കേരളം

kerala

ETV Bharat / bharat

സക്കര്‍ബര്‍ഗിന്‍റെ പരാമര്‍ശം; മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് നിഷികാന്ത് ദുബെ - META OFFICIALS TO BE SUMMONED

കോവിഡ് മഹാമാരിക്ക് ശേഷം സര്‍ക്കാരിനെതിരെ എല്ലാ രാജ്യങ്ങളിലും ഒരു വികാരം ഉയര്‍ന്നിട്ടുണ്ടെന്നായിരുന്നു സക്കര്‍ബര്‍ഗിന്‍റെ പ്രസ്‌താവന. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ 2024ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമുണ്ടാക്കിയെന്നും അവരെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Nishikant Dubey  Chairman Parliamentary Committee  Communications and IT  mark Zukerberg
Meta CEO Mark Zuckerberg (AP)

By ETV Bharat Kerala Team

Published : Jan 14, 2025, 8:12 PM IST

ന്യൂഡല്‍ഹി;ഇന്ത്യന്‍ സര്‍ക്കാരിനെതിരെ വികാരം ഉണര്‍ത്തിവിടും വിധമുള്ള മെറ്റയുടെ പരാമര്‍ശങ്ങളില്‍ വിശദീകരണം നല്‍കാന്‍ മെറ്റ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുമെന്ന് വ്യക്തമാക്കി പാര്‍ലമെന്‍റിന്‍റെ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അധ്യക്ഷനും ബിജെപി എംപിയുമായ നിഷികാന്ത് ദുബെ. കമ്പനി ഖേദം പ്രകടിപ്പിക്കാത്ത പക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോവിഡ് മഹാമാരിക്ക് ശേഷം സര്‍ക്കാരിനെതിരെ രാജ്യത്ത് ഒരു വികാരം ഉയര്‍ന്നിട്ടുണ്ടെന്നായിരുന്നു സക്കര്‍ബര്‍ഗിന്‍റെ പ്രസ്‌താവന.

മെറ്റയുടെ പ്രസ്‌താവന ആശങ്കാജനകമാണെന്ന് എഎന്‍ഐയോട് സംസാരിക്കവേ നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജനാധിപത്യത്തില്‍ സക്കര്‍ബര്‍ഗ് ഇടപെടുന്നു എന്നതിന്‍റെ സൂചനയാണ് ഇത്തരം പ്രസ്‌താവനകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ പുരോഗമന സ്വഭാവമുള്ള ഒരു ജനാധിപത്യ രാജ്യമാണ്. 140 കോടി ജനങ്ങളുള്ള രാജ്യം. തുടര്‍ച്ചയായി മൂന്നാം തവണയും ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് സ്വാതന്ത്ര്യത്തിന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ്. കഴിഞ്ഞ തവണ ഭരണകക്ഷിയുടെ അംഗസംഖ്യ 303 ആയിരുന്നു. ഇപ്പോഴിത് 298 ആണ്. പ്രതിപക്ഷമാകട്ടെ കേവലം 199 മാത്രമാണ്. എന്‍ഡിഎ ഏതാണ്ട് 300ലേക്ക് എത്തി.

മാര്‍ക്ക് സക്കര്‍ ബര്‍ഗിന്‍റെ പ്രസ്‌താവനകള്‍ അതീവ ഗൗരവമുള്ളതാണ്. കാരണം ലോകത്തെല്ലായിടത്തും സാമൂഹ്യ മാധ്യമങ്ങള്‍ വഴി സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അനാവശ്യ പ്രസ്‌താവനകള്‍ വരുന്നുണ്ട്.

ഓസ്‌ട്രേലിയയില്‍ പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം തടഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയമെന്നാല്‍ അത് സാമൂഹ്യ ജീവിതമാണ്. അതിനെയും ഇത്തരം പ്രസ്‌താവനകള്‍ ബാധിക്കും.

ഇത്തരം സംഭവങ്ങള്‍ ലോകത്ത് എല്ലായിടവും നടക്കുന്നുണ്ട്. പ്രത്യേകിച്ച് നിര്‍മ്മിത ബുദ്ധിയുടെ ഈ കാലത്ത്, ഇക്കാര്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായി നടക്കുന്നു. സക്കര്‍ബര്‍ഗ് ഇന്ത്യയുടെ ജനാധിപത്യത്തില്‍ ഇടപെടുന്നു. അത് വഴി ബിജെപിക്കും എന്‍ഡിഎയ്ക്കും പരാജയമുണ്ടായെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നു.

140 കോടി ജനതയുടെ പ്രതിനിധികളാണ് ഇന്ത്യന്‍ പാര്‍ലമെന്‍റിലുള്ളത്. 140 കോടി ജനതയാണ് നരേന്ദ്ര മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടര്‍ച്ചയായ മൂന്നാം വട്ടവും തെരഞ്ഞെടുത്തിട്ടുള്ളത്. ഒരു പ്രധാനമന്ത്രിക്കും അവകാശപ്പെടാനാകാത്ത നേട്ടമാണിത്.

മെറ്റയുടെ അധികൃതരെ വിളിച്ച് വരുത്തും. ഒന്നുകില്‍ അവര്‍ മാപ്പ് പറയണം. അല്ലെങ്കില്‍ സമാനമായ നടപടികള്‍ കൈക്കൊള്ളണം. അല്ലെങ്കില്‍ തങ്ങളുടെ സമിതി നിശ്ചയിക്കുന്ന നിയമപരമായ നടപടികളടക്കം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമിതി നാളെ മുതല്‍ ഈ മാസം ഇരുപത് വരെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ സന്ദര്‍ശനം നടത്താനായി പോകുകയാണ്. അത് കൊണ്ട് 20നും 24നുമിടയില്‍ ഹാജരാകാനാകും നിര്‍ദേശിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായി തീയതി സമിതി കൂടിയാലോചിച്ച് തീരുമാനിക്കും.

