ന്യൂഡല്‍ഹി:ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടത്തില്‍ വോട്ടവകാശം വിനിയോഗിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയ ജനത പാര്‍ട്ടി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്കാകും ഇത്രയധികം പേര്‍ വോട്ട് ചെയ്‌തതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒന്നാംഘട്ട പോളിങില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. എല്ലായിടത്ത് നിന്നും നല്ല പ്രതികരണങ്ങള്‍ കിട്ടി. ഇവരെല്ലാം തന്നെ എന്‍ഡിഎയ്ക്കാകും വോട്ട് ചെയ്‌തിരിക്കുക എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശിലുമായി 102 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 60ശതമാനമാണ് പോളിങ് നില. പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. 77.57ശതമാനം പേരാണ് വോട്ട് ചെയ്‌തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗ്രാമീണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കാനെത്തിയത്. പൊതുവെ സമാധാന പരമായാണ് ഇന്നത്തെ വോട്ടിങ് നടന്നത്. ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയായ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ഇന്ന് നടന്ന ഒന്നാം ഘട്ടത്തില്‍ രാവിലെ ഏഴ് മണിക്കാണ് പോളിങ് തുടങ്ങിയത്. ഇന്ന് തെരഞ്ഞെടുപ്പ് നടന്ന 102 മണ്ഡലങ്ങളില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് 43 സീറ്റുകളാണ് ലഭിച്ചത്. ഇന്ത്യ ബ്ലോക്കിന് 48സീറ്റുകളും ഉണ്ടായിരുന്നു. മൂന്നാംവട്ടവും അധികാരത്തിലെത്താമെന്ന മോഹവുമായാണ് എന്‍ഡിഎ ഇക്കുറി മത്സത്തിന് ഇറങ്ങിയിട്ടുള്ളത്. എന്നാല്‍ ഇവരെ അധികാര ഭ്രഷ്‌ടരാക്കി തങ്ങള്‍ക്ക് ആധിപത്യം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം.
Also Read: ലക്ഷദ്വീപില്‍ 59.02 ശതമാനം പോളിങ്; വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍
ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് മുതല്‍ ജൂണ്‍ ഒന്നുവരെയാണ് പോളിങ്. ഇതിന് പുറമെ 26 നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. നാല് സംസ്ഥാനങ്ങളില്‍ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.