കേരളം

kerala

ETV Bharat / bharat

വയനാടിനായി 'വയർ നിറഞ്ഞ്, മനസറിഞ്ഞ്...'; പണം സമാഹരിക്കാന്‍ തമിഴ്‌നാട്ടിലെ റസ്റ്റോറന്‍റില്‍ 'മൊയ്‌ വിരുന്ന്' - MOI VIRUNDHU FOR LANDSLIDE VICTIMS - MOI VIRUNDHU FOR LANDSLIDE VICTIMS

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് ധനസഹായവുമായി തമിഴ്‌നാട്ടിലെ റസ്റ്റോറന്‍റ്. പണം സമാഹരിച്ചത് മൊയ്‌ വിരുന്നിലൂടെ. വിരുന്നെത്തിയവര്‍ വയറുനിറയെ കഴിച്ചു. മനസറിഞ്ഞ് സഹായിച്ചു.

WAYANAD LANDSLIDE VICTIMS HELP  MOI VIRUNDHU DINDIGUL RESTAURANT  മൊയ്‌വിരുന്ന് ഉരുള്‍പൊട്ടല്‍ സഹായം  തമിഴ്‌നാട് മൊയ്‌ വിരുന്ന്
Moi Virundhu in Dindigul (ETV Bharat)

By ETV Bharat Kerala Team

Published : Aug 8, 2024, 3:57 PM IST

Updated : Aug 8, 2024, 6:55 PM IST

മൊയ്‌ വിരുന്നില്‍ നിന്നും (ETV Bharat)

ചെന്നൈ:വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി 'മൊയ് വിരുന്ന്' ഒരുക്കി ഡിണ്ടിഗലിലെ ഒരു റസ്റ്റോറന്‍റ്. ഇന്നലെ (ഓഗസ്റ്റ് 7) രാത്രി 8 മണിയോടെയാണ് ഡിണ്ടിഗലിലെ റസ്റ്റോറന്‍റിൽ അത്യാഡംബര വിരുന്ന് നടന്നത്. പലഹാരത്തിൽ തുടങ്ങി ചിക്കൻ ബിരിയാണി, ചിക്കൻ 65, പൊറോട്ട, നെയ്‌ച്ചോറ്, ഉള്ളി റൈത്ത, പായസം എന്നിവയടക്കം വിഭവ സമൃദ്ധമായിരുന്നു വിരുന്ന്. വന്നവർ 'മതി, മതി' എന്ന് പറയുന്നവരെ ഉടമ മുജീബ് ഭക്ഷണം വിളമ്പി. വിരുന്നില്‍ വയറും മനസും നിറഞ്ഞവര്‍ ഇലയുടെ അടിയിൽ തങ്ങളാൽ കഴിയുന്ന പണം വച്ച് മടങ്ങി.

വിചാരിച്ചിരുന്നെങ്കിൽ 50,000 രൂപയോ ഒരു ലക്ഷം രൂപയോ വയനാട്ടുകാർക്കായി നൽകാമായിരുന്നു. എന്നാൽ പൊതുജനങ്ങളെക്കൂടെ സംഭാവനയുടെ ഭാഗമാക്കണമെന്ന് കരുതിയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഡിണ്ടിഗലിൽ റസ്റ്റോറന്‍റ് നടത്തുന്ന മുജീബ് പറയുന്നു. ഈ ഫണ്ട് വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നൽകുമെന്ന് മുജീബ് പറഞ്ഞു.

'പണത്തിനായി വിരുന്ന്' എന്ന് അര്‍ഥം വരുന്ന 'മൊയ്‌വിരുന്ധ്' എന്ന ആചാരം തമിഴ് സംസ്‌കാരത്തിൽ പുരാതന കാലം മുതൽ നിലവിലുണ്ട്. ദാരിദ്ര്യം അനുഭവിക്കുന്നവർ ചെറിയ രീതിയില്‍ പണം സംഘടിപ്പിക്കാന്‍ ഇത്തരത്തില്‍ പാർട്ടി സംഘടിപ്പിക്കും. ആ ആശയത്തില്‍ നിന്നാണ് റസ്‌റ്റോറന്‍റില്‍ ഇത്തരത്തില്‍ ഒരു പരിപാടി നടത്താമെന്ന വിചാരിച്ചതെന്ന്' മുജീബ് മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ മാത്രം പണവും സഹായവും നൽകിയാൽ പോരാ, സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പടെ തനിക്ക് ചുറ്റുമുള്ളവരും സംഭാവന നൽകണമെന്ന് ആഗ്രഹിച്ചതിനാലാണ് വിരുന്ന് ഒരുക്കിയതെന്ന് മുജീബ് പറയുന്നു. പരിപാടിയെ ധാരാളം ആളുകൾ പിന്തുണച്ചതിലെ സന്തോഷവും മുജീബ് പങ്കുവച്ചു. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടിയാണ് വിരുന്ന് എന്നറിഞ്ഞതില്‍ സന്തോഷവും സംതൃപ്‌തിയും ഉണ്ടെന്ന് വിരുന്നിനെത്തിയവരും പറഞ്ഞു.

