ന്യൂഡൽഹി:ഈ വർഷം ഏപ്രിലിൽ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റി സസ്‌പെൻഡ് ചെയ്‌ത ഉത്പന്നങ്ങളുടെ വിൽപ്പനയും പരസ്യങ്ങളും പിൻവലിച്ചതായി പതഞ്ജലി ആയുർവേദ് ചൊവ്വാഴ്‌ച ( ജൂലൈ 09) സുപ്രീം കോടതിയെ അറിയിച്ചു. 14 ഉത്പന്നങ്ങളാണ് നിരോധിച്ചിരുന്നത്. 1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമം ലംഘിച്ചതിന് പതഞ്ജലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഹിമ കോഹ്‌ലി അധ്യക്ഷയായ ബെഞ്ച്.
പ്രമേഹം, ഹൃദ്രോഗങ്ങൾ, രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നി നിർദ്ദിഷ്‌ട രോഗങ്ങളും വൈകല്യങ്ങളും മാറും എന്ന് തെറ്റിധരിപ്പിക്കുന്ന പര്യസങ്ങള്‍ നിരോധിക്കുന്ന നിയമമാണ് ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്‌ട്. തുടര്‍ച്ചയായി ഈ നിയമം ലംഘിച്ചതിനാണ് പതഞ്ജലിയ്‌ക്ക് എതിരെ നടപടിയെടുത്തത്. നിരോധിച്ച ഉത്പന്നങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്‌തതിനെയും കോടതി ചോദ്യം ചെയ്‌തു. പതഞ്ജലിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബൽബീർ സിങ്ങിനോടാണ് എന്തുകൊണ്ടാണ് ആവര്‍ത്തിച്ച് നിയമലംഘനം നടത്തുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.