മുംബൈ: വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന് ആരോപിച്ച്ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയെ ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ഹോട്ടലിൽ തടഞ്ഞുവച്ചു.നലസോപാരയിലെ വിവാന്ത ഹോട്ടലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഹോട്ടലില്‍ ബഹുജൻ വികാസ് അഘാഡി പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. വിരാർ പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ബിവിഎ എംഎൽഎ ക്ഷിതിജ് താക്കൂറും ഹോട്ടലിൽ എത്തി.
വോട്ടിനായി ബിജെപി വൻതോതിൽ പണം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത് ദൗർഭാഗ്യകരമാണെന്നും ക്ഷിതിജ് താക്കൂർ പറഞ്ഞു. ബിജെപി നേതാവ് വിനോദ് താവ്‌ഡെ അഞ്ച് കോടി രൂപയാണ് വിവാന്ത ഹോട്ടലിലേക്ക് കൊണ്ടുവന്നതെന്ന് ബഹുജൻ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ യോഗം നടക്കുന്നുണ്ട് എന്നാണ് വിനോദ് താവ്‌ഡെ പറഞ്ഞത്. വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ്, പുറത്തുനിന്നുള്ള നേതാക്കൾ മണ്ഡലം വിട്ടുപോകണമെന്ന് ബിജെപി ദേശീയ നേതാവിന് അറിയില്ലേ എന്ന് ഹിതേന്ദ്ര താക്കൂര്‍ ചോദിച്ചു.
ഇനി ഈ കേസിൽ പൊലീസ് എന്ത് ചെയ്യുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിനോദ് താവ്‌ഡെ തന്നോട് ക്ഷമാപണം നടത്തിയതായും ഹിതേന്ദ്ര താക്കൂർ വെളിപ്പെടുത്തി.
അതേസമയം, നലസോപാരയിലെ എംഎൽഎമാരുടെ യോഗത്തിനാണ് താന്‍ പോയത് എന്നാണ് വിനോദ് താവ്‌ഡെയുടെ വിശദീകരണം. വോട്ടിങ് ദിവസത്തെ മാതൃകാ പെരുമാറ്റച്ചട്ടത്തെക്കുറിച്ചും വോട്ടിങ് യന്ത്രങ്ങൾ എങ്ങനെ സീൽ ചെയ്യുമെന്നും മറ്റും പറഞ്ഞുകൊടുക്കാനാണ് അവിടെ പോയതെന്നും താവ്‌ഡെ പറഞ്ഞു. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കട്ടേയെന്നും താവ്ഡെ പ്രതികരിച്ചു.
Also Read:'പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക് കനത്ത തോല്‍വി സമ്മാനിക്കണം'; വോട്ടര്‍മാരോട് ആഹ്വാനം ചെയ്‌ത് ശരദ് പവാർ