കഴിച്ച ഭക്ഷണത്തിന്‍റെ തുക മുതല്‍ പതിനായിരം രൂപയുടെ ചെക്ക് വരെ മൊയ്‌ വിരുന്നില്‍ ആളുകള്‍ വയനാടിന് നല്‍കി. പോക്കറ്റ് മണിയായി കയ്യിലുണ്ടായിരുന്ന നാണയത്തുട്ടുകള്‍ നല്‍കിയ കുട്ടിയും വിരുന്നിനെത്തിയവരുടെ മനസ് നിറച്ചു. മൊയ് വിരുന്നിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് റസ്റ്റോറന്‍റ് ഉടമ മുജീബ് അറിയിച്ചിട്ടുണ്ട്.

എന്താണ് മൊയ് വിരുന്ന്?തമിഴ്‌നാട്ടിൽ മൊയ് വിരുന്ന് അറിയാത്തവരുണ്ടാകില്ല. മലബാര്‍ മേഖലയില്‍ പണം പയറ്റ് എന്ന പേരിലാണ് ഈ സമ്പ്രദായം അറിയപ്പെടുന്നത്. പണപ്പയറ്റ്, കുറിക്കല്യാണം, തേയില സത്‌കാരം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ജാതി, മതം, സാമ്പത്തികസ്ഥിതി തുടങ്ങിയ ഭേദങ്ങളില്ലാതെ ഒരു ദേശത്തെ മുഴുവൻ ആളുകളും ഒത്തുചേർന്ന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്ന രീതിയാണിത്. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബം പ്രദേശത്തെ എല്ലാ ആളുകളെയും ഒരു വിരുന്നിനായി ക്ഷണിക്കും. വിരുന്നിൽ പങ്കെടുക്കുന്നവർ ഭക്ഷണം കഴിച്ച ശേഷം ഇലയുടെ കീഴിൽ തങ്ങളാൽ കഴിയുന്ന തുക പണമായി നൽകും. ഈ തുക സാധാരണയായി ഭക്ഷണത്തിന്‍റെ വിലയേക്കാൾ കൂടുതലായിരിക്കും.

വ്യക്തിയോ കുടുംബമോ ദാരിദ്ര്യത്തിൽ അകപ്പെട്ടാൽ, അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ മാത്രം സഹായിക്കുന്നതിന് പകരം അതൊരു കൂട്ടുത്തരവാദിത്വമാക്കുന്ന രീതിയാണ് മൊയ്‌ വിരുന്ന്. സാമ്പത്തിക സന്തുലിതാവസ്ഥയ്ക്കും ആളുകൾ പരസ്‌പരം സഹകരിച്ച്, കടക്കെണിയിലാകാതെ മാന്യമായ ജീവിതം നയിക്കാനും മൊയ്‌ വിരുന്ന് രീതി സഹായകമാണ്. 1992ൽ പുറത്തിറങ്ങിയ വിജയകാന്തിന്‍റെ ചിന്ന ഗൗണ്ടര്‍ എന്ന തമിഴ് ചിത്രത്തില്‍ മൊയ്‌ വിരുന്നിന്‍റെ ഒരു രംഗം കാണാനാകും.

അതേസമയം വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് പലവിധത്തിലുള്ള സഹായങ്ങള്‍ എത്തുന്നുണ്ട്. തമിഴ്‌നാടിന് പുറമെ കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സിനിമ താരങ്ങളും വ്യവസായികളും പൊതുജനങ്ങളും കേരളത്തിനായി സഹായമെത്തിക്കുന്നുണ്ട്.

Also Read :വയനാട് ഉരുൾപൊട്ടൽ: ഡിവൈഎഫ്ഐ 'ആക്രി ചലഞ്ചിലേക്ക്' ബൈക്ക് നല്‍കി മാതൃകയായി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥൻ

Last Updated : Aug 8, 2024, 6:55 PM IST

ABOUT THE AUTHOR

...view details