കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ ഡോ സി വി ആനന്ദ ബോസ് രാജ്‌ഭവൻ പരിസരത്ത് പൊലീസ് പ്രവേശനം വിലക്കി. അനുമതിയില്ലാതെ രാജ്‌ഭവനിലേക്ക് പൊലീസ് പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയായ സ്ത്രീ ഗവർണർക്കെതിരെ പീഡന പരാതി നൽകിയതിന് പിന്നാലെയാണ് നടപടി.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ ഗവർണർ നിഷേധിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ മേലധികാരികളെ അനുനയിപ്പിക്കാനായി അനധികൃതവും നിയമവിരുദ്ധവും കപടവുമായ അന്വേഷണം നടത്തുകയാണെന്നും, ഇതിനായി രാജ്‌ഭവൻ പരിസരത്ത് പൊലീസ് പ്രവേശനം നിരോധിച്ചിരിക്കുകയാണെന്നും രാജ്‌ഭവൻ അഭിപ്രായപ്പെട്ടു. തനിക്കെതിരെയുള്ള ലൈംഗിക ആരോപണം ആസൂത്രിതമാണെന്നാണ് ഗവർണറുടെ വാദം.