മഹാരാഷ്‌ട്ര:മഹാവികാസ് സഖ്യത്തിന്‍റെ ആദ്യ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഹരിതവിപ്ലവം, ക്ഷീരവിപ്ലവം, ബാങ്ക് ദേശസാൽക്കരണം എന്നിവയെല്ലാം രാജ്യത്ത് നടന്നിട്ടും മോദി 24 മണിക്കൂറും മതത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
'ഞങ്ങൾ അദാനിയുടെ സർക്കാരിനെയല്ല നയിക്കാന്‍ പോകുന്നത്, മറിച്ച് കർഷകരുടെയും ദരിദ്രരുടെയും തൊഴില്‍ രഹിതരുടെയും സർക്കാരിനെയാണ് നയിക്കാൻ പോകുന്നത്'- ഭണ്ഡാര-ഗോണ്ടിയ മണ്ഡലത്തിലെ റാലിക്കിടെ രാഹുല്‍ പറഞ്ഞു. അഗ്‌നിവീർ സൈന്യത്തിന്‍റെ പദ്ധതിയല്ല, മോദിയുടെ തലയില്‍ ഉദിച്ച പദ്ധതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നമ്മുടെ സർക്കാർ വരുമ്പോൾ അഗ്നിവീർ പദ്ധതി നിർത്തലാക്കുമെന്നാണ് അവര്‍ പറയുന്നത്. ഞങ്ങള്‍ ബാങ്കുകൾ ദേശസാൽക്കരിച്ചു, ഹരിതവിപ്ലവം നടത്തി, ക്ഷീരവിപ്ലവം നടത്തി, പക്ഷേ മോദി 24 മണിക്കൂറും മതത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
കഴിഞ്ഞ 10 വർഷമായി മോദി സർക്കാർ സംവിധാനത്തെ നടത്തിക്കൊണ്ട് പോകുന്നത് ഏതാനും ചില വ്യവസായികൾക്ക് വേണ്ടിയാണ്. മോദി സർക്കാർ വന്നാൽ അദാനിയുടെ ഓഹരി വില കൂടും. ഇത് അദാനിയുടെ സർക്കാരാണ്.
സിബിഐയുടെയും ഇഡിയുടെയും സമ്മർദ്ദത്തെ തുടർന്നാണ് മുംബൈ വിമാനത്താവളം അദാനിക്ക് കൈമാറിയത്. ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളും അവരാണ് നിയന്ത്രിക്കുന്നത്. ജനസംഖ്യയുടെ 70 ശതമാനത്തോളം പേരുടെ സമ്പത്ത് രാജ്യത്തെ 22 പേർക്ക് മാത്രമായുണ്ട്. എന്നാല്‍ മോദി ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഞങ്ങളുടെ പ്രകടനപത്രികയിൽ 5 പ്രധാന വാഗ്‌ദാനങ്ങളാണുള്ളത്. പ്രകടന പത്രിക വളരെ ആലോചിച്ചാണ് ഞങ്ങള്‍ രൂപകല്‌പന ചെയ്‌തത്. ആയിരക്കണക്കിന് ആളുകളുമായി കൂടിയാലോചിച്ച ശേഷമാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ പ്രകടന പത്രികയാണ് ഇതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്‌ത്രീകളുടെ അവകാശങ്ങൾക്കായി 8,500 രൂപ ശമ്പളം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യാ സഖ്യത്തിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചാലുടൻ ജാതി സെൻസസ് നടത്തുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ജാതിയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ പൗരന്മാര്‍ എത്രമാത്രം പ്രതിനിധീകരിക്കുന്നുണ്ടെന്ന് എന്ന കണക്കുകൾ രാജ്യത്തിന് മുന്നിൽ വെളിപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Also Read :തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഇടവേളയെടുത്ത് മധുരപലഹാരക്കട സന്ദർശിച്ച് രാഹുൽ ഗാന്ധി