കോവിഡ് മഹാമാരിക്ക് പിന്നാലെ ലോകത്തെ മിക്ക സര്‍ക്കാരുകളിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്‌ടമായെന്നായിരുന്നു മാര്‍ക്ക് സക്കര്‍ ബര്‍ഗ് പറഞ്ഞത്. അമേരിക്കന്‍ ടിവി ചാനലിലെ അവതാരകനായ ജോ റോഗന് നല്‍കിയ ഒരു പോഡ്‌കാസ്റ്റിലായിരുന്നു സക്കര്‍ബര്‍ഗിന്‍റെ പരാമര്‍ശം.

2024ല്‍ ലോകമെമ്പാടും തെരഞ്ഞെടുപ്പുകള്‍ നടന്നു. ഇന്ത്യയെ പോലെ നിരവധി രാജ്യങ്ങളില്‍ ആ സര്‍ക്കാരുകള്‍ക്കെല്ലാം തിരിച്ചടിയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഒരു പരമാധികാര രാഷ്‌ട്രമാണെന്നും ഒരു രാജ്യത്തിനും പാര്‍ലമെന്‍റിന്‍റെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാനാകില്ലെന്നും ദുബെ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്‍റ് അടുത്തിടെ കൈക്കൊണ്ട തീരുമാനത്തെ പോലും അദ്ദേഹം ചോദ്യം ചെയ്‌തെന്നും ദുബെ ചൂണ്ടിക്കാട്ടി.

മെറ്റയ്ക്കെതിരെ നടപടികളെടുക്കാന്‍ അധികാരമുണ്ടോയെന്ന ചോദ്യത്തിന്, ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ അധികാരങ്ങളാണ് പാര്‍ലമെന്‍ററി സമിതിക്കുമുള്ളതെന്ന് അദ്ദേഹം മറുപടി നല്‍കി. ഇന്ത്യന്‍ പാര്‍ലമെന്‍റിന് പരമാധികാരമുണ്ട്.

അത് കൊണ്ട് തന്നെ ഒരു രാജ്യത്തിനും പാര്‍ലമെന്‍റിനെ ചോദ്യം ചെയ്യാനാകില്ല. ഇന്ത്യന്‍ പാര്‍ലമെന്‍റിന് ആവശ്യമെങ്കില്‍ എന്ത് തീരുമാനവും കൈക്കൊള്ളാനാകുമെന്നും ദുബെ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ നിങ്ങള്‍ ഒരു പ്രസാധകനാണെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെങ്കില്‍ അങ്ങോട്ട് പണം നല്‍കേണ്ടതുണ്ട്. അമേരിക്കന്‍ പാര്‍ലമെന്‍റ് നികുതി ചുമത്തിയാല്‍ നിങ്ങള്‍ക്ക് താത്‌പര്യമില്ലെങ്കിലും അത് അടയ്ക്കേണ്ടി വരും. അത് അമേരിക്കയും ഓസ്‌ട്രേലിയയുമെല്ലാം പരമാധികാര രാജ്യങ്ങളായത് കൊണ്ടാണ്.

ബ്രിട്ടനും നമ്മെ പോലെ പരമാധികാര രാജ്യമാണ്. ഇന്ത്യന്‍ പാര്‍ലമെന്‍ററി സമിതികള്‍ക്കും ഇതേ അധികാരമുണ്ട്. എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ ഈ സമിതികളിലുണ്ട്. ഇവരുടെ തീരുമാനം അന്തിമമായിരിക്കും. സര്‍ക്കാര്‍ ഇതില്‍ നടപടികളെടുക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സക്കര്‍ബര്‍ഗിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. പരാമര്‍ശങ്ങള്‍ വസ്‌തുതാ വിരുദ്ധമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ ജനത മുന്‍സര്‍ക്കാരില്‍ കൂടുതല്‍ വിശ്വാസം കാട്ടുകയാണ് ഉണ്ടായത്.

കോവിഡ് മഹാമാരിക്കാലത്ത് ലോകമെമ്പാടുമായി 8000 ലക്ഷം പേര്‍ക്ക് ഇന്ത്യ സൗജന്യമായി ഭക്ഷണമെത്തിച്ചു. 220 കോടി പേര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കി.

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മറ്റ് സഹായങ്ങളുമെത്തിച്ചു എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയെ ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറ്റാനും മോദി സര്‍ക്കാരിന് സാധിച്ചു.

മികച്ച ഭരണത്തിനും പൊതു വിശ്വാസത്തിനുമുള്ള തെളിവാണ് മൂന്നാംവട്ടവും അധികാരത്തില്‍ വന്ന മോദി സര്‍ക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സക്കര്‍ബര്‍ഗ് തന്നെ ഇത്തരത്തില്‍ ഒരു തെറ്റായ വിവരം പങ്കുവച്ചതില്‍ മെറ്റയ്ക്ക് നിരാശയുണ്ട്. നമ്മള്‍ വസ്‌തുതകളും വിശ്വാസ്യതയും ഉറപ്പാക്കണമെന്നും അശ്വിനി വൈഷ്‌ണവ് എക്‌സില്‍ കുറിച്ചു.

Also Read:മെറ്റയ്‌ക്ക് കിട്ടിയത് എട്ടിന്‍റെ പണി: 213 കോടി പിഴ ചുമത്തി സിസിഐ

ABOUT THE AUTHOR

...view details