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 2.20ന് സിദ്ധാര്‍ഥിന്‍റെ അമ്മയ്‌ക്ക് അവന്‍റെ സീനിയര്‍ വിദ്യാര്‍ഥികളുടെ വിളിയെത്തുന്നു. മകന്‍ ആത്‌മഹത്യ ചെയ്‌തതായി അറിയിച്ച് അവര്‍ ഫോണ്‍ കട്ട് ചെയ്‌തു.
കേരളമാകെ സിദ്ധാര്‍ഥിന്‍റെ മരണത്തിലെ നിജസ്ഥിതി അറിയാന്‍ വെമ്പല്‍കൊണ്ടു. അന്വേഷണം വന്നു, വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നു. മൂന്ന് ദിവസം നീണ്ട കടുത്ത പീഡനം. മറ്റു വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വച്ചും അല്ലാതെയും സിദ്ധാര്‍ഥ് മര്‍ദനത്തിനിരയായി. ഹോസ്റ്റലില്‍ ഭക്ഷണം പോലും നല്‍കാതെയുള്ള സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തില്‍ മനംനൊന്ത്, അപമാനിതനായി അവര്‍ ജീവനൊടുക്കുന്നു. (ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821)
ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, തലയ്‌ക്ക് ക്ഷതം... പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. പ്രതിസ്ഥാനത്ത് കോളജ് യൂണിയന്‍ ചെയര്‍മാന്‍ അടക്കമുള്ള എസ്‌എഫ്‌ഐ നേതാക്കള്‍. തുടക്കത്തിലെ പൊലീസിന്‍റെ ഉഴപ്പ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു, സിബിഐ അന്വേഷണം വന്നു, പ്രതികള്‍ പിടിക്കപ്പെട്ടു. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ നീതി ലഭിക്കുന്നതുവരെ പോരാടുമെന്ന കുടുംബത്തിന്‍റെ നിലപാട് തന്നെയാണ് കേസില്‍ മുന്നോട്ടുപോക്കിന് കാരണമായത് എന്ന് നിരീക്ഷകര്‍ പോലും പറയുന്നു. ആരോഗ്യകരമായ രാഷ്‌ട്രീയവും സൗഹൃദവും കലയും പ്രണയവുമൊക്കെ വിരിയേണ്ട, പൂത്തുലയേണ്ട ക്യാമ്പസുകളില്‍ അക്രമത്തിന്‍റെ കൊടിയുമായി എത്തുന്നവരെ മുളയിലെ നുള്ളിയേ മതിയാകൂ.
ആറുതവണ കല്ലെടുത്ത് ദേഹത്തിട്ടു, ബോധം മറഞ്ഞിട്ടും നിര്‍ത്താത്ത പീഡനം : കേരള മനസാക്ഷിയെ ഞെട്ടിച്ച കെലാപാതകമായിരുന്നു 2019ലെ കരമന അനന്തു കൊലപാതകം. അനന്തുവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കരിക്ക്, കല്ല്, കമ്പ് എന്നിവകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പറഞ്ഞുവരുന്നത് അനന്തുവിനെ കുറിച്ചല്ല, അഖിലിനെ കുറിച്ചാണ്. മനസാക്ഷിയെ മരവിപ്പിച്ച കരമന അഖില്‍ കൊലപാതകത്തെ കുറിച്ച്. അനന്തുവും അഖിലും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെങ്കിലും ഇവരുടെ കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. ഉള്‍പ്പെട്ട പ്രതികളും മോഡസ് ഓപ്പറാണ്ടിയും കൊണ്ട് പരസ്‌പരം ബന്ധപ്പെട്ട് കിടക്കുന്ന രണ്ട് ക്രൂരകൃത്യങ്ങള്‍.
2024 മെയ് മൂന്നിനായിരുന്നു ദാരുണ സംഭവം. ഏപ്രില്‍ 26ന്, കൊല്ലപ്പെട്ട അഖിലും പ്രതികളും തമ്മില്‍ പാപ്പനംകോട്ടെ ബാറില്‍ വച്ച് തര്‍ക്കം ഉണ്ടാകുന്നു. പകയും ലഹരിയും ബുദ്ധിമറച്ചപ്പോള്‍, പറഞ്ഞുതീര്‍ക്കേണ്ട കാര്യം കലാശിച്ചത് നാടിനെ നടുക്കിയ അരുംകൊലയില്‍. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ (ഒന്നാം പ്രതി വിനീഷ് രാജ്, രണ്ടാം പ്രതി അപ്പു എന്ന അഖിൽ, മൂന്നാം പ്രതി സുമേഷ്, സഹായികളായ അനീഷ്, കിരൺ കൃഷ്‌ണ, അരുൺ ബാബു, ഹരിലാൽ, അഭിലാഷ്) തക്കം പാര്‍ത്തിരുന്നത്.
രണ്ടാഴ്‌ചയോളം അഖിലിനെ അവര്‍ നിരീക്ഷിച്ചു. ഒടുക്കം അടുത്തുകിട്ടയപ്പോള്‍ പദ്ധതി നടപ്പാക്കി. നടുക്കുന്നതായിരുന്നു പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍. ആറുതവണ കല്ലെടുത്ത് അഖിലിന്‍റെ ദേഹത്തിട്ടു. ഒരുമിനിറ്റോളം കമ്പിവടികൊണ്ട് നിര്‍ത്താതെയുള്ള മര്‍ദനം, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിലത്തിട്ട് ആക്രമണം തുടര്‍ന്നു. ബോധം മറഞ്ഞിട്ടും അഖിലിനെ വിടാന്‍ അവര്‍ കൂട്ടാക്കിയില്ല. ആശുപത്രിയില്‍ എത്തുമ്പോള്‍ തലയോട്ടി പിളര്‍ന്ന നിലയിലായിരുന്നു ആ ചെറുപ്പക്കാരന്‍. കൊല്ലപ്പെട്ട അഖിലും ലഹരി സംഘത്തിലെ കണ്ണിയായിരുന്നു എന്നാണ് പൊലീസ് നിഗമനം. സംഭവ ശേഷം നാടുവിട്ട പ്രതികളെ പലയിടങ്ങളില്‍ നിന്നായി പൊലീസ് പിടികൂടി.
