കേരളം

kerala

ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ്: എല്ലാ കണ്ണുകളും മുര്‍ഷിദാബാദിലേക്ക്, മുഹമ്മദ് സലിം ഇടതിന്‍റെ ഫീനിക്‌സ് ആകുമോ? - Murshidabad Slip Through As Muslin - MURSHIDABAD SLIP THROUGH AS MUSLIN

രാജ്യത്ത് മൂന്നാംഘട്ട പോളിങ്ങ് പുരോഗമിക്കുമ്പോള്‍ എല്ലാ കണ്ണുകളും പശ്ചിമബംഗാളിലെ ഒരു മണ്ഡലത്തിലേക്കാണ് ഉറ്റുനോക്കുന്നത്. മാല്‍ഡ, മുര്‍ഷിദാബാദ്, നാദിയ ജില്ലകളിലായി കിടക്കുന്ന നാല് സീറ്റുകളിലേക്കാണ് ഇന്ന് പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇടിവി ഭാരതിന്‍റെ ദീപാങ്കര്‍ ബോസിന്‍റെ റിപ്പോര്‍ട്ടിലേക്ക്

LOK SABHA ELECTION 2024  MURSHIDABAD  LEFT CONGRESS  MUHAMMAD SALIM
തെരഞ്ഞെടുപ്പ് പ്രചാരണ റോഡ്ഷോയില്‍ മുഹമ്മദ് സലിം (Source: Etv Bharat Network)

By ETV Bharat Kerala Team

Published : May 7, 2024, 2:50 PM IST

കൊല്‍ക്കത്ത : സംസ്ഥാനത്തെ മാല്‍ഡ, മുര്‍ഷിദാബാദ്, നാദിയ ജില്ലകളിലായി കിടക്കുന്ന നാല് മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടമായ ഇന്ന് പശ്ചിമബംഗാളില്‍ പോളിങ്ങ് നടക്കുന്നത്. എന്നാല്‍ മിക്കവരും സംസ്ഥാനത്തെ ഒരു മണ്ഡലത്തിലേക്കാണ് ഉറ്റുനോക്കുന്നത്. മറ്റെങ്ങുമല്ല മുര്‍ഷിദാബാദിലേക്ക്.

എന്താ കാര്യമെന്നല്ലേ? തൃണമൂല്‍ കോണ്‍ഗ്രസ് - ബിജെപി രാഷ്‌ട്രീയ ദ്വന്ദ്വങ്ങള്‍ തകര്‍ത്തെറിയാന്‍ തുടക്കമിട്ട മണ്ഡലമെന്ന നിലയിലാണ് മുര്‍ഷിദാബാദ് രാഷ്‌ട്രീയ ശ്രദ്ധാകേന്ദ്രമായത്. മുര്‍ഷിദാബാദില്‍ ഇക്കുറി ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. തൃണമൂലിന്‍റെ അബു തഹെര്‍ ഖാന്‍, ബിജെപിയുടെ ഗൗരിശങ്കര്‍ ഘോഷ്, സിപിഎം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലിം എന്നിവരാണ് അങ്കത്തട്ടിലുള്ളത്.

ഇവിടെയാണ് ആദ്യമായി കോണ്‍ഗ്രസ്-ഇടതു സഖ്യത്തിന്‍റെ സീറ്റ് പങ്കിടല്‍ ധാരണകള്‍ക്ക് ആദ്യമായി കൃത്യമായ രൂപം ഉണ്ടായത്. ഇടതിന്‍റെ ചാരത്തില്‍ നിന്ന് സലീമിന് ഉയര്‍ത്തെഴുന്നേല്‍ക്കാനാകുമോ എന്ന ചോദ്യമാണ് റാണിനഗര്‍, ദോംകല്‍, ഭഗബനഗോല, മുര്‍ഷിദാബാദിലെ ഹരിഹര്‍പര നാദിയ ജില്ലയിലെ കരിംപൂര്‍ എന്നിവിടങ്ങളില്‍ എല്ലാം ഉയരുന്നത്. ഇടതിന്‍റെ ചാരത്തില്‍ നിന്ന് സലീമിന് ഉയര്‍ത്തെഴുന്നേല്‍ക്കാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബംഗാളില്‍ സലിം പാര്‍ട്ടിയുടെ ഫീനിക്‌സ് ആകുമോ എന്ന ചോദ്യവും ഉയരുന്നു.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ബഹര്‍പൂരിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തിപരമായി സലിമിന് വേണ്ടി പ്രചാരണം നടത്തുന്നു. ഒരിക്കല്‍ കടുത്ത എതിരാളികളായിരുന്നവര്‍ ഒന്നിച്ചെത്തുകയും പരസ്‌പരം ഹസ്‌തദാനം നടത്തുകയും ചെയ്യുന്ന അത്യപൂര്‍വ പിന്തുണയുടെ കാഴ്‌ചയാണ് നമുക്കിവിടെ കാണാനാകുക. അധിര്‍ ഒരുപടി കൂടി കടന്ന് അരിവാളും ചുറ്റികയും പതിച്ച ഒരു സ്‌കാര്‍ഫും കഴുത്തിലണിഞ്ഞാണ് തന്‍റെ സലിമിനുള്ള തന്‍റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും വോട്ടില്‍ വിള്ളല്‍ വീഴ്‌ത്താന്‍ സലിമിന് കഴിയുമോ? 2019ലെ തെരഞ്ഞെടുപ്പിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ഇല്ലെന്ന ഉത്തരമാകും കിട്ടുക. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തമ്മില്‍ യാതൊരു സഖ്യവും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ആ തെരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മത്സരമാണ് അരങ്ങേറിയത്. ഫലം എന്താകുമെന്നത് പ്രവചിക്കാനും ആകുമായിരുന്നു.

തൃണമൂലിന്‍റെ അബു താഹെര്‍ വോട്ടുകളുടെ സിംഹഭാഗവും സ്വന്തം കൈപ്പിടിയിലൊതുക്കി. 6,04,346 വോട്ടുകള്‍ നേടി അദ്ദേഹം വിജയിച്ചു. ബിജെപിയുടെ ഹുമയൂണ്‍ കബീറിന് 2,47,809 വോട്ടുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസിന്‍റെ അബു ഹെനയ്ക്ക് 3,77,929 വോട്ടുകളാണ് സ്വന്തമാക്കാനായത്. സിപിഎമ്മിന്‍റെ ബദ്റുദോസ ഖാന് കേവലം 1,80,793 വോട്ടുകളേ നേടാനായുള്ളൂ.

ഇക്കുറി തങ്ങള്‍ക്ക് വസന്തകാലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് എന്താണ്? :ആദ്യമായി 2019ല്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇടത് -കോണ്‍ഗ്രസ് വോട്ടുകളും തമ്മിലുള്ള വ്യത്യാസം കേവലം 45,624 മാത്രമാണ്. രണ്ടാമതായി 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുര്‍ഷിദാബാദ് ഒഴികെയുള്ള മറ്റ് ആറ് നിയമസഭ സീറ്റുകളും സ്വന്തമാക്കാന്‍ തൃണമൂലിനായി. മൂന്നാമതായി മുര്‍ഷിദാബാദില്‍ 68 ശതമാനത്തോളം മുസ്ലീം ന്യൂനപക്ഷവോട്ടുകളാണ് ഉള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇതുവരെയും വോട്ട് ധ്രൂവീകരണം സംഭവിക്കാറുമില്ല.

1980 മുതല്‍ 2019 വരെയുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് തവണയൊഴികെ മറ്റെല്ലാ സമയത്തും ഇവിടെ നിന്ന് ജയിച്ച് കറിയത് ഇടത് സ്ഥാനാര്‍ഥികളായിരുന്നു. 2004ലും 2009ലുമാണ് ഇടതിനെ മുര്‍ഷിദാബാദ് കൈവിട്ടത്. മുര്‍ഷിദാബാദിലേറെയും ബീഡിത്തൊഴിലാളികളാണ് ജീവിക്കുന്നത്. മറ്റ് ചിലര്‍ കുടിയേറ്റ തൊഴിലാളികളാണ്. 2019ല്‍ ബിജെപിക്ക് കേവലം ഒന്‍പത് ശതമാനം വോട്ടുകളേ ഇവിടെ നേടാനായുള്ളൂ. ഇക്കുറി ത്രികോണ മത്സരമാകുമ്പോള്‍ ബിജെപിയുടെ നില കൂടുതല്‍ പരുങ്ങലിലാകും.

മുര്‍ഷിദാബാദിലെ മത്സരം പ്രധാനമായും തൃണമൂലും സിപിഎമ്മും തമ്മിലാണ്. അബു താഹെര്‍ ഖാന്‍ ഒരിക്കല്‍ പോലും പാര്‍ലമെന്‍റില്‍ വായ തുറന്നിട്ടില്ലെന്ന് എതിര്‍പക്ഷം ആരോപിക്കുന്നു. മുര്‍ഷിദാബാദിന്‍റെ ശബ്‌ദം ലോക്‌സഭയില്‍ ഉയര്‍ന്ന് കേട്ടേ മതിയാകൂ എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് തവണ ലോക്‌സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവുമായ മുഹമ്മദ് സലിം മികച്ച വാഗ്മി കൂടിയാണ്.

കഴിഞ്ഞ കൊല്ലം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 5589 ഗ്രാമപഞ്ചായത്ത് സീറ്റുകളും കോണ്‍ഗ്രസ്-ഇടത് സഖ്യമാണ് പിടിച്ചത്. തൃണമൂലിനെ രണ്ടാം സ്ഥാനത്തേക്ക് ഇവര്‍ പിന്തള്ളി. ബിജെപി ബഹുദൂരം പിന്നിലായിരുന്നു. 2019ല്‍ തുടങ്ങിയ അകലം പിന്നീടിങ്ങോട്ട് ഒരിക്കലും കുറയ്ക്കാനായിട്ടില്ല.

Also Read:ബംഗാളിന്‍റെ അവസ്ഥ കാശ്‌മീരിനേക്കാൾ ഭീകരം': നരേന്ദ്ര മോദി

ബിജെപിയുടെ ഗൗരിശങ്കര്‍ ഘോഷ് മുര്‍ഷിദാബാദ് ജില്ലയിലെ പാര്‍ട്ടിയുടെ ഏക എംഎല്‍എയാണ്. പാര്‍ട്ടിയില്‍ തന്നെ ഇദ്ദേഹം വിജയിക്കുമോയെന്ന് അഭിപ്രായമില്ല. മാന്യമായ മൂന്നാം സ്ഥാനമാണ് ഇവര്‍ പ്രതീക്ഷിക്കുന്നതും. നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഒരിക്കലും ഇവിടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാറില്ല. ഏതായാലും രാഷ്‌ട്രീയ സമവാക്യങ്ങള്‍ ഇക്കുറി മാറി മറിയുമെന്ന് ഉറപ്പാണ്. മുര്‍ഷിദബാദ് ഒരിക്കല്‍ കൂടി ചുവക്കുമോ? അടുത്തമാസം നാല് വരെ നമുക്ക് കാത്തിരിക്കാം.

ABOUT THE AUTHOR

...view details