ന്യൂഡൽഹി: ഉത്തർപ്രദേശിലെ മോദിപുരം ഡിപ്പോയിൽ യാത്രക്കാർക്കായി മെട്രോ സ്റ്റേഷൻ നിർമാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി). മോദിപുരം ഡിപ്പോയിൽ ട്രെയിൻ സ്റ്റേബിളിങ് യാർഡിന് പുറമെ 34 നമോ ഭാരത്, മീററ്റ് മെട്രോ ട്രെയിനുകൾ ഉൾക്കൊള്ളുന്ന മെട്രോ സ്റ്റേഷൻ നിർമ്മിക്കാനുള്ള പദ്ധതിയാണ് എൻസിആർടിസി മുന്നോട്ട് വച്ചിരിക്കുന്നത്. ഡൽഹി-ഗാസിയാബാദ്-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് (ആർആർടിഎസ്) വേണ്ടിയുള്ള രണ്ടാമത്തെ ട്രെയിൻ ഡിപ്പോയാണ് എൻസിആർടിസി മോദിപുരത്ത് നിർമിക്കുന്നത്.
ഇതില്‍ യാത്രക്കാർക്കായി ഒരു മെട്രോ സ്റ്റേഷനും നമോ ഭാരത്, മീററ്റ് മെട്രോ ട്രെയിനുകൾക്കായി ഒരു ട്രെയിൻ സ്റ്റേബിളിങ് യാർഡും ഉൾപ്പെടുമെന്ന് എൻസിആർടിസി ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ (സിപിആർഒ) പുനീത് വാട്‌സ് പറഞ്ഞു. മീററ്റ് മെട്രോയ്ക്കായി 13 സ്റ്റേഷനുകളാണ് നിർമിക്കുന്നത്. അവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. അവസാനഘട്ട ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.
രാജ്യത്ത് ആദ്യമായി മീററ്റ് മെട്രോ ആർആർടിഎസിന്‍റെ അടിസ്ഥാന സൗകര്യങ്ങളിൽ പ്രവർത്തിക്കും. മീററ്റ് സൗത്ത് സ്റ്റേഷനിൽ നിന്ന് മോദിപുരം ഡിപ്പോയിലേക്ക് യാത്ര സാധ്യമാകും. മീററ്റ് സെൻട്രൽ, ഭൈൻസലി, ബെഗംപുൾ സ്റ്റേഷനുകൾ അണ്ടര്‍ഗ്രൗണ്ടിലും ബാക്കിയുള്ളവ ഉയർത്തിയുമാണ് നിര്‍മാണം. കൂടാതെ, മീററ്റ് സൗത്ത്, ശതാബ്‌ദി നഗർ, ബേഗംപുൾ, മോദിപുരം എന്നിവിടങ്ങളിൽ നിന്ന് നമോ ഭാരത് ട്രെയിനിലേക്ക് യാത്രക്കാർക്ക് പ്രവേശനമുണ്ട്.