55കാരനെ ചുട്ടുകൊന്നത് മകന്‍ : ഇക്കഴിഞ്ഞ ജൂണില്‍ ഇടുക്കി, മാങ്കുളത്ത് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തുന്നു. അന്വേഷണം ചെന്നെത്തിയതാകട്ടെ മകനിലും. പാറേക്കുടിയില്‍ തങ്കച്ചന്‍ അയ്യപ്പനെ മകന്‍ ബിബിന്‍ കൊലപ്പെടുത്തിയത് തലക്കടിച്ച് വീഴ്‌ത്തിയ ശേഷം തീവച്ച്. പ്രദേശവാസിയായ ഒരാള്‍ വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ തങ്കച്ചന്‍റെ മൃതദേഹം കാണുന്നത്. പിന്നാലെ വിവരം പുറത്തറിഞ്ഞു. അന്വേഷണം ബിബിനിലേക്കെത്തി.
ബിബിന്‍ വീട്ടിനുള്ളില്‍ യുവതിയെ പാര്‍പ്പിച്ചത് തങ്കച്ചന്‍ ചോദ്യം ചെയ്‌തിരുന്നു. തങ്കച്ചന്‍റെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണവും പണവും നല്‍കാതിരുന്നതും ബിബിനെ പ്രകോപിപ്പിച്ചു. കൃഷിയിടത്തിലുള്ള ഷെഡിനടുത്ത് വച്ച് ഇരുവരും വഴക്കിട്ടു. ഇതിനിടെ തങ്കച്ചനെ ബിബിന്‍ വാക്കത്തികൊണ്ട് തലക്കടിച്ച് വീഴ്‌ത്തുന്നു. മരിച്ചെന്നു കരുതി ഷെഡിലേക്ക് വലിച്ചിഴച്ച്, അവിടെ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയ ശേഷം തീ കൊളുത്തുകയായിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പ് : നിക്ഷേപ കമ്പനികളായ INVESCO CAPITAL, GOLDMANS SACHS എന്നിവയുടെ പ്രതിനിധികളാണെന്ന് പറഞ്ഞാണ് തട്ടിപ്പുസംഘം ആലപ്പുഴ ചേര്‍ത്തല സ്വദേശിയെ സമീപിക്കുന്നത്. വിശ്വസിപ്പിക്കുന്ന തരത്തില്‍ സകല രേഖകളും ഇവര്‍ ഓണ്‍ലൈനില്‍ കാണിക്കുകയും ചെയ്‌തു. പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാമെന്നും തട്ടിപ്പു സംഘം ഉറപ്പിച്ചു പറഞ്ഞു.
ഇതോടെ അവര്‍ ആവശ്യപ്പെട്ട പണം പറഞ്ഞ അക്കൗണ്ടിലേക്ക് പരാതിക്കാരന്‍ കൈമാറുകയായിരുന്നു. ഇതോടെ സംഘം അദ്ദേഹത്തിന്‍റെ അക്കൗണ്ടില്‍ നിക്ഷേപ ലാഭം അടക്കം 39,72,85,929 രൂപയുണ്ടെന്ന് പറയുകയും സ്റ്റേറ്റ്‌മെന്‍റ് (വ്യാജം) അയക്കുകയും ചെയ്‌തു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ നിക്ഷേപം 15 കോടിയാക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
ഇത് നിരസിച്ചതോടെ പരാതിക്കാരന്‍റെ അക്കൗണ്ട് സംഘം താത്‌കാലികമായി മരവിപ്പിച്ചു. കൂടാതെ നിക്ഷേപ തുക ലഭിക്കണമെങ്കില്‍ 2 കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ പരാതിക്കാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭീഷണിയെ തുടര്‍ന്ന് പരാതിക്കാരന്‍, സംഘം പറഞ്ഞ മുറയ്‌ക്ക് പണം കൈമാറിക്കൊണ്ടേയിരുന്നു. പല തവണയായി 7,65,00,000 രൂപയാണ് പരാതിക്കാരന്‍ നഷ്‌ടപ്പെട്ടത്. ഭീഷണിയെ തുടര്‍ന്ന് വന്‍ തുക നഷ്‌ടമായതോടെ ചേര്‍ത്തല സ്വദേശി പൊലീസില്‍ പരാതിനല്‍കുകയായിരുന്നു.
പണയ സ്വര്‍ണം കൊണ്ട് മുങ്ങി ബാങ്ക് മാനേജര്‍ : ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കോഴിക്കോട് വടകരയില്‍ ബാങ്കിങ് മേഖലയെ ഞെട്ടിച്ച സംഭവം നടന്നത്. ബാങ്ക് ഓഫ് മഹാരാഷ്‌ട്ര വടകര ബ്രാഞ്ചിലെ മാനേജര്‍ മധ ജയകുമാര്‍ ബാങ്കില്‍ പണയത്തിലിരുന്ന സ്വര്‍ണം തട്ടുകയായിരുന്നു. ബാങ്കില്‍ നിന്ന് നഷ്‌ടമായത് 42 ഇടപാടുകളില്‍ നിന്നുള്ള പണയ സ്വര്‍ണം. ഇരയായവരില്‍ വന്‍കിട ഇടപാടുകാരും ബിസിനസുകാരും ഉള്‍പ്പടെ.
മധ ജയകുമാറിന് സ്ഥലം മാറ്റം ലഭിച്ചതോടെ പുതുതായി ചാര്‍ജെടുത്ത മാനേജര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞ തട്ടിപ്പ്. തട്ടിപ്പ് പുറത്തായതോടെ മധ ജയകുമാര്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്‌ത് മുങ്ങി. പിന്നീട് ഇയാള്‍ പൊലീസ് പിടിയിലായി. ബാങ്കില്‍ നിന്നെടുത്ത സ്വര്‍ണം തമിഴ്‌നാട്ടില്‍ പണയം വച്ചെന്നും കിട്ടിയ പണം ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ഉപയോഗിച്ചെന്നും മധ ജയകുമാര്‍ സമ്മതിച്ചു.
ദാരിദ്ര്യം പറഞ്ഞ് കോഴിക്കോട്ടെ ഡോക്‌ടറിൽ നിന്ന് തട്ടിയത് നാലുകോടി : സിനിമാ കഥയെ വെല്ലുന്ന തട്ടിപ്പ്. കോഴിക്കോട്ടെ ഡോക്‌ടറില്‍ നിന്ന് തട്ടിപ്പ് സംഘം പണം കവര്‍ന്നത് ഇല്ലായ്‌മയും വല്ലായ്‌മയും പറഞ്ഞ്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെ നീണ്ട അപൂര്‍വമായൊരു സൈബര്‍ തട്ടിപ്പായിരുന്നു ഇത്. ഒടുവില്‍ പണം പോകുന്നത് ഡോക്‌ടറുടെ മകന്‍ മനസിലാക്കിയതോടെയാണ് തട്ടിപ്പ് പുറംലോകം അറിഞ്ഞത്.
ജനുവരി 31നാണ് പരാതിക്കാരനായ ഡോക്‌ടറെ അമിത് എന്നയാള്‍ ഫോണില്‍ ബന്ധപ്പെടുന്നത്. ഡോക്‌ടറുടെ സമുദായത്തില്‍പെട്ട ആളാണെന്ന് പറഞ്ഞായിരുന്നു തുടക്കം. പിന്നീടയാള്‍ തന്‍റെ തൊഴിലില്ലായ്‌മയും ഭാര്യയുടെ അസുഖവും കുടുംബത്തിന്‍റെ ദാരിദ്ര്യവും പറഞ്ഞ് പലതവണയായി പണം തട്ടുകയായിരുന്നു. 4,08,80,457 രൂപയാണ് ഡോക്‌ടറില്‍ നിന്ന് തട്ടിപ്പു സംഘം തട്ടിയെടുത്തത്. കേസില്‍ പ്രതികളില്‍ ചിലര്‍ അറസ്റ്റിലായിട്ടുണ്ട്.
പാപ്പനംകോട്ടെ കൊലയും ആത്‌മഹത്യയും : ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ ആണ് സംഭവം. തിരുവനന്തപുരം പാപ്പനംകോട്ടെ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സില്‍ തീപിടത്തമുണ്ടാകുന്നു. പിന്നാലെ രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒന്ന് ഇന്‍ഷുറന്‍സ് ഓഫിസ് ജീവനക്കാരി വൈഷ്‌ണയുടേത്. മറ്റേത് ഒരു പുരുഷന്‍റേതായിരുന്നു. അത് ആരുടേതാണെന്നും തീപിത്തം എങ്ങനെ ഉണ്ടായെന്നും കണ്ടെത്തുകയായിരുന്നു പൊലീസിന് മുന്നിലുണ്ടായ ചലഞ്ച്.
അന്വേഷണം അധികം നീണ്ടില്ല. അതിനുള്ളില്‍ തന്നെ കാരണവും കാരണക്കാരനെയും പൊലീസ് കണ്ടെത്തി. പക്ഷേ നടപടിയെടുക്കാന്‍ കഴിഞ്ഞില്ല. പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടിയിരുന്ന ആളുടേതായിരുന്നു രണ്ടാമത്തെ മൃതദേഹം.
വൈഷ്‌ണയ്‌ക്കൊപ്പം അന്നത്തെ സംഭവത്തില്‍ മരിച്ചത് രണ്ടാം ഭര്‍ത്താവ് ബിനു ആയിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്ന് കഴിഞ്ഞിരുന്ന വൈഷ്‌ണയെ ജോലിസ്ഥലത്തെത്തി കൊലപ്പെടുത്തിയ ശേഷം ബിനു ജീവനൊടുക്കുകയായിരുന്നു. കയ്യില്‍ പെട്രോളുമായാണ് ബിനു അന്ന് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സില്‍ എത്തിയത്. വൈഷ്‌ണയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം ബിനു ആത്‌മഹത്യ ചെയ്‌തു.
കഴുത്തും കൈയും ഒടിഞ്ഞ നിലയില്‍, വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്നു; കലവൂര്‍ സുഭദ്ര കൊലക്കേസ് : സെപ്‌റ്റംബര്‍ നാലിനാണ് ആലപ്പുഴ കലവൂരിലെ സുഭദ്ര വീട്ടില്‍ നിന്ന് ഇറങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സുഭദ്ര മടങ്ങിയെത്തിയില്ല. ക്ഷേത്രത്തിലേക്കുപോയ തന്‍റെ അമ്മ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് സെപ്‌റ്റംബര്‍ ഏഴിന് മകന്‍ പൊലീസില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍, സുഭദ്ര കോര്‍ത്തുശ്ശേരി ക്ഷേത്രത്തിന് സമീപത്തെ ഒരു വാടകവീട്ടില്‍ എത്തിയതായി കണ്ടെത്തി. തുടരന്വേഷണം ചെന്നെത്തിയത് മേസ്‌തിരിയായ അജയനില്‍. സുഭദ്ര ആ വീട് വിട്ടുപോയിട്ടില്ലെന്നും കണ്ടെത്തി. വീട്ടില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന മാത്യൂസ്, അജയനെ കൊണ്ട് വേസ്റ്റിടാന്‍ എന്ന വ്യാജേന കുഴി എടുപ്പിച്ചിരുന്നു. എന്നാല്‍ അജയന്‍ പിറ്റേന്ന് എത്തിയപ്പോള്‍ കുഴി മൂടിയ നിലയില്‍ കണ്ടു.
പൊലീസ് കുഴി തുറന്നു. കുഴിയില്‍ സുഭദ്രയുടെ മൃതദേഹം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയിരുന്നു. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലും. രണ്ട് ഭാഗത്തെയും വാരിയെല്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. അന്വേഷണം മാത്യൂസിലേക്കും ശര്‍മിളയിലേക്കും എത്തി. ഒരു തീര്‍ഥാടനത്തിനിടെയാണ് സുഭദ്ര ശര്‍മിളയുമായി പരിചയപ്പെടുന്നത്. സുഭദ്രയുടെ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും കൈക്കലാക്കാനാണ് കൊല നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.
