ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാറിലെ വകുപ്പ് വിഭജനം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായി. സുരേഷ് ഗോപിയ്‌ക്ക് സാംസ്‌കാരിക ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനം. ജോര്‍ജ് കുര്യന് ന്യുനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. രാജ്‌നാഥ് സിങ് (പ്രതിരോധം), നിതിൻ ഗഡ്‌കരി (റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം), അമിത് ഷാ (ആഭ്യന്തരം), നിര്‍മ്മല സീതാരാമന്‍ (ധനകാര്യം), എസ് ജയശങ്കര്‍ (വിദേശകാര്യം) തുടങ്ങിയവര്‍ തങ്ങള്‍ കൈകാര്യം ചെയ്‌തിരുന്നു വകുപ്പുകള്‍ നിലനിര്‍ത്തി.
ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിമാരായി ചുമതല ഏല്‍ക്കും. മനോഹർ ലാൽ ഖട്ടാറിന് ലഭിച്ചത് നഗരവികസനം, ഊർജ്ജം എന്നീ വകുപ്പുകളുടെ ചുമതലയാണ്. ആരോഗ്യ മന്ത്രാലയത്തെ ജെപി നദ്ദ നയിക്കും. ജ്യോതിരാദിത്യ സിന്ധ്യക്ക് ടെലികോം വകുപ്പ നല്‍കി. ഒപ്പം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയും.
ഘടക കക്ഷി മന്ത്രിമാര്‍ക്ക് മികച്ച വകുപ്പുകള്‍ തന്നെ നല്‍കിയെന്നതാണ് പ്രത്യേകത. കൃഷി വകുപ്പ് ആവശ്യപ്പെട്ട ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമിക്ക് ഉരുക്ക് ഖന വ്യവസായ വകുപ്പാണ് നല്‍കിയത്. തെലുഗു ദേശത്തില്‍ നിന്നുള്ള റാം മോഹന്‍ നായിഡുവിന് വ്യോമയാന വകുപ്പ് കിട്ടി. ജിതിൻറാം മാഞ്ചിക്ക് ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് കിട്ടി.
ചിരാഗ് പാസ്വാന് ഭക്ഷ്യ വകുപ്പ് നല്‍കി. ശിവരാജ് സിങ്ങ് ചൗഹാന് വളരെ പ്രധാനപ്പെട്ട കൃഷി, ഗ്രാമ വികസന വകുപ്പുകള്‍ ലഭിച്ചത് ശ്രദ്ധേയമായി. മുന്‍ ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യയെ സ്‌പോര്‍ട്‌സ്, യുവജനക്ഷേമം, തൊഴില്‍ വകുപ്പുകള്‍ ലഭിച്ചു. സുരേഷ് ഗോപി സഹമന്ത്രിയായ സാംസ്കാരിക ടൂറിസം വകുപ്പുകളുടെ ക്യാബിന്റ്റ് മന്ത്രി രാജസ്ഥാനില്‍ നിന്നുള്ള ഗജേന്ദ്ര ഷെഖാവത്താണ്. പെട്രോളിയം പ്രകൃതി വാതക വകുപ്പില്‍ ഹര്‍ദീപ് പുരി ക്യാബിനറ്റ് മന്ത്രിയാവും.ന്യൂനപക്ഷകാര്യവകുപ്പില്‍ കിരണ്‍ റിജിജുവാണ് ജോര്‍ജ് കുര്യന്‍റെ ക്യാബിനറ്റ് മന്ത്രി. ജെഡിയു നേതാവ് ലല്ലന്‍ സിങ്ങാണ് മൃഗ സംരക്ഷ, ഫിഷറീസ് വകുപ്പുകളുടെ ക്യാബിനെറ്റ് മന്ത്രി. ധര്‍മേന്ദ്ര പ്രധാന് വിദ്യാഭ്യാസ വകുപ്പു തന്നെ നല്‍കി. പ്രഹ്‌ളാദ് ജോഷിക്ക് ഭക്ഷ്യ വകുപ്പ് നല്‍കി. പാര്‍ലമെന്‍ററി കാര്യ വകുപ്പ് കിരണ്‍ റിജിജുനെ ഏല്‍പ്പിച്ചു.
അശ്വിനി വൈഷ്ണവ് റെയിൽവേ മന്ത്രാലയത്തിന്‍റെ ചുമതല നിലനിര്‍ത്തി. കൂടാതെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് , ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി എന്നീ വകുപ്പുകളുടെ ചുമതലയും നല്‍കിയിട്ടുണ്ട്. ഗിരിരാജ് സിംഗിനാണ് ടെക്സ്റ്റൈൽ വകുപ്പ് ലഭിച്ചത്. അന്നപൂർണാ ദേവിക്ക് വനിതാ ശിശു വികസന മന്ത്രാലയം ചുമതലയാണ് ലഭിച്ചത്. ഹർദീപ് സിങ് പുരി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം നിലനിർത്തി.