കേരളം

kerala

ETV Bharat / bharat

'ഡല്‍ഹിയുടെ മനസില്‍ മോദി'യെന്ന് അമിത് ഷാ; വികസനവും മികച്ച ഭരണവും വിജയിച്ചെന്ന് പ്രധാനമന്ത്രി - AMIT SHAH EXPRESSES GRATITUD

ബിജെപിക്ക് കൂറ്റന്‍ വിജയം സമ്മാനിച്ച ഡല്‍ഹി ജനതയ്ക്ക് നന്ദി പറഞ്ഞ് മോദിയും ഷായും. ബിജെപിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍, തോല്‍വി അംഗീകരിക്കുന്നുവെന്നും എഎപി അധ്യക്ഷന്‍.

Delhi polls  Amit sha  modi  bjp
modi Amit Shah (ETV Bharat)

By ETV Bharat Kerala Team

Published : Feb 8, 2025, 5:12 PM IST

ന്യൂഡല്‍ഹി: വികസനത്തിനുള്ള അംഗീകാരമാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്ക് കൂറ്റന്‍ വിജയം സമ്മാനിച്ച ഡല്‍ഹി ജനതയ്ക്ക് തന്‍റെ നന്ദി അറിയിക്കുന്നതായും അദ്ദേഹം സോഷ്യല്‍ മീഡിയ മാധ്യമമായ എക്‌സില്‍ കുറിച്ചു. തലസ്ഥാന നഗരത്തിന്‍റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഡല്‍ഹി ജനതയ്ക്ക് ഉറപ്പ് നല്‍കി.

ഇടിവി ഭാരത് കേരള വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ജനങ്ങളുടെ അധികാരം പരമമാണ്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും തങ്ങള്‍ പ്രതിജ്ഞാബദ്ധമായിരിക്കും. വികസിത ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ ഡല്‍ഹിയുടെ പങ്കാളിത്തവും ഉറപ്പാക്കും. ഇനി ഡല്‍ഹി ജനതയെ സേവിക്കാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ നുണകളുടെ ഭരണം അവസാനിച്ചിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി അധികാരത്തില്‍ തിരിച്ച് വരുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഡല്‍ഹിയില്‍ വികസനത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഒരു പുതുയുഗപ്പിറവിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയുടെ മനസില്‍ മോദിയാണെന്നും തന്‍റെ എക്‌സ് പോസ്റ്റില്‍ അമിത് ഷാ ചൂണ്ടിക്കാട്ടി. നുണകളുടെയും ചതികളുടെയും അഴിമതികളുടെയും ചില്ലുകൊട്ടാരം തകര്‍ത്തുകൊണ്ട് ഡല്‍ഹിയെ എഎപി മുക്തമാക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നെന്നും അദ്ദേഹം പറഞ്ഞു. വാഗ്‌ദാന ലംഘനം നടത്തുന്നവരെയും വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കുന്നവരെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാഠമാണ് ഡല്‍ഹി ജനത ഈ തെരഞ്ഞെടുപ്പ് വിധിയിലൂടെ നല്‍കുന്നത്. രാജ്യമെമ്പാടും വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാഠം കൂടിയാണിത്.

ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ അമിത് ഷാ ഡല്‍ഹി ജനതയ്ക്ക് നല്‍കിയ മുഴുവന്‍ വാഗ്‌ദാനങ്ങളും പാലിക്കുമെന്നും ഉറപ്പ് നല്‍കി. മോഡിയുടെ വികസന കാഴ്‌ചപ്പാടുകള്‍ക്കും ഉറപ്പുകള്‍ക്കുമുള്ള അംഗീകാരമാണ് ഈ വിജയം കൂറ്റന്‍ വിജയത്തിന് ഡല്‍ഹി ജനതയ്ക്ക് ഹൃദയംഗമമായ നന്ദി. മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയെ ലോകത്തിലെ ഒന്നാമത്തെ തലസ്ഥാന നഗരമാക്കി മാറ്റുമെന്നും അമിത് ഷാ പറഞ്ഞു.

പൊതുജനങ്ങളെ ആവര്‍ത്തിച്ച് വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കി കബളിപ്പിക്കാനാകില്ല. മലിനമായ യമുനയ്ക്കും വൃത്തിയില്ലാത്ത കുടിവെള്ളത്തിനും തകര്‍ന്ന റോഡുകള്‍ക്കും ഓടകള്‍ നിറഞ്ഞൊഴുകുന്ന മാലിന്യത്തിനും എല്ലാ തെരുവുകളിലും തുറന്ന് വച്ചിരിക്കുന്ന മദ്യക്കടകള്‍ക്കും ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കിയിരിക്കുന്നു. ഈ വന്‍ വിജയത്തിന് വേണ്ടി രാവും പകലും അക്ഷീണം പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കും സംസ്ഥാന അധ്യക്ഷന്‍ വിരേന്ദ്ര സച് ദേവയ്ക്കും നന്ദി പറയുന്നുവെന്ന് അദ്ദേഹം കുറിച്ചു.

ഇത് വനിതകള്‍ക്കുള്ള ആദരവാണ്, അംഗീകാരമില്ലാത്ത ചേരിനിവാസികള്‍ക്കുള്ള അംഗീകാരം, സ്വയം തൊഴിലിനുള്ള അനന്ത സാധ്യതകള്‍, ഡല്‍ഹി ഇപ്പോള്‍ മോദിയുടെ നേതൃത്വത്തില്‍ മാതൃകാപരമായ ഒരു തലസ്ഥാനമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തങ്ങള്‍ പരാജയം അംഗീകരിക്കുന്നുവെന്ന് ആം ആദ്‌മി പാര്‍ട്ടി പറഞ്ഞു. വന്‍ വിജയം നേടിയ ബിജെപിയെ അരവിന്ദ് കെജ്‌രിവാള്‍ അഭിനന്ദിക്കുകയും ചെയ്‌തു. അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ കോണ്‍ഗ്രസ് ഇക്കുറിയും നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി. എഴുപതംഗ നിയമസഭയിലേക്ക് ഈ മാസം അഞ്ചിനാണ് വോട്ടെടുപ്പ് നടന്നത്. 60.54ശതമാനം പേര്‍ വോട്ട് ചെയ്‌തു.

Also Read:കെജ്‌രിവാള്‍ മുതല്‍ അവാധ് ഓജ വരെ; ബിജെപിയുടെ തേരോട്ടത്തില്‍ കാലിടറിയ എഎപിയുടെ വമ്പന്മാര്‍

ABOUT THE AUTHOR

...view details