തൃശൂര്‍ 'റോബിന്‍ ഹുഡ്', പിന്നാലെ എന്‍കൗണ്ടറും : സെപ്‌റ്റംബര്‍ 27ന് ഏഴംഗ സംഘം തൃശൂരില്‍ നടത്തിയ വന്‍ എടിഎം കൊള്ള. വെള്ള കാറിലെത്തിയ സംഘം തൃശൂരിലെ മൂന്ന് എസ്ബിഐ എടിഎമ്മുകൾ തകർത്ത് 65 ലക്ഷം രൂപ കവരുകയായിരുന്നു. പുലർച്ചെ 2.30 നും 4 നും ഇടയിൽ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ്, സ്വരാജ് റൗണ്ടിന് സമീപം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കവർച്ചയ്‌ക്ക് ശേഷം കോയമ്പത്തൂർ വഴി രക്ഷപ്പെടുകയായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യം. എന്നാല്‍ സാഹസിക ഏറ്റുമുട്ടലിലൂടെ നാമക്കലിൽ വച്ച് സംഘം പൊലീസിന്‍റെ പിടിയിലായി. കേരളത്തില്‍ നിന്ന് ലഭിച്ച അറിയിപ്പിനെ തുടര്‍ന്ന് നാമക്കൽ ജില്ലാ അതിർത്തിയിൽ പൊലീസ് വാഹന പരിശോധന ആരംഭിച്ചിരുന്നു.
ക്രെറ്റ കാറുകളും കണ്ടെയ്‌നർ ട്രക്കുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധന തുടരുന്നതിനിടെയാണ് പ്രതികള്‍ ഉപയോഗിച്ച കണ്ടെയ്‌നർ ലോറി ചെക്ക്‌പോസ്റ്റിൽ നിർത്താതെ കടന്നുപോയത്. പൊലീസ് ഈ വാഹനത്തെ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ പാഞ്ഞ ട്രക്ക് റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചാണ് മുന്നോട്ട് പോയത്. സിനിമ സ്റ്റൈല്‍ ചേസിങ്ങിനൊടുവില്‍ ട്രക്ക് പിടികൂടുകയും പരിശോധിക്കുകയും ചെയ്‌തു. ഡ്രൈവർ ജമാലുദ്ദീൻ (40) കണ്ടെയ്‌നർ തുറന്നപ്പോൾ, അസ്‌ഹർ അലി (28) എന്നയാൾ കണ്ടെയ്‌നറിൽ നിന്ന് ഇറങ്ങി ഓടി. ഇയാളുടെ കയ്യിൽ പണവുമുണ്ടായിരുന്നു. അസ്ഹർ അലിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ജമാലുദ്ദീൻ കയ്യിലുണ്ടായിരുന്ന മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ചു. പൊലീസുകാര്‍ വെടിയുതിര്‍ത്തു. ജലാലുദ്ദീന്‍ സംഭവസ്ഥലത്ത് മരിച്ചു. ബാക്കിയുള്ള പ്രതികളെ പൊലീസ് പിടികൂടി.
അഴിമതി ആരോപണം, ജീവനൊടുക്കി എഡിഎം : 2024 ഒക്‌ടോബര്‍ 15, കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സ് മുറിയില്‍ മരിച്ച നിലിയില്‍ കണ്ടെത്തുന്നു. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച എഡിഎമ്മിന് തലേദിവസം കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ഇതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു എഡിഎമ്മിന്‍റെ മരണം. യാത്രയയപ്പ് ചടങ്ങില്‍ വിളിക്കാതെ എത്തിയ പിപി ദിവ്യ എഡിഎമ്മിനെ വിമര്‍ശിച്ചതും പിന്നാലെയുള്ള അദ്ദേഹത്തിന്‍റെ മരണവും ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. രാഷ്‌ട്രീയ കേരളം പോയവര്‍ഷം കണ്ട വലിയ കോലാഹലങ്ങള്‍ക്ക് കളമൊരുങ്ങുകയായിരുന്നു. (ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821)
കളംനിറഞ്ഞ് കുറുവ സംഘം : ഒരിടവേളയ്‌ക്ക് ശേഷമാണ് കേരളത്തില്‍ ഭീതിവിതച്ച് വീണ്ടും കുറുവ സംഘം കളംനിറഞ്ഞത്. ഇക്കഴിഞ്ഞ നവംബര്‍ 12നാണ് ആലപ്പുഴ കോമളപുരത്ത് വീടുകളില്‍ കുറുവ സംഘം കവര്‍ച്ച നടത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വീടിന്‍റെ വാതില്‍ പൊളിച്ച് അകത്തുകടന്ന സംഘം വീട്ടമ്മയുടെ മാല മോഷ്‌ടിക്കുകയായിരുന്നു. പ്രദേശത്തെ മറ്റ് മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായി. മുഖം മറച്ച് അര്‍ധ നഗ്നരായാണ് സാധാരണഗതിയിൽ കുറുവ സംഘം എത്താറുള്ളത്. പകല്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന കുറുവ സംഘം രാത്രിയാണ് മോഷണത്തിനിറങ്ങുക.
13ലധികം തവണ തുടർച്ചയായി വെട്ടി, കരൂര്‍ വിജയലക്ഷ്‌മിയെ കൊന്നത് സുഹൃത്ത് : 2024 നവംബര്‍ 19, അപ്രതീക്ഷിതമായൊരു അരുംകൊലയുടെ വാര്‍ത്തയിലേക്കാണ് കുലശേഖരപുരം ഉറക്കമുണര്‍ന്നത്. അധികമാരുമായും സൗഹൃദം സൂക്ഷിക്കാത്ത വിജയലക്ഷ്‌മി. വാടകവീടുകളില്‍ മാറിമാറി താമസിക്കുന്ന, അഴീക്കല്‍ ഹാര്‍ബറില്‍ ജോലി ചെയ്യുന്ന വിജയലക്ഷ്‌മി, നാട്ടുകാര്‍ അവരെ പറ്റി പറഞ്ഞത് ഇങ്ങനെയൊക്കെ ആയിരുന്നു. എങ്കിലും കണ്ടുപരിചയമുള്ള അവരുടെ മരണം നാട്ടുകാരെ അമ്പരപ്പിച്ചു.
വിവാഹമോചിതയായിരുന്നു വിജയലക്ഷ്‌മി. രണ്ടുമക്കളുണ്ടെങ്കിലും അവരുമായും വലിയ അടുപ്പം ഇല്ല. ഇപ്പോഴുള്ള വീട് വാടകയ്‌ക്ക് എടുത്തത് സുഹൃത്ത് ജയചന്ദ്രന്‍റെ പേരിലും. ജയചന്ദ്രനും മറ്റാരുമായും അടുപ്പം സൂക്ഷിച്ചിരുന്നില്ല. ഭാര്യയും മകനും അടങ്ങുന്നതായിരുന്നു അയാളുടെ കുടുംബം.
ഇടയ്‌ക്ക് വിജയലക്ഷ്‌മിയെ കാണാതായി. നാട്ടുകാര്‍ ജയചന്ദ്രനോട് അന്വേഷിച്ചു. 'എന്നോട് ചോദിക്കുന്നതെന്തിന്? അവിടെ തന്നെ കാണും' എന്നായിരുന്നു മറുപടി. പിന്നീടാണ് വിജയലക്ഷ്‌മിയുടെ സഹോദരി പൊലീസില്‍ പരാതി നല്‍കുന്നതും അന്വേഷണം ആരംഭിക്കുന്നതും. ഹാര്‍ബറിലെ ജോലി കഴിഞ്ഞ് മടങ്ങവെ ഒരുദിവസം ജയചന്ദ്രനെ പൊലീസ് പൊക്കി. ചോദ്യം ചെയ്‌തപ്പോള്‍ ആദ്യം കള്ളക്കഥ മെനഞ്ഞെങ്കിലും പിന്നീടയാള്‍ കുറ്റസമ്മതം നടത്തി.
വിജയലക്ഷ്‌മിയെ കൊന്നത് ജയചന്ദ്രന്‍ തന്നെ. മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നതില്‍ പ്രകോപിതനായി കൊലപ്പെടുത്തുകയായിരുന്നു. തല കട്ടിലില്‍ പിടിച്ച് ഇടിച്ചു. തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. അബോധാവസ്ഥയില്‍ ആയ വിജയലക്ഷ്‌മിയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി. തലയില്‍ 13ല്‍ അധികം വെട്ടുകള്‍. തലയുടെ പിന്‍ഭാഗത്ത് മാത്രം ഏഴിലധികം ആഴത്തിലുള്ള മുറിവുകള്‍.
മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. അതിന് മുകളില്‍ എംസാന്‍ഡും കോണ്‍ക്രീറ്റ് വേസ്റ്റും ഇട്ട് ഉറപ്പിച്ചു. നായ മണംപിടിച്ചപ്പോള്‍ അണുനാശിനി തളിച്ചു. അയല്‍ക്കാര്‍ തന്‍റെ നീക്കങ്ങള്‍ അറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജയചന്ദ്രന്‍റ കുറ്റസമ്മതം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.
ഇടപാടുകാര്‍ക്ക് പണികൊടുത്ത കാരാട്ട് കുറീസ് : മലപ്പുറം ജില്ലയെ ഞെട്ടിച്ച തട്ടിപ്പ്. അതായിരുന്നു വേങ്ങര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരാട്ട് കുറീസ് തട്ടിപ്പ്. ഏഴ് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന കാരാട്ട് കുറീസിലെ ഇടപാടുകാരെ ഞെട്ടിച്ച് ഒരുദിവസം രാവിലെ എംഡി സന്തോഷ്, ഡയറക്‌ടര്‍ മുബഷീര്‍ എന്നിവര്‍ മുങ്ങുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായി 14 ബ്രാഞ്ചുകളാണ് കാരാട്ട് കുറീസിനുള്ളത്.
സ്ഥാപനങ്ങള്‍ക്ക് കോടതിയുടെ സ്റ്റേ ഉണ്ടെന്നും ഓഫിസുകള്‍ തുറക്കേണ്ടതില്ലെന്നും രാവിലെ മുഴുവന്‍ ബ്രാഞ്ച് ഓഫിസിലെയും ജീവനക്കാരെ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാക്കിയാണ് ഉടമകള്‍ മുങ്ങിയത്. ബ്രാഞ്ച് ഓഫിസുകള്‍ തുറക്കാതായതോടെ സംശയം തോന്നിയ ഗുണഭോക്താക്കള്‍ അന്വേഷിച്ചപ്പോഴാണ് ഉടമകള്‍ മുങ്ങിയതായി വിവരം ലഭിച്ചത്. ഇതോടെ ഏതാനും പേര്‍ പൊലീസില്‍ പരാതി നല്‍കി. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നത്.
ഭര്‍ത്താവിന്‍റെ ക്രൂരതയില്‍ നിലച്ച പെണ്‍പിടപ്പ് : നവംബര്‍ 21, വൈകിട്ട് ആറുമണി. കാസര്‍കോട് ജില്ലയിലെ ചന്തേര പൊലീസ് സ്‌റ്റേഷനിലെ സിപിഒ ദിവ്യ ശ്രീ അതിദാരുണമായി കൊല്ലപ്പെടുന്നു. പ്രതിസ്ഥാനത്ത് ഭര്‍ത്താവ് രാജേഷും. ഏറെ കാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ദിവ്യ ശ്രീ.
ദിവ്യ ശ്രീയെ രാജേഷ് വെട്ടിക്കൊല്ലുകയായിരുന്നു. കരിവെള്ളൂരിനെ നടുക്കിയ ക്രൂരകൃത്യം. തലയ്‌ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ദിവ്യ ശ്രീ തത്‌ക്ഷണം മരിച്ചു. ആക്രമണത്തില്‍ ദിവ്യ ശ്രീയുടെ പിതാവ് വാസുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
വെട്ടത്തൂര്‍ ഫസീല വധം : മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് സ്വദേശി ഫസീല, കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്‌ജില്‍ എത്തിയത് സുഹൃത്ത് സനൂഫിനൊപ്പമായിരുന്നു. നവംബര്‍ 24 ഞായറാഴ്‌ച രാത്രി 11നാണ് ഇരുവരും ലോഡ്‌ജിലെത്തിയത്. മൂന്ന് ദിവസത്തേക്ക് മുറി ബുക്ക് ചെയ്‌തു.
