റായ്‌പൂർ :ഛത്തീസ്‌ഗഡിൽ സുരക്ഷ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 12 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലെ ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പീഡിയ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇന്ന് (മെയ് 10) രാവിലെ 6 മണി മുതലാണ് ഏറ്റുമുട്ടലുണ്ടായത്. 12 മണിക്കൂറിലേറെ സംഘർഷം ഉണ്ടായതായി ബീജാപൂർ എസ്‌പിയും ദന്തേവാഡ ഡിഐജിയും പറഞ്ഞു.
ഏറ്റുമുട്ടൽ അവസാനിച്ചതിന് പിന്നാലെ നടന്ന തെരച്ചിലിലാണ് 12 നക്‌സലൈറ്റുകളുടെ മൃതദേഹം കണ്ടെടുത്തത്. സംഭവസ്ഥലത്ത് നിന്ന് വൻതോതിൽ ആയുധശേഖരങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഡിആർജി, എസ്‌ടിജി, കോബ്ര ബറ്റാലിയൻ സൈനികർ എന്നിവർ ചേർന്ന് ഇന്ന് പുലർച്ചെ നടത്തിയ നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷനിലായ നക്‌സലൈറ്റുകളെ വധിച്ചത്. നക്‌സലൈറ്റുകൾ സൈനികർക്ക് നേരെ വെടിയുതിർക്കാൻ ശ്രമിച്ചതായി പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു.