ചിലാകാലുരിപേട്ട(ആന്ധ്രാപ്രദേശ്): ടിഡിപി-ബിജെപി-ജനസേന സഖ്യത്തിന്‍റെ സംയുക്ത പൊതു സമ്മേളനത്തിന് സാക്ഷ്യം വഹിച്ച് വന്‍ ജനാവലി. ചിലാകാലുരിപേട്ട നിയമസഭാമണ്ഡലത്തിലെ ബൊപ്പുഡി ദേശീയ പാതയ്ക്ക് സമീപമായിരുന്നു മഹാസമ്മേളനം. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ടിഡിപി ദേശീയ അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും പവന്‍കല്യാണും ഒരു വേദിയില്‍ ഒന്നിച്ച് അണിനിരന്നത് (Modi Shares Dais With Chandrababu Naidu).
എന്‍ഡിഎ പ്രാദേശിക വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും ആന്ധ്രാപ്രദേശിന്‍റെ വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും പ്രജാഗളം (ജനശബ്‌ദം) എന്ന് പേരിട്ട സമ്മേളനത്തെ അഭിസംബോധന ചെയ്യവേ മോദി വ്യക്തമാക്കി. ആന്ധ്രാപ്രദേശില്‍ തന്‍റെ സര്‍ക്കാര്‍ പത്ത് ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി മോദി അവകാശപ്പെട്ടു. തന്‍റെ സര്‍ക്കാര്‍ പാവങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇക്കുറി നാനൂറ് കടക്കുമെന്ന മുദ്രാവാക്യം മോദി അവിടെയും ആവര്‍ത്തിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇക്കുറി എന്‍ഡിഎ സഖ്യം നാനൂറ് വോട്ടുകള്‍ കടക്കണമെന്നാണ് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം. 25 കോടി ജനതയെ ദാരിദ്ര്യത്തില്‍ നിന്ന് മുക്‌തരാക്കിയെന്നും മോദി അവകാശപ്പെട്ടു(PM Modi).
കഴിഞ്ഞ അഞ്ച് വര്‍ഷമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ ആന്ധ്രാപ്രദേശിന് കനത്ത ക്ഷതം സംഭവിച്ചിരിക്കുന്നു. ആന്ധ്രയുടെ പുനഃസൃഷ്‌ടിയാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. മോദി ഒരു പുരോഗമനവാദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുന്ന ഫലം സംസ്ഥാനത്തിന്‍റെ വിധി മാറ്റിക്കുറിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേവലം ഒരു വ്യക്തിയല്ലെന്നും മറിച്ച് ഇന്ത്യയെ വിശ്വഗുരുവാക്കി പരിവര്‍ത്തനം ചെയ്‌ത ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മവിശ്വാസത്തിന്‍റെയും ആത്മ സമര്‍പ്പണത്തിന്‍റെയും പര്യായമാണ് മോദി. ലോകം മുഴുവനും മഹത്തായ നേതാവായി അദ്ദേഹത്തെ അംഗീകരിക്കുന്നു. ദാരിദ്ര്യം ഇല്ലായ്‌മ ചെയ്യുക എന്നതാണ് മോദിയുടെ സ്വപ്‌നം. വികസിത ഭാരതം എന്ന സ്വപ്‌ന സാക്ഷാത്ക്കാരത്തിനുള്ള ശരിയായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയുടെ വരവും ബിജെപി-ടിഡിപി-ജനസേന പുനഃസഖ്യവും ആന്ധ്രയിലെ ജനങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ആനന്ദവും നല്‍കുമെന്ന് ജനസേന അധ്യക്ഷന്‍ പവന്‍ കല്യാണ്‍ പറഞ്ഞു. ആന്ധ്രയിലെ ജനത വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണത്തില്‍ അടിച്ചമര്‍ത്തലും പല വിധ നാശനഷ്‌ടങ്ങളും സഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014ല്‍ തിരുപ്പതി വെങ്കിടാചലപതിയുടെ അനുഗ്രഹത്താല്‍ ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചു. 2024ല്‍ വിജയവാഡയിലെ കനകദുര്‍ഗ ദേവി എന്‍ഡിഎ സര്‍ക്കാരിനെ രാജ്യത്ത് തിരികെ അധികാരത്തിലേറ്റുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി മദ്യ വ്യവസായി ആയി മാറി ജനങ്ങളെ കൊള്ളയടിക്കുന്നു. സംസ്ഥാനത്തെ മദ്യക്കടകളില്‍ പണം മാത്രമേ സ്വീകരിക്കൂ. രാജ്യം മുഴുവന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വന്‍തോതില്‍ നടക്കുമ്പോള്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ ഇടപാടുകളില്ല. ഇക്കുറി ടിഡിപി-ബിജെപി-ജനസേന എന്നിവയുടെ എന്‍ഡിഎ സഖ്യത്തെ ജനങ്ങള്‍ അധികാരത്തിലേറ്റും. ജനങ്ങള്‍ ധര്‍മ്മത്തിനും നീതിക്കും വിജയം നല്‍കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Also Read:ആന്ധ്രാപ്രദേശ് തെരഞ്ഞെടുപ്പ്; ബിജെപിയും ടിഡിപിയും ജനസേന പാര്‍ട്ടിയും സഖ്യത്തിന് ധാരണയായി
ടിഡിപിയുടെയും ജനസേനയുടെയും ബിെജെപിയുടെയും അനുയായികള്‍ യോഗത്തില്‍ പങ്കെടുത്തു. വിജയവാഡ, ഗുണ്ടൂര്‍, ഓണ്‍ഗോളെ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വാഹനങ്ങളിലാണ് പ്രവര്‍ത്തകര്‍ യോഗത്തിനെത്തിയത്. ബോപുഡിയിലെ പ്രജാഗളം യോഗം ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടുമെന്നും ടിഡിപിയും ബിജെപിയും ജനസേനയും ആവര്‍ത്തിച്ചു.