മുറി പുറത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്‌ച ലോഡ്‌ജ് ജീവനക്കാര്‍ തുറന്ന് പരിശോധിച്ചു. അപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്‌ച വരെ സനൂഫ് ലോഡ്‌ജില്‍ ഉണ്ടായിരുന്നു. പിന്നീട് പണം എടുക്കാനെന്ന് പറഞ്ഞ് പുറത്തുപോയി.
സനൂഫ് ലോഡ്‌ജില്‍ നല്‍കിയ നമ്പരില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമായിരുന്നു. യുവതിയെ കൊലപ്പെടുത്തി തിരുവില്വാമല സ്വദേശിയായ സനൂഫ് രക്ഷപ്പെട്ടു. വേഷം മാറി നടക്കുകയായിരുന്നു ഇയാളെ ചെന്നൈയില്‍ നിന്ന് പൊലീസ് പിടികൂടി. ശ്വാസം മുട്ടിയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.
വിവാഹ മോചിതയാണ് ഫസീല. വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് സനൂഫുമായി സൗഹൃദത്തിലാകുന്നത്. നേരത്തെ സനൂഫിനെതിരെ ഫസീല പീഡനപരാതി നല്‍കിയിരുന്നു. ഇതിലെ പ്രകോപനമാണ് കൊലയിലേക്ക് നയിച്ചത്.
വളപട്ടണം കവര്‍ച്ച : ഇക്കഴിഞ്ഞ ഡിസംബറില്‍ കണ്ണൂര്‍ വളപട്ടണം നഗരത്തെ ഞെട്ടിച്ച് ഒരു മോഷണം നടക്കുന്നു. അരി വ്യാപാരിയായ മന്നയില്‍ അഷ്‌റഫിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു കോടി രൂപയും 300 പവനും മോഷണം പോയി. ഡിസംബര്‍ 19ന് അഷ്റഫും കുടുംബവും മധുരയിലെ ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു മോഷണം. കൃത്യമായി പ്ലാന്‍ ചെയ്‌ത് നടത്തിയ മോഷണം. വീടിനെ പറ്റി നല്ല അറിവുള്ള ആരോ ആണ് പ്രതിയെന്ന് പൊലീസ് നിഗമനത്തിലെത്തുന്നു. പിന്നാലെ അന്വേഷണം അയല്‍വാസിയായ ലിജീഷിലേക്ക് നീണ്ടു. ഇയാളിൽ നിന്ന് മോഷണം പോയ സ്വർണവും പണവും കണ്ടെടുത്തു.
പോയവര്‍ഷം രാജ്യം കണ്ട ക്രൂരതകള്‍
രാജ്യം നടുങ്ങിയ ആര്‍ജി കര്‍ : രാജ്യം ഒരു കൊടും ക്രൂരതയുടെ വാര്‍ത്തയിലേക്ക് ഉണര്‍ന്നെണീറ്റ ദിവസമായിരുന്നു അത്. 2024 ഓഗസ്റ്റ് 8ന് രാത്രി നൈറ്റ് ഷിഫ്‌റ്റില്‍ ഉണ്ടായിരുന്ന പിജി ട്രെയിനി ഡോക്‌ടര്‍ കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിന്‍റെ അകത്തളത്തില്‍ അതി മൃഗീയമായ പീഡനത്തിനിരയായി കൊല്ലപ്പെടുന്നു. ആദ്യമൊന്നും ക്രൂരതയുടെ ആഴം അത്രകണ്ട് വെളിപ്പെട്ടിരുന്നില്ല. എന്നാല്‍ പരാതിയുമായി ഡോക്‌ടറുടെ കുടുംബം രംഗത്തെത്തിയതോടെയാണ് മനസാക്ഷി മരവിയ്‌ക്കുന്ന കൊടും ക്രൂരത പുറത്തുവന്നത്.
താല പൊലീസില്‍ ലഭിച്ച പരാതിയ്‌ക്ക് പിന്നാലെ അന്വേഷം ആരംഭിച്ചു. മൃതദേഹം വൈദ്യപരിശോധനയ്‌ക്കയച്ചു. പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നടന്നത് അതിക്രൂരമായ ലൈംഗിക പീഡനം. ശരീരത്തികത്തും പുറത്തും ആഴത്തിലുള്ള മുറിവുകള്‍. മരണത്തിന് മുന്‍പ് 31കാരിയായ ഡോക്‌ടര്‍ സഹിച്ച വേദനയ്‌ക്ക് കയ്യുംകണക്കുമില്ലെന്ന് സാരം. ഓഗസ്റ്റ് 10 ന് കൊൽക്കത്ത പൊലീസ് കുറ്റാരോപിതനായ സിവിൽ വൊളണ്ടിയർ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്‌തു. ആദ്യം ബഗാളിലും പിന്നെ രാജ്യം മുഴുവനും വ്യാപിച്ച, ഡോക്‌ടര്‍മാരുടെ കടുത്ത പ്രതിഷേധം ഉണ്ടായി.
അക്രമിയെ ഒരുകാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രതിജ്ഞ എടുത്തു. ഓഗസ്റ്റ് 11 ന് പശ്ചിമ ബംഗാൾ സർക്കാർ ആർജി കർ മെഡിക്കൽ കോളജിലെ സൂപ്രണ്ട് സഞ്ജയ് വശിഷ്‌ടിനെ കൃത്യനിര്‍വഹണത്തില്‍ ഉണ്ടായ വീഴ്‌ചയുടെ പേരിൽ സ്ഥലം മാറ്റി. ഫെഡറേഷൻ ഓഫ് റസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ) ഈ കേസിൽ രാജ്യവ്യാപക പണിമുടക്കിനടക്കം ആഹ്വാനം ചെയ്‌തു. സെപ്‌റ്റംബർ 14ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും തെളിവുകൾ നഷ്‌ടപ്പെടുന്നതിന് കാരണമായതിനും മുൻ ആർജി കർ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും ഒരു കൊൽക്കത്ത പൊലീസ് ഉദ്യോഗസ്ഥനെയും സിബിഐ അറസ്റ്റ് ചെയ്‌തു. രാജ്യം പോയ വര്‍ഷം കണ്ട ക്രൂരതകളില്‍ പ്രധാനമാണ് ആര്‍ജി കര്‍.
2024 ഏപ്രിൽ 18, നേഹ ഹിരേമത്ത് കൊലപാതകം : കർണാടക കോൺഗ്രസ് കോർപ്പറേറ്റർ നിരഞ്ജൻ ഹിരേമത്തിന്‍റെ മകൾ നേഹ ഹിരേമത്തിനെ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വച്ചാണ് കൊല ചെയ്‌തത്. പൂര്‍വ വിദ്യാര്‍ഥിയാണ് പ്രതി. കത്തികൊണ്ട് കുത്തി കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ പുറത്തുവന്ന സിസിടിവി ദൃശ്യത്തില്‍, നേഹയും പ്രതിയായ യുവാവും സംസാരിക്കുന്നതും ഒടുവില്‍ പ്രകോപിതനായ പ്രതി നേഹയെ തുടര്‍ച്ചയായി കുത്തുന്നതും കാണാം. തെരഞ്ഞെടുപ്പ് നടക്കാനിരുന്ന കർണാടകയിൽ ഈ കൊലപാതകം രാഷ്‌ട്രീയ സംഘർഷത്തിന് കാരണമായിട്ടുണ്ട്. ഇതിനിടെ ലവ് ജിഹാദെന്ന സംശയവും ഉയര്‍ന്നിരുന്നു.
08 ജൂൺ 2024, രേണുകസ്വാമി വധക്കേസ് : നടി പവിത്ര ഗൗഡയ്‌ക്ക് മോശമായി സന്ദേശം അയച്ചെന്ന് ആരോപിച്ചാണ് രേണുകസ്വാമിയെന്ന ചെറുപ്പക്കാരനെ അരുംകൊല ചെയ്‌തത്. പ്രതി സ്ഥാനത്ത് കന്നഡ നടനും പവിത്രയുടെ പങ്കാളിയുമായ ദര്‍ശന്‍ ഉള്‍പ്പെടെയുള്ളവര്‍. ജൂണ്‍ 11ന് പവിത്രയും ദര്‍ശനും കേസില്‍ അറസിറ്റിലായി.
ദര്‍ശന്‍റെ കടുത്ത ആരാധകനായിരുന്നു രേണുകസ്വാമി എന്ന 33 കാരനായ ഫാര്‍മസിസ്റ്റ്. രേണുകസ്വാമിയും ഭാര്യയും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ തയാറെടുക്കവെയാണ് അയാള്‍ കൊല്ലപ്പെടുന്നത്. ദര്‍ശനുമായി ഏറെനാളായി അടുപ്പത്തിലായിരുന്ന പവിത്ര തങ്ങളുടെ ബന്ധം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് രേണുകസ്വാമിയുടെ കൊല. രേണുകസ്വാമിയെ തട്ടിക്കൊണ്ട് പോവുകയും ബെംഗളൂരുവിലെ കാമാക്ഷിപാല്യ പ്രദേശത്തെ ഷെഡിൽ തടവില്‍ പാര്‍പ്പിച്ച് മൃഗീയമായി പീഡിപ്പിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട ശേഷം മൃതദേഹം ഓവുചാലില്‍ തള്ളുകയും ചെയ്‌തു.
2024 ജൂലൈ 23, കോറമംഗല പിജിയിലെ അരും കൊല : യുവാവിന്‍റെ കണ്ണില്ലാത്ത ക്രൂരത. ജീവന്‍ നഷ്‌ടമായത് 24കാരിയ്‌ക്കും. കോറമംഗല ഹോസ്റ്റലിലെ ആ അരുംകൊല രാജ്യം അത്ര പെട്ടെന്ന് മറക്കാന്‍ ഇടയില്ല. 2024 ജൂലൈ 23 ന് രാത്രി 11 മണിക്ക് കയ്യില്‍ കരുതിയ കത്തിയുമായി പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലേക്ക് യുവാവ് കടന്നുകയറി. ലക്ഷ്യം ബിഹാറുകാരിയായ കൃതി കുമാരി.
ഹോസ്റ്റല്‍ മുറിയില്‍ കൃതി കുമാരിയ്‌ക്കൊപ്പം താമസിച്ചിരുന്ന യുവതിയുടെ ആണ്‍സുഹൃത്താണ് പ്രതി. ഇവര്‍ തമ്മിലുള്ള വഴക്ക് മുറുകിയ വേളയിലൊക്കെ കൃതി ഇടപെട്ടിരുന്നു. പലപ്പോഴും തന്‍റെ സുഹൃത്തിനോട് ഈ ബന്ധത്തില്‍ നിന്ന് ഒഴിയാനും കൃതി ഉപദേശിച്ചു. ഇതാണ് യുവാവിനെ പ്രകോപിതനാക്കിയത്. പിന്നാലെ യുവാവ് കൃതിയെ ലക്ഷ്യമിട്ട് ഹോസ്റ്റലില്‍ കയറി. തിരിച്ചിറങ്ങിയത് അവളുടെ കഴുത്തറുത്തതിന് ശേഷമായിരുന്നു. പ്രതിയെ ജൂലൈ 27 ന് മധ്യപ്രദേശിൽ അറസ്റ്റ് ചെയ്‌തു.
2024 ഒക്‌ടോബർ 12, ബാബ സിദ്ദിഖി വധം : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ബാബ സിദ്ദിഖിയുടെ വധം രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു. മുംബൈയില്‍ മകൻ സീഷൻ സിദ്ദിഖിന്‍റെ ഓഫിസിന് പുറത്ത് മൂന്ന് അക്രമികൾ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കേസില്‍ ശിവകുമാർ ഗൗതം ഉൾപ്പെടെ 26 പേരെ ഇതുവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ബാബ സിദ്ദീഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയ്‌ക്കും സംഘത്തിനും പങ്കുണ്ടെന്ന് പൊലീസ് ആദ്യം സംശയിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബിഷ്‌ണോയ് സംഘം രംഗത്തെത്തുന്നതും. പിന്നീടാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ഗുര്‍മേല്‍ ബാല്‍ജിത് സിങ്, ധര്‍മരാജ് കശ്യപ്, പ്രവീണ്‍ എന്നിവര്‍ അറസ്റ്റിലാകുന്നത്. ബാബ സിദ്ദീഖിക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഘാതകര്‍ യൂട്യൂബില്‍ നിന്നടക്കം പരിശീലനം നേടിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
08 നവംബർ 2024, ലിവിങ് പങ്കാളിയോട് ക്രൂരത : പ്രണയം വിദ്വേഷത്തിന് വഴിമാറിയപ്പോള്‍ രാജ്യം കണ്ട അരുംകൊല. നായ്‌ക്കള്‍ കടിച്ച് വികൃതമാക്കിയ കൈപ്പത്തിയില്‍ നിന്ന് തെളിഞ്ഞ കൊടും ക്രൂരത. സംഭവം നടന്നത് ജാര്‍ഖണ്ഡിലെ ഖുന്തിയില്‍. ജാര്‍ഖണ്ഡ് സ്വദേശിയായ നരേഷ് ഭെന്‍ഗ്ര രണ്ടുവര്‍ഷമായി തമിഴ്‌നാട് സ്വദേശിയായ 24 കാരിയുമായി ലിവിങ് റിലേഷനിലായിരുന്നു. ഇടയ്‌ക്കൊക്കെ നാട്ടില്‍ പോയിരുന്ന നരേഷ് ഒരിക്കല്‍ മടങ്ങിയെത്തിയത് മറ്റൊരു വിവാഹം കഴിച്ചിട്ടായിരുന്നു. എന്നാല്‍ അയാള്‍ അത് ലിവിങ് പങ്കാളിയില്‍ നിന്ന് മറച്ചുവച്ചു.
തിരിച്ചുപോകുമ്പോള്‍ തന്നെയും ഒപ്പം കൂട്ടണമെന്ന് അവള്‍ വാശിപിടിച്ചതോടെ നരേഷ് അവളെ ഒഴിവാക്കാന്‍ ഉള്ള പദ്ധതികള്‍ തയാറാക്കി തുടങ്ങി. മടങ്ങിയപ്പോള്‍ അവളെയും നരേഷ് ഒപ്പം കൂട്ടി. ജോര്‍ദാഗ് ഗ്രാമത്തിന് സമീപം വനമേഖലയില്‍ എത്തിയപ്പോള്‍ കശാപ്പുകാരന്‍ കൂടിയായ നരേഷ് യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും മൃതദേഹം 50ലധികം കഷണങ്ങളാക്കി വെട്ടിമുറിക്കുകയും ചെയ്‌തു. സംഭവം നടന്ന് ഏകദേശം രണ്ടാഴ്‌ചയ്‌ക്ക് ശേഷം ജോര്‍ദാഗ് ഗ്രാമത്തിന് സമീപം അഴുകിയ കൈപ്പത്തി നായകടിക്കുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് അരുംകൊല പുറംലോകം അറിഞ്ഞത്.
04 ഡിസംബർ 2024, ഡൽഹി ട്രിപ്പിൾ കൊലപാതകം : ഏറ്റവും ഒടുവിലായി രാജ്യം ഞെട്ടിയ ഡല്‍ഹി ട്രിപ്പിള്‍ കൊലപാതകം. അച്ഛനെയും അമ്മയേയും സഹോദരിയേയും 20കാരന്‍ കൊലപ്പെടുത്തുകയായിരുന്നു. തന്‍റെ കുടുംബത്തെ ആരോ അപായപ്പെടുത്തിയെന്ന് അര്‍ജുന്‍ തന്നെയാണ് പൊലീസില്‍ വിളിച്ചറിയിച്ചത്. മാതാപിതാക്കളും സഹോദരിയും നഷ്‌ടമായ വേദന അഭിനയിക്കുകയായിരുന്ന അര്‍ജുന്‍റെ ക്രൂരത ആരും തിരിച്ചറിഞ്ഞില്ല.
മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന രീതിയിലാണ് പൊലീസ് സംഭവത്തെ സമീപിച്ചത്. എന്നാല്‍ സംഭവ സ്ഥലത്ത് നടന്ന ശാസ്‌ത്രീയ പരിശോധനയില്‍ 'കള്ളന്‍ കപ്പലില്‍ തന്നെ'യുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അന്വേഷണം അര്‍ജുനിലേക്ക് മാറി. ഒടുവില്‍ കുറ്റസമ്മതം. അച്ഛന്‍ പതിവായി തന്നെ അപമാനിക്കാറുണ്ടായിരുന്നു എന്ന് അര്‍ജുന്‍ പറഞ്ഞു. അടുത്തിടെ പോലും ഇതേ സംഭവം ഉണ്ടായി. ഒടുവില്‍ സഹോദരിയുടെ പേരിലേക്ക് സ്വത്തുക്കള്‍ മുഴുവന്‍ എഴുതിവയ്‌ക്കാന്‍ തീരുമാനിച്ചു. ഇതുകൂടി കേട്ടതോടെ അര്‍ജുന്‍റെ ഉള്ളിലെ ക്രിമിനല്‍ ഉണര്‍ന്നു. ഉറങ്ങിക്കിടന്നപ്പോഴാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് അര്‍ജുന്‍ പൊലീസിനോട് വെളിപ്പെടുത്തി.
20 ജൂൺ 2024, കള്ളക്കുറിച്ചി മദ്യദുരന്തം : തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജ മദ്യം കഴിച്ച് 47 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. മെഥനോള്‍ കലര്‍ത്തിയ മദ്യമാണ് ദുരന്തത്തിന് കാരണമായത്. മദ്യം കഴിച്ച 150-ലധികം ആളുകൾക്ക് ഛർദ്ദിയും വയറുവേദനയും പോലുള്ള കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെട്ടു.