വാരാണസി (ഉത്തർപ്രദേശ്) :ഗ്യാൻവാപി സമുച്ചയത്തിനുള്ളിലെ ‘വ്യാസ് കാ തെഖാന’ ഏരിയയിൽ ഹിന്ദു ഭക്തർക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്‌ജിദ് വിഭാഗം. 2022ലെ അഡ്വക്കേറ്റ് കമ്മീഷണർ റിപ്പോർട്ടും, എഎസ്ഐയുടെ റിപ്പോർട്ടും, 1937ലെ തങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങളും അവഗണിച്ചാണ് വാരാണസി കോടതി ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് അഭിഭാഷകൻ അഖ്‌ലാഖ് അഹമ്മദ് പറഞ്ഞു.
ഹിന്ദു പക്ഷം തെളിവുകളൊന്നും നൽകിയിട്ടില്ല. 1993-ന് മുമ്പ് പ്രാർത്ഥനകൾ നടന്നിരുന്നു. എന്നാല്‍ അവിടെ അങ്ങനെയൊരു വിഗ്രഹമില്ല. ഈ ഉത്തരവിനെതിരെ ഉന്നത കോടതികളെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോടതിയുടെ ഈ ഉത്തരവ് അംഗീകരിക്കില്ല. ഞങ്ങൾ ഇതിനെതിരെ നിയമപരമായി പോരാടും. രാഷ്‌ട്രീയ നേട്ടത്തിനായാണ് ഈ നീക്കം - അഭിഭാഷകന്‍ പറഞ്ഞു.
ബാബറി മസ്‌ജിദ് കേസിൽ സ്വീകരിച്ച അതേ സമീപനമാണ് ഇപ്പോൾ എടുക്കുന്നത്. കമ്മീഷണറുടെ റിപ്പോർട്ടിലും എഎസ്ഐയുടെ റിപ്പോർട്ടിലും ഒന്നുമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും, തീരുമാനത്തിൽ തങ്ങൾക്ക് അതൃപ്‌തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1993 ന് മുമ്പ് ഗ്യാൻവാപിയില്‍ പ്രാർത്ഥനകൾ നടന്നിരുന്നതായി തെളിവുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്‌ചയാണ് (31-01-2024) വാരാണസി കോടതി ഗ്യാന്‍വാപി മസ്‌ജിദ് സമുച്ചയത്തിനുള്ളിലെ 'വ്യാസ് കാ തെഖാന' ഏരിയയിൽ ഹിന്ദു ഭക്തർക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയത്.