ഭുവനേശ്വര്‍:പൊലീസ്ഡയറക്‌ടർ ജനറൽ/ഇൻസ്പെക്‌ടർ ജനറൽമാരുടെ അഖിലേന്ത്യാ സമ്മേളനത്തിന് നാളെ (നവംബര്‍ 30) ഭുവനേശ്വറില്‍ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്-എൻഎസ്എ അജിത് ഡോവൽ എന്നിവര്‍ കോണ്‍ഫറൻസില്‍ പങ്കെടുക്കും. ഭുവനേശ്വറില്‍ ആദ്യമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജി-ഐജി ഓഫിസര്‍മാര്‍ക്കൊപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
നാളെയും (നവംബര്‍ 30) മറ്റെന്നാളുമായി (ഡിസംബര്‍ 1) ഭുവനേശ്വറിലെ ലോക്‌സേവാഭവനിലെ സ്റ്റേറ്റ് കൺവെൻഷൻ സെൻ്ററിലാണ് കോണ്‍ഫറൻസ്. തീവ്രവാദം, ഇടതുപക്ഷ തീവ്രവാദം, തീരദേശ സുരക്ഷ, പുതിയ ക്രിമിനൽ നിയമങ്ങൾ, മയക്കുമരുന്ന് ഉള്‍പ്പടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന നിര്‍ണായക ഘടകങ്ങളെ കുറിച്ച് കോണ്‍ഫറൻസില്‍ ചര്‍ച്ചകള്‍ നടക്കും. വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡലും സമ്മേളനത്തില്‍ കൈമാറും.
അതേസമയം, സമ്മേളനത്തിന്‍റെ ഭാഗമായി ഒഡിഷയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്. ഇന്ന് വൈകുന്നേരം നാലരയ്‌ക്ക് ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ എത്തുന്ന മോദി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌ത ശേഷമാകും രാജ്‌ഭവനിലേക്ക് പോകുക. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോദി ഡിസംബര്‍ ഒന്നിന് ന്യൂഡല്‍ഹിയിലേക്ക് തിരിക്കും.