റായയ്‌പൂർ: ഛത്തീസ്‌ഗഡില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു നക്‌സലൈറ്റ് കൊല്ലപ്പെട്ടു. ഇന്ന് (ഞായര്‍) സുക്‌മ ജില്ലയിൽ നടന്ന വെടിവയ്‌പ്പിലിലാണ് നക്‌സലൈറ്റ് കൊല്ലപ്പെട്ടത്. ഭേജി പോലീസ് സ്‌റ്റേഷൻ പരിധിയില്‍ പന്തഭേജി ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
മാവോയിസ്‌റ്റുകളുടെ കോണ്ട ഏരിയ കമ്മിറ്റി അംഗം സോധി ഗജേന്ദ്രയും മറ്റ് ചില നേതാക്കളും 15-20 കേഡർമാരും വനത്തിനുള്ളിൽ ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടൽ അവസാനിച്ചതിന് പിന്നാലെ നടന്ന തെരച്ചിലിലാണ് ഒരു നക്‌സലൈറ്റിൻ്റെ മൃതദേഹം കണ്ടെടുത്തത്.
ഒരു 12 ബോർ റൈഫിൾ, ഒരു പിസ്‌റ്റൾ മാവോയിസ്‌റ്റുകളുമായി ബന്ധപ്പെട്ട ചില സാധന സാമഗ്രികൾ എന്നിവയും പരിസരത്തുനിന്ന് കണ്ടെടുത്തു. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്‌തർ ഫൈറ്റേഴ്‌സ് എന്നീ രണ്ട് സംസ്ഥാന പോലീസ് യൂണിറ്റുകളും, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ (സിആർപിഎഫ്) 219-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തെന്നും പൊലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്‌ച സുക്‌മ ജില്ലയിലെ തെക്കൽഗുഡെം ഗ്രാമത്തിന് സമീപം നക്‌സലൈറ്റുകളുമായുള്ള വെടിവെപ്പിൽ സ്പെഷ്യലൈസ്‌ഡ് ജംഗിൾ വാർഫെയർ യൂണിറ്റ് കോബ്രയിലെ (കമാൻഡോ ബറ്റാലിയൻസ് ഫോർ റെസൊല്യൂട്ട് ആക്ഷൻ) രണ്ട് പേർ ഉൾപ്പെടെ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
ഏറ്റുമുട്ടലിനിടെ ഇരുപതോളം നക്‌സലൈറ്റുകൾ വെടിയേറ്റ് വീണെന്ന് കൃത്യത്തിൽ പങ്കെടുത്ത് പരിക്കേറ്റ ഒരു കോബ്രാ കമാൻഡോ പറഞ്ഞു. എന്നാല്‍ സഹപ്രവർത്തകർ അവരെ വനത്തിലേക്ക് കൊണ്ടുപോയെന്നും കമാൻഡോ വെളിപ്പെടുത്തിയിരുന്നു.