ജയ്‌പൂര്‍: ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രമാണെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്. ഭാഷ, ജാതി, പ്രാദേശിക പ്രശ്‌നങ്ങള്‍ എന്നിവ മറന്ന് ഹിന്ദു സമൂഹം അതിന്‍റെ സുരക്ഷയ്ക്കായി ഒന്നിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസിൻ്റെ പ്രവർത്തനം മെക്കാനിക്കൽ അല്ലെന്നും ആശയാധിഷ്‌ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശനിയാഴ്‌ച വൈകുന്നേരം രാജസ്ഥാനിലെ ബാരനിൽ നടന്ന 'സ്വയംസേവക് ഏകത്രികരൺ' പരിപാടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ഹിന്ദുക്കൾ എല്ലാവരെയും അവരുടേതായി കാണുന്നു. ഹിന്ദു എന്ന പദം ഉണ്ടാകുന്നതിന് മുന്‍പു തന്നെ ഹിന്ദുക്കള്‍ ഇവിടെ ജീവിച്ചിരുന്നു. ഒത്തൊരുമയോടെയും ഐക്യത്തോടെയുമാണ് ഹിന്ദുക്കള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെരുമാറ്റത്തില്‍ അച്ചടക്കവും രാഷ്‌ട്രത്തോട് കടമയും ലക്ഷ്യങ്ങളോട് സമർപ്പണവും വേണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഒരു സമൂഹം രൂപപ്പെടുന്നത് വ്യക്തികളിലൂടെയും അവരുടെ കുടുംബങ്ങളിലൂടെയും മാത്രമല്ല, ആത്മീയ പൂർത്തീകരണത്തിനുളള മാര്‍ഗങ്ങളിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനതകളില്ലാത്ത സംഘടനയാണ് ആര്‍എസ്‌എസ്. ഗ്രൂപ്പ് നേതാക്കൾ മുതൽ താഴെത്തട്ടിലെ സാധാരണ പ്രവര്‍ത്തകരിലേക്ക് വരെ പടര്‍ന്ന് കിടക്കുന്ന പാര്‍ട്ടിയാണ് ആര്‍എസ്‌എസ്.
സമൂഹത്തെ ശാക്തീകരിക്കുന്നതിലൂടെ സമുദായത്തിന്‍റെ കുറവുകൾ ലഘൂകരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. സാമൂഹിക ഐക്യം, നീതി, ആരോഗ്യം, വിദ്യാഭ്യാസം, സ്വാശ്രയത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർ എപ്പോഴും കുടുംബങ്ങളിലെ ഐക്യം, പരിസ്ഥിതി അവബോധം, തദ്ദേശീയ മൂല്യങ്ങൾ, പൗരബോധം എന്നിവ വളർത്താന്‍ ശ്രമിക്കണമെന്നും ഭഗവത് പറഞ്ഞു.
ഇന്ത്യയുടെ ആഗോളതലത്തിലുളള പ്രശസ്‌തിയും പ്രവാസികളുടെ സുരക്ഷയും രാഷ്ട്രം ശക്തമാകുന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം 3,827 ആർഎസ്എസ് പ്രവര്‍ത്തകര്‍ പരിപാടിയിൽ പങ്കെടുത്തു. മുതിർന്ന ആർഎസ്എസ് ഭാരവാഹികളായ രമേഷ് അഗർവാൾ, ജഗദീഷ് സിങ് റാണ, രമേഷ് ചന്ദ് മേത്ത, വൈദ്യ രാധേശ്യാം ഗാർഗ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Also Read:കോണ്‍ഗ്രസ് യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി