റായ്‌പൂർ : ഛത്തീസ്‌ഗഡിലെ നാരായൺപൂർ ജില്ലയിൽ വെള്ളിയാഴ്‌ച (ജൂൺ 7) നടന്ന ഏറ്റുമുട്ടലിൽ ഏഴ് നക്‌സലൈറ്റുകൾ കൊല്ലപ്പെടുകയും മൂന്ന് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് ഡിആർജി സൈനികർക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. പരിക്കേറ്റ സൈനികർ അപകടനില തരണം ചെയ്‌തുവെന്ന് അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തു. നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷനിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പുറപ്പെട്ടിരുന്ന ഓർച്ച മേഖലയിലെ ഗോബൽ ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് വെടിവയ്പ്പ് നടന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാരായൺപൂർ, കൊണ്ടഗാവ്, ദന്തേവാഡ, ബസ്‌തർ ജില്ലകളിലെ പൊലീസിന്‍റെ ജില്ലാ റിസർവ് ഗാർഡിലെ ഉദ്യോഗസ്ഥരും ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസിന്‍റെ (ഐടിബിപി) 45-ാം ബറ്റാലിയനുമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. കൊല്ലപ്പെട്ട നക്‌സലൈറ്റുകളുടെ മൃതദേഹത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.