ഷിംല :ഹിമാചല്‍ പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഹിമാചലിലുണ്ടായ തുടര്‍ച്ചയായ കനത്ത മഴയാണ് നിരവധി ഉരുള്‍പൊട്ടലുകള്‍ക്ക് ഇടയാക്കിയത്. ഇതുവരെ ഇരുപത് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജില്ല ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ ദിവസം ജില്ല ഭരണകൂടം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. റോഡ് പുനസ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഭൗമശാസ്‌ത്രജ്ഞര്‍ കാര്യങ്ങള്‍ വിലയിരുത്തും. റോഡുകള്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് തയാറാക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അനുപം കശ്യപ് അറിയിച്ചു.
സമേജ് മേഖലയിലെ രാംപൂര്‍ വെള്ളപ്പൊക്കത്തില്‍ തെരച്ചില്‍ നടപടികളില്‍ കാര്യമായ ഫലമുണ്ടായിട്ടില്ല. സത്‌ലജ് നദിയില്‍ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നദിതീരങ്ങളിലടക്കം അഞ്ചിടങ്ങളില്‍ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സമേജ്, താക്‌ലേക് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്‌ടങ്ങളുണ്ടായിട്ടുള്ളതെന്നും കശ്യപ് അറിയിച